മമ്മൂട്ടി ചിത്രത്തിലെ വില്ലന്‍ വേഷം; അവര്‍ ഇന്നും എന്നെ വില്ലനായി കാണുന്നു: വിജയന്‍ വി. നായര്‍

ചിലര്‍ക്ക് ഇന്നും തന്നെ കാണുമ്പോള്‍ മമ്മൂട്ടി ചിത്രമായ പാലേരി മാണിക്യത്തിലെ കുന്നുമ്മല്‍ വേലായുധനെ ആണ് ഓര്‍മ വരികയെന്ന് പറയുകയാണ് നടന്‍ വിജയന്‍ വി. നായര്‍. പക്ഷെ താന്‍ ജീവിതത്തില്‍ അങ്ങനെയുള്ള ഒരാളല്ലെന്നും അഭിനയിക്കുമ്പോള്‍ ആ കഥാപാത്രമായി മാറിയേ പറ്റുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ത്രീകള്‍ താന്‍ യഥാര്‍ത്ഥത്തില്‍ ഒരു വില്ലനാണോ എന്ന് സംശയിക്കുന്നുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. പാലേരി മാണിക്യത്തിന്റെ റീ റിലീസിന്റെ ഭാഗമായി വണ്‍ ടു ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയന്‍ വി. നായര്‍.

Also Read: ആ ചിത്രത്തിന് ശേഷം ഫഹദ് എന്റെ മുന്നിലിരുന്ന് ഒരുപാട് കരഞ്ഞു, പക്ഷെ അവനൊരു വാശി ഉണ്ടായിരുന്നു: സ്വര്‍ഗചിത്ര അപ്പച്ചന്‍

‘ചിലര്‍ക്ക് എന്നെ കാണുമ്പോള്‍ കുന്നുമ്മല്‍ വേലായുധന്‍ ചെയ്ത കാര്യങ്ങള്‍ ഓര്‍മ വരാം. പക്ഷെ ഞാന്‍ ജീവിതത്തില്‍ അങ്ങനെയുള്ള ഒരാളല്ല. അഭിനയിക്കുമ്പോള്‍ നമ്മള്‍ ആ കഥാപാത്രമായി മാറിയേ പറ്റുള്ളൂ. ആ മാറ്റം കൂടി പോയെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ആ സിനിമക്ക് ശേഷം വീട്ടില്‍ പോയപ്പോള്‍ അവര് പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല.

പണ്ട് ഞാന്‍ കുറേ സീരിയലുകളില്‍ അഭിനയിച്ചിരുന്നു. കായംകുളം കൊച്ചുണ്ണിയില്‍ ഒന്നര കൊല്ലം അഭിനയിച്ചു. ആ സീരിയലില്‍ ഞാന്‍ വില്ലനായിരുന്നു. പാലേരി മാണിക്യത്തിലും ഞാന്‍ ഒരു വില്ലന്‍ തന്നെയാണ്. അതുകൊണ്ട് തന്നെ പൊതുവെ പ്രേക്ഷകരില്‍, പ്രത്യേകിച്ചും സ്ത്രീ ജനങ്ങള്‍ക്കിടയില്‍ എന്റെ സ്വഭാവം അതാണോ എന്ന സംശയമുണ്ട്. ഞാന്‍ യഥാര്‍ത്ഥത്തില്‍ ഒരു വില്ലനാണോ എന്ന് പലരും സംശയിച്ചു.

ആ ദൃഷ്ടിയോട് കൂടെയാണ് പലപ്പോഴും എന്നെ കണ്ടിട്ടുള്ളത്. ഇപ്പോഴും അങ്ങനെ തന്നെയാണ് കാണുന്നത്. പാലേരി മാണിക്യത്തിന് ശേഷം ഞാന്‍ ഒരുപാട് സിനിമകള്‍ ചെയ്തു. പക്ഷെ ഇപ്പോഴും ആളുകള്‍ എന്നെ കാണുന്നത് കുന്നുമ്മല്‍ വേലായുധനായാണ്. ഞാന്‍ അറിയപ്പെടുന്നതും അങ്ങനെയാണ്. അത്രയും പവര്‍ഫുള്ളായ കഥാപാത്രമായിരുന്നു അത്,’ വിജയന്‍ വി. നായര്‍ പറയുന്നു.

Also Read: അന്ന് വലിയ നിരാശയോടെ അവിടെ നിന്ന് പെട്ടിയും കിടക്കയുമായി മടങ്ങി, ഇന്ന് അതിന് മറുപടി : സ്വാസിക

രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച് 2009ല്‍ പുറത്തിറങ്ങിയ മിസ്റ്ററി ചിത്രമായിരുന്നു പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ. ടി.പി. രാജീവന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി എത്തിയ ചിത്രമാണിത്.

കേരളത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ കൊലപാതക കേസിന്റെ യഥാര്‍ത്ഥ കഥ പറഞ്ഞ ചിത്രത്തില്‍ മമ്മൂട്ടിയും ശ്വേത മേനോനും മൈഥിലിയും ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മമ്മൂട്ടി മൂന്ന് വേഷങ്ങളില്‍ എത്തിയ ചിത്ര കൂടിയായിരുന്നു പാലേരി മാണിക്യം.

Content Highlight: Actor Vijayan V Nair Talks About Paleri Manikyam Oru Pathirakolapathakathinte Katha