വിജയരാഘവന്റെ കരിയറില്‍ എന്നും ഓര്‍ക്കപ്പെടുന്ന ഒരു കഥാപാത്രാണ് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിങ് എന്ന സിനിമയിലെ റാംജിറാവ്.
സിനിമയിലേക്ക് സിദ്ദിഖും ലാലും വിളിച്ചപ്പോള്‍ ആ കഥാപാത്രം തനിക്ക് പറ്റുന്നതല്ലെന്ന് തോന്നിയിരുന്നു എന്ന് പറയുകയാണ് വിജയരാഘവന്‍.
ആ പേര് കേട്ടപ്പോള്‍ തന്റെ മനസില്‍ വന്ന രൂപം ആജാനബാഹുവായ ഒരു വില്ലന്റേതായിരുന്നെന്നും വിജയരാഘവന്‍ പറയുന്നു.
‘ എനിക്ക് അതിനൊത്ത ശരീരമില്ല. എന്നാല്‍ ഞാന്‍ തന്നെ ചെയ്യണമെന്ന് അവര്‍ പറഞ്ഞു. റാംജിറാവ് ആകാന്‍ കാറോടിച്ചാണ് ഞാന്‍ ആലപ്പുഴയിലേക്ക് തിരിച്ചത്.
ആ യാത്രയില്‍ കഥാപാത്രം എങ്ങനെ വേണമെന്ന് ആലോചിച്ചു. ജെല്ലൊന്നും ഇല്ലാത്ത കാലമായതിനാല്‍ മുട്ടവെള്ള തേച്ച് മുടി പിറകിലോട്ട് ചീകിവെച്ചു.
മുഖത്തിന് വലുപ്പം കൂട്ടാനായി മുന്‍വശത്തെ മുടി ഷേവ് ചെയ്ത് നെറ്റി വലുതാക്കി. മീശയും കൃതാവും താഴോട്ടിറക്കാന്‍ മേക്കപ്പ്മാനോട് ആവശ്യപ്പെട്ടു.
കഥാപാത്രത്തിന് ചേരുന്ന വസ്ത്രം ഏത് വേണമെന്ന് നോക്കിയപ്പോള്‍ സംവിധായകന്‍ ലാല്‍ ധരിച്ച ഇറക്കം കൂടിയ രണ്ട് പോക്കറ്റുളള ഷര്‍ട്ടും ക്യാമറാമാന്‍ വേണു ധരിച്ച പുത്തന്‍ മോഡലിലുള്ള ജീന്‍സ് പാന്റും ശ്രദ്ധയില്‍പ്പെട്ടു.
അത് രണ്ടും ഊരി വാങ്ങി ധരിച്ചു. അടുത്തുള്ള ഒരു സൈക്കിള്‍ വര്‍ക്ക് ഷോപ്പില്‍ നിന്ന് ഒരു ചങ്ങല വാങ്ങി അരയിലും കെട്ടി. ഓരോ ഷോട്ടിലും കണ്ണ് ചുവന്നിരിക്കാനായി അല്‍പം ഗ്ലിസറിനും ഉപയോഗിച്ചു,’ വിജയരാഘവന്‍ പറയുന്നു.
അതുപോലെ പൂക്കാലം സിനിമയിലെ കഥാപാത്രത്തിനായി ഉപയോഗിച്ച ചില റഫറന്‍സുകളെ കുറിച്ചും വിജയരാഘവന്‍ സംസാരിച്ചു.
പൂക്കാലം ചെയ്യുന്ന സമയത്ത് ഏറെ പ്രായമായ ഒരാളെ വഴിയില്‍വെച്ചു കണ്ടു. അയാളുടെ ഇടതുകയ്യിലെ ചൂണ്ടുവിരല്‍ വിറയ്ക്കുന്നുണ്ടായിരുന്നു.
അതിന്റെ കാരണം ഞാന്‍ സുഹൃത്തായ ഡോക്ടറോട് അന്വേഷിച്ചു. ആ മാനറിസം ഇട്ടൂപ്പിലേക്ക് കൊണ്ടുവന്നു.
അത്തരം തോന്നലുകളാണ് ഓരോ കഥാപാത്രത്തേയും രൂപപ്പെടുത്തുന്നത്,’ വിജയരാഘവന്‍ പറഞ്ഞു.
Content Highlight: Actor Vijayaraghavan About Ramji Ravu Speaking Movie