ലോഹിതദാസിന്റെ തിരക്കഥയില്‍ ഭരതന് സംവിധാനം നിര്‍വഹിച്ച് 1991ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അമരം.
മുക്കുവരുടെ കഥ പറഞ്ഞ ചിത്രത്തില്‍ മമ്മൂട്ടി, മുരളി, മാതു, അശോകന്, കെ.പി.എ.സി. ലളിത, ചിത്ര തുടങ്ങിയ താരങ്ങളായിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
ഈ ചിത്രത്തിലെ അഭിനയത്തിന് കെ.പി.എ.സി. ലളിതക്ക് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരവും ലഭിച്ചിരുന്നു. ചിത്രത്തിലെ നടി ചിത്രയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആട്ടക്കലാശം, അദ്വൈതം, ഏകലവ്യന്, അമരം തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ മികവുറ്റ വേഷങ്ങളെ അവതരിപ്പിക്കാന്‍ അക്കാലത്ത് ചിത്രയ്ക്ക് സാധിച്ചു.
അമരം സിനിമയെ കുറിച്ചുള്ള തന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ചിത്ര. അമരത്തിലെ ചന്ദ്രിക എന്ന കഥാപാത്രമായി മാറാന്‍ തന്നെ പരിശീലിപ്പിച്ച രീതിയെ കുറിച്ചാണ് ചിത്ര സംസാരിക്കുന്നത്.
കടപ്പുറത്തിന്റെ കഥ പറയുന്ന ചിത്രമായിരുന്നു അമരമെന്നും എന്നാല്‍ മീന്‍ കൈകൊണ്ട് പോലും തൊടാന്‍ അറപ്പുണ്ടായിരുന്ന തനിക്ക് ചന്ദ്രിക എന്ന കഥാപാത്രമാവാന്‍ കുറച്ചേറെ പാടുപെടേണ്ടി വന്നെന്നുമാണ് ചിത്ര പറയുന്നത്.
മീനിനോടുള്ള തന്റെ അറപ്പ് മാറാനായി ഭരതന് തന്നെ പ്രൊഡക്ഷന്‍ ഡ്യൂട്ടിയിലിട്ടെന്നും മീന ഓര്‍ക്കുന്നു.
‘മീനിന്റെ മണം എനിക്ക് തീരേ സഹിക്കാന്‍ പറ്റില്ലായിരുന്നു. മീന്‍ കൈകൊണ്ട് തൊടുമ്പോള്‍ അറപ്പ് കാണിച്ച എന്നെ രണ്ടു ദിവസം പ്രൊഡക്ഷന്‍ ഡ്യൂട്ടിയിലിട്ടു.
അവിടെ കുത്തിയിരുന്ന് മീന്‍ വൃത്തിയാക്കാനും കറിവെയ്ക്കാനുമൊക്കെ പഠിക്കാന്‍ പറഞ്ഞു. മീനിന്റെ മണം മനം മടുപ്പിക്കാതിരുന്നാലേ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ എന്നാണ് ഭരതേട്ടന് പറഞ്ഞത്’, ചിത്ര പറയുന്നു.
അമരത്തിന്റെ സെറ്റ് ഒരു കുടുംബം പോലെയായിരുന്നെന്നും മമ്മൂട്ടിയുമായൊക്കെ നല്ലൊരു സൗഹൃദം ഉണ്ടാക്കാന്‍ അമരത്തിലൂടെ സാധിച്ചെന്നും ചിത്ര പറയുന്നു.
Content Highlight: Actress Chithra About Amaram Movie