സിനിമയില്‍ 15 വര്‍ഷം തികച്ചു എന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് നടന്‍ ആസിഫ് അലി.
ഇക്കാലയളവിനുള്ളില്‍ തനിക്ക് ഒരുപാട് അപ്‌ഡേഷനുകള്‍ സംഭവിച്ചെന്നും ഒന്നും ബോധപൂര്‍വമുണ്ടായതല്ലെന്നും ആസിഫ് അലി പറയുന്നു.
സിനിമയില്‍ വന്ന് ഇത്രയും വര്‍ഷം പിന്നിടുമ്പോള്‍ എടുത്തു പറയാന്‍ തോന്നുന്ന മാറ്റം എന്തായിരിക്കുമെന്ന ചോദ്യത്തിനും ആസിഫ് മറുപടി നല്‍കി.
പെട്ടെന്ന് ദേഷ്യം വരുന്ന ഒരാളായിരുന്നു ഞാന്‍. പ്രായത്തിന്റേതായ പ്രശ്‌നമായിരുന്നു അത്. പക്ഷേ ഇപ്പോള്‍ എന്തും ക്ഷമയോടെ കേട്ട് പക്വതയോടെ പെരുമാറാന്‍ പഠിച്ചു.
സഞ്ചരിക്കണം, ലോകം കാണണം, ആളുകളോട് സംസാരിക്കണം അത് നിങ്ങളുടെ കാഴ്ചപ്പാടും ജീവിതവും മാറ്റുമെന്ന് പറഞ്ഞു കേട്ടിട്ടില്ലേ. അത് നേരിട്ട് അറിഞ്ഞ ആളാണ് ഞാന്‍.
സിനിമയ്ക്കായും അല്ലാതെയും ഒരുപാട് യാത്രകള്‍ ചെയ്തു. ലോകം കണ്ടു. എന്റെ ലോകം വലുതായപ്പോള്‍ സ്വഭാവത്തിലും മാറ്റം വന്നു. എടുത്തു ചാട്ടവും ദേഷ്യവും എല്ലാം മാറി. പക്വത എന്നാല്‍ ക്ഷമയാണെന്ന് തിരിച്ചറിഞ്ഞത് ഇപ്പോഴാണ്,’ ആസിഫ് പറഞ്ഞു.
23ാം വയസിലാണ് ഞാന്‍ സിനിമയിലേക്ക് എത്തുന്നത്. ഇപ്പോള്‍ 38 ആയി. അടുത്തിടെ ഞാനുമായി ബന്ധപ്പെട്ടുണ്ടായ ആ വിവാദം തികച്ചും അവിചാരിതമായിരുന്നു.
തുടര്‍ന്നുള്ള പത്ര സമ്മേളനത്തിലെ എന്റെ മറുപടികളും മുന്‍കൂട്ടി തയ്യാറാക്കിയതല്ല. സത്യസന്ധമായാണ് ഞാന്‍ സംസാരിച്ചത്. എങ്ങനെ ഇത്രയും പക്വത വന്നുവെന്ന് പലരും വിളിച്ചു ചോദിച്ചു.
ചിലര്‍ ആരാണ് എന്റെ റോള്‍ മോഡല്‍ എന്നും അന്വേഷിച്ചു. ബാപ്പ ഷൗക്കത്തലിയാണ് റോള്‍ മോഡല്‍ എന്നാണ് അവര്‍ക്ക് നല്‍കിയ മറുപടി. ബാപ്പ കറകളഞ്ഞ രാഷ്ട്രീയക്കാരനാണ്.
അദ്ദേഹത്തെ കാണാന്‍ ആളുകള്‍ വീട്ടില്‍ വരുന്നതും അവരോട് ബാപ്പ സംസാരിക്കുന്നതും ഞാന്‍ ചെറുപ്പത്തിലേ കാണുന്നുണ്ട്. അദ്ദേഹത്തിന്റെ പെരുമാറ്റം മാതൃകാപരമാണ്,’ ആസിഫ് പറഞ്ഞു.
Content Highlight: Actor Asif Ali About His 15 years in cinema