ബൈജു ഉണ്ടെങ്കില്‍ ഞാന്‍ ഇല്ലെന്ന് ബിജു മേനോന്‍, ഇതോടെ ഞാന്‍ കുഴപ്പത്തിലായി: മനോജ് കെ. ജയന്‍

താരസംഘടനായ അമ്മയുടെ സ്‌റ്റേജ് പരിപാടിയും അതുമായി ബന്ധപ്പെട്ട ഒരു തമാശയും പങ്കുവെക്കുകയാണ് നടന്മാരായ ബൈജുവും മനോജ് കെ. ജയനും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന പരിപാടിയിലെ രസകരമായ ഒരു സംഭവത്തെ കുറിച്ചാണ് ഇരുവരും സംസാരിച്ചത്.

ഒറ്റയ്ക്ക് പാടാനായി ഒരു പാട്ട് താന്‍ പ്രാക്ടീസ് ചെയ്‌തെങ്കിലും ആരോ ഒരാള്‍ തനിക്ക് പാര വെച്ചെന്നും ആ പാട്ട് ഒറ്റയ്ക്ക് പാടാനുളള അവസരം തനിക്ക് ലഭിച്ചില്ലെന്നും പറഞ്ഞാണ് ബൈജു സംസാരം തുടങ്ങിയത്. പാട്ടില്‍ നിന്ന് മാറ്റിയതോടെ ബൈജു കലിപ്പിലായതിനെ കുറിച്ചും ഇതിനിടെ ബിജു മേനോന്‍ എടുത്ത നിലപാട് തനിക്ക് തലവേദനയായതിനെ കുറിച്ചുമൊക്കെ മനോജ് കെ. ജയനും പറയുന്നുണ്ട്.

‘ എങ്കേയും എപ്പോതും എന്ന ഒരു ഒരു തമിഴ് പാട്ട് പാടാനാണ് ഞാന്‍ ഇരുന്നത്. എന്നാല്‍ എനിക്ക് ഒരു വലിയ പാര വീണു. ആരോ പാര വെച്ചതാണ്. ഞാന്‍ ഒറ്റയ്ക്ക് ഒരു പാട്ട് പാടമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. റിഹേഴ്‌സല്‍ തുടങ്ങി, ആരും അങ്ങനെ പ്രത്യേകിച്ച് അഭിപ്രായമൊന്നും പറയുന്നില്ല.

ടി.കെ രാജീവ് കുമാറാണ് പരിപാടി സംവിധാനം ചെയ്യുന്നത്. പുള്ളി എന്റെ അടുത്ത് വന്നിട്ട് അതേ, സമയത്തിന്റെ ഒരു പ്രശ്‌നമുണ്ട്, ഈ പാട്ട് ഉള്‍പ്പെടുത്താന്‍ പറ്റുമോ എന്നറിയില്ല എന്ന് പറഞ്ഞു, ഇനി ചിലപ്പോള്‍ അന്ന് എനിക്ക് വലിയ മാര്‍ക്കറ്റൊന്നും ഇല്ലാത്തതുകൊണ്ടുമാകാം, അങ്ങനെ ഞാന്‍ അത് വിട്ടു. ഇനി പാട്ടുമില്ല ഒന്നുമില്ല എന്ന നിലപാടിലെത്തി.

ഞാന്‍ പിന്മാറി. പിന്നെ നോക്കുമ്പോള്‍ വേറൊരു പ്ലാന്‍. മനോജും ബിജു മേനോനും കൂടി ചിലമ്പൊലിക്കാറ്റേ എന്ന പാട്ട് പാടുന്നുണ്ട്. എന്നോട് പറഞ്ഞു, ആ പാട്ടില്‍ നിങ്ങള്‍ കൂടി നില്‍ക്കണം ഒരു രസമായിരിക്കുമെന്ന്. എനിക്ക് വലിയ താത്പര്യമുണ്ടായിരുന്നില്ല. ഒറ്റയ്ക്ക് ഒരു പാട്ട് പാടാനായിരുന്നു താത്പര്യം എന്ന് പറഞ്ഞു, ഒടുവില്‍ ഞാന്‍ ഇവരുടെ ഒപ്പം പോയി,’ ബൈജു പറഞ്ഞു.

തുടര്‍ന്ന് സംസാരിച്ചത് മനോജ് കെ. ജയനാണ്. ‘ ഞാനും ബിജു മേനോനും ഹാപ്പിയായിട്ട് ഈ പാട്ടിന്റെ പ്രാക്ടീസ് എല്ലാം നടത്തുകയായിരുന്നു. ഞങ്ങള്‍ ഇത് പാടി പ്രാക്ടീസ് ചെയ്യുന്ന സമയത്ത് തന്നെയായിരുന്നു ബൈജുവും എങ്കേയും എപ്പോതും പാടി പ്രാക്ടീസ് ചെയ്യുന്നത്. ഇവന്‍ റിഹേഴ്‌സലില്‍ ഇങ്ങനെ പാടി തകര്‍ക്കുകയാണ്.

