ഡിജോക്ക് എന്നോട് വൈരാഗ്യമുണ്ടോ എന്ന് മലയാളി ഫ്രം ഇന്ത്യയിലെ ആ ഡയലോഗ് വായിച്ചപ്പോള്‍ തോന്നി: വിജയകുമാര്‍

സഹനടനായി കരിയര്‍ തുടങ്ങി പിന്നീട് നായകനടനായും തിളങ്ങിയ നടനാണ് വിജയകുമാര്‍. ഷാജി കൈലാസ്, ജോഷി എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ വിജയകുമാറിനെ സോഷ്യല്‍ മീഡിയയുടെ വരവോടെ ചീറ്റിങ് സ്റ്റാര്‍ എന്ന വിളിപ്പേര് നല്‍കി. നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യയിലും വിജയകുമാര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Also Read ഹൃദയം ക്രിഞ്ചാണോയെന്ന് ചോദിച്ചപ്പോൾ അവൾ സത്യസന്ധമായി തുറന്ന് പറഞ്ഞു: വിനീത് ശ്രീനിവാസൻ

സോഷ്യല്‍ മീഡിയയിലെ ചീറ്റിങ് സ്റ്റാര്‍ റഫറന്‍സുള്ള ഡയലോഗ് മലയാളി ഫ്രം ഇന്ത്യയില്‍ ഉണ്ടായിരുന്നു. തിയേറ്ററില്‍ കൂട്ടച്ചിരി ഉണര്‍ത്തിയ ആ ഡയലോഗിനെക്കുറിച്ച് സംസാരിക്കുകയാണ് വിജയകുമാര്‍. തന്റെ രണ്ടുമൂന്ന് സീന്‍ ആ സിനിമയില്‍ ഒഴിവാക്കിയെന്നും ഡബ്ബിങ്ങിന്റെ സമയത്താണ് ആ ഡയലോഗ് കൂട്ടിച്ചേര്‍ത്തതെന്നും വിജയകൂമാര്‍ പറഞ്ഞു.

തന്നെ മനഃപൂര്‍വം കളിയാക്കുകയാണോ എന്ന് ഡിജോയോട് ചോദിച്ചെന്നും എല്ലാവരെയും ട്രോളുന്നുണ്ടെന്ന് ഡിജോ മറുപടി തന്നെന്നും വിജയകുമാര്‍ പറഞ്ഞു. എന്നാല്‍ ബാക്കി സീനുകള്‍ ഒഴിവാക്കി ഈയൊരു ഡയലോഗ് പ്രത്യേകം ഉള്‍പ്പെടുത്തിയത് കണ്ടപ്പോള്‍ ഡിജോക്ക് തന്നോട് വ്യക്തിപരമായി വല്ല ദേഷ്യവും ഉണ്ടാകുമോ എന്ന് സംശയിച്ചെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ഹണ്ടിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു വിജയകുമാര്‍.

Also Read ലാലേട്ടന്റെ ആ ചിത്രം കണ്ടപ്പോൾ ഒരിക്കലും തീരരുതേ എന്ന് തോന്നി, പക്ഷെ സിനിമ പരാജയപ്പെട്ടു: വിപിൻ ദാസ്

‘ചീറ്റിങ് സ്റ്റാര്‍ എന്ന ട്രോളൊക്കെ ഈയടുത്താണ് ശ്രദ്ധിക്കുന്നത്. ലേലം എന്ന സിനിമയില്‍ മാത്രമേ അങ്ങനെയൊരു സംഗതി ചെയ്യുന്നുള്ളൂ. പക്ഷേ ഇപ്പോഴും ആ ടാഗ് ആള്‍ക്കാര്‍ എനിക്ക് തരുന്നുണ്ട്. മലയാളി ഫ്രം ഇന്ത്യയില്‍ ചീറ്റിങ് സ്റ്റാര്‍ റഫറന്‍സ് മാത്രമല്ല, നരസിംഹത്തിലെ റഫറന്‍സും ഉണ്ട്. നിവിന്‍ പോളിയുടെ ഇന്‍ട്രോയൊക്കെ അങ്ങനെയായിരുന്നു.

സിനിമയുടെ ഡ്യൂറേഷന്‍ കാരണം എന്റെ ഒന്നുരണ്ട് സീനുകള്‍ കട്ട് ചെയ്തിട്ടുണ്ടായിരുന്നു. ഡബ്ബിങ്ങിന് ചെന്നപ്പോള്‍ ഡിജോ ഇക്കാര്യം എന്നോട് പറഞ്ഞു. അതുമാത്രമല്ല, ആ സീനില്‍ എന്റെ ഡയലോഗ് അങ്ങനെയല്ലായിരുന്നു. ഡബ്ബിങ്ങിന്റെ സമയത്താണ് ഡിജോ ഡയലോഗ് മാറ്റിയിട്ടുണ്ടെന്ന് പറഞ്ഞത്. അത് വായിച്ചപ്പോള്‍ അവന് എന്നോട് പേഴ്‌സണലായി എന്തെങ്കിലും ദേഷ്യമുണ്ടെന്ന് വിചാരിച്ചു. അവനോട് ചോദിച്ചപ്പോള്‍ എന്നെ മാത്രമല്ല, എല്ലാവരെയും ട്രോളുന്നുണ്ടെന്ന് പറഞ്ഞു. ആ സീന്‍ മാത്രം ഹൈലൈറ്റാകുമെന്ന് അപ്പോള്‍ വിചാരിച്ചില്ല,’ വിജയകുമാര്‍ പറഞ്ഞു.

Content Highlight: Actor Vijayakumar about cheating star reference in Malayali From India movie