പണ്ട് സന്ദേശം സിനിമ പുറത്തിറങ്ങിയപ്പോള്‍ ഇഷ്ടം പോലെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെന്ന് പറയുകയാണ് ശ്രീനിവാസന്. അതിന്റെ ഭാഗമായി തനിക്ക് ഒരുപാട് ഊമക്കത്തുകള്‍ വന്നിരുന്നെന്നും അദ്ദേഹം പറയുന്നു. വണ്‍ റ്റു ടോക്ക്സിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്.
‘സന്ദേശം എന്ന സിനിമ പുറത്തിറങ്ങിയപ്പോള്‍ അന്നുതന്നെ ഇഷ്ടം പോലെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി എനിക്ക് ഒരുപാട് ഊമക്കത്തുകള്‍ വന്നിരുന്നു. പേരും മേല്‍വിലാസവും ഇല്ലാത്ത രീതിയിലുള്ള കത്തുകളാണ് വന്നത്.
അതില്‍ ഒരുത്തന് എഴുതിയത് ‘എടാ, നീ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം ഞങ്ങള്‍ വാങ്ങിച്ചു തന്നതാടാ’ എന്നായിരുന്നു. അതേത് സ്വാതന്ത്ര്യമാണെന്ന് എനിക്ക് മനസിലായിരുന്നില്ല. ആ സ്വാതന്ത്ര്യം ഞാന്‍ അവിടെയൊക്കെ തപ്പി നോക്കിയിട്ടും കണ്ടില്ല. പുള്ളി ശരിക്കും ആ ഊമക്കത്തില്‍ എഴുതിയ കാര്യമാണ് അത്,’ ശ്രീനിവാസന് പറയുന്നു.
ശ്രീനിവാസന്റെ രചനയില്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു സന്ദേശം. ശ്രീനിവാസന്, ജയറാം, തിലകന്, കവിയൂര്‍ പൊന്നമ്മ, ഒടുവില്‍ ഉണ്ണികൃഷ്ണന്, സിദ്ദിഖ്, മാതു തുടങ്ങിയ മികച്ച താരനിര ഒന്നിച്ച സിനിമയായിരുന്നു ഇത്.
Also Read: ലാലേട്ടനൊപ്പമുള്ള ആ ഷോട്ട് എടുക്കുന്ന ദിവസം ഞാൻ കിളി പോയ അവസ്ഥയിലായിരുന്നു: കല്യാണി പ്രിയദർശൻ
രാഷ്ട്രീയ – കുടുംബ ആക്ഷേപഹാസ്യ ചിത്രത്തിലൂടെ അന്ധമായ രാഷ്ട്രീയം കുടുംബബന്ധങ്ങളേയും സമൂഹത്തേയും എങ്ങനെ ദോഷകരമായി സ്വാധീനിക്കുന്നു എന്ന സന്ദേശമാണ് നല്‍കിയത്. വലിയ വിജയമായ ചിത്രം 1994ല്‍ സംവിധായകന് തുളസിദാസ് തമിഴില്‍ വീട്ടൈ പാര് നാട്ടൈ പാര് എന്ന പേരില്‍ റീമേക്ക് ചെയ്തിരുന്നു.
Content Highlight: Actor Sreenivasan Talks About His Sandesham Movie