ഞാന്‍ അഞ്ച് മിനുട്ട് അവിടെ നിന്ന് കേട്ടു. ഇത് ഒരു നടയ്ക്ക് പോകുന്ന ലക്ഷണമില്ലെന്ന് തോന്നി. ഇവനെ എടുത്ത് കളയുമെന്ന് എനിക്ക് അപ്പോഴേ തോന്നി. പുള്ളി എങ്കേയും എപ്പോതും തിരുവനന്തപുരം സ്ലാംഗില്‍ പാടുകയാണ്. ഞാന്‍ കരുതിയതുപോലെ തന്നെ ഇവനെ എടുത്ത് കളഞ്ഞു.

അതില്‍ കലിപ്പടിച്ചു നടക്കുകയാ ഇവന്‍. പിറ്റേ ദിവസം എനിക്കൊരു കോള്‍. മനോജേ, നിങ്ങളുടെ ചിലമ്പൊലി കാറ്റില്‍ ബൈജുവിനെ കൂടി കൂട്ടണമെന്നായിരുന്നു അത്.

ഞങ്ങളുടെ സൗഹൃദത്തിന് ഒന്നും സംഭവിച്ചിട്ടില്ല, അന്നദ്ദേഹം പറയാൻ ശ്രമിച്ച കാര്യങ്ങൾ വേറെ രീതിയിൽ മാറിയതാവാം: മോഹൻലാൽ

ബിജുവിന് അപ്പോള്‍ തന്നെ മുട്ടിടിച്ച് തുടങ്ങി, അവന്‍ വന്നാ ശരിയാകത്തില്ല അവനാണെങ്കില്‍ റിഹേഴ്‌സലിനും വരില്ല എന്ന് പറഞ്ഞു. എടാ ബൈജു റിഹേഴ്‌സലിന് വാടാ എന്ന് പറഞ്ഞ് വിളിച്ചാ,, നീ പോടാ എന്നാവും മറുപടി.

ഒടുവില്‍ ബിജു മേനോന്‍ എന്നോട്, എന്റെ പൊന്നു മനോജേ നീ വേണേല്‍ ഒറ്റയ്ക്ക് പാടിക്കോ ബൈജു ഉണ്ടേല്‍ ഞാനില്ല എന്ന് പറഞ്ഞു. അവസാനം എനിക്കൊരു വഴി തെളിഞ്ഞു. ബൈജു പാടുമ്പോള്‍ അവന്റെ മൈക്കിന്റെ വോളിയം കുറക്കുക. പരിപാടി തുടങ്ങി. ഞാന്‍ നേരെ മൈക്ക് ഓപ്പറേറ്ററുടെ അടുത്ത് പോയി മൂന്ന് മൈക്ക് തരണം ബൈജുവിന്റ മൈക്കിന്റെ വോളിയം കുറച്ചു വെക്കണമെന്ന് പറഞ്ഞു.

മലയാളത്തിലെ നിത്യഹരിത നായകന്‍ അദ്ദേഹം; യൗവനത്തിന്റെ തിളക്കത്തില്‍ നില്‍ക്കുന്ന നടന്‍: സിബി മലയില്‍

ഒടുവില്‍ പാട്ട് തുടങ്ങിയപ്പോള്‍ ഞാന്‍ പാടുന്നത് ഞാന്‍ കേള്‍ക്കുന്നില്ല. ബൈജുവിന്റെ ശബ്ദം ഇങ്ങനെ അടിച്ചുകേറുകയാ..സംഭവം ആ വോളിയം കുറച്ച മൈക്ക് എനിക്കായിപ്പോയി കിട്ടിയത്. ശബ്ദമേ ഇല്ല.

മാത്രമല്ല അതിനകത്ത് ഒരു കോറസുണ്ട് അവിടെ ഇവന്‍ പാടുകയാ ‘മാരിയപ്പാ കൂരിയപ്പാ ചെല്ലപ്പാ’ എന്ന്. ഇത് ഇവന്‍ സ്റ്റേജില്‍ പാടിയാലോന്ന് പേടിച്ചിട്ടായിരുന്നു ഞാന്‍ മൈക്കിന്റെ വോളിയം കുറക്കാന്‍ പറഞ്ഞത്. അത് ഇങ്ങനേം ആയി, മനോജ് കെ. ജയന്‍.

ഇതോടെ ഇവരുടെ പാട്ട് തകര്‍ക്കണമെന്ന് തനിക്കൊരു പ്ലാന്‍ ഉണ്ടായിരുന്നെന്നും വലിയ പാട്ടുകാരാണെന്നാണ് രണ്ട് പേരുടേയും വിചാരമെന്നുമായിരുന്നു ബൈജുവിന്റെ മറുപടി.

Content Highlight: Actor Manoj K Jayan Share a Funny Experiance with Baiju