1970 കളുടെ പശ്ചാത്തലത്തില്‍ ചിരിയുടെ മേമ്പൊടിയോടെ അതിമനോഹരമായി അവതരിപ്പിച്ച ഒരു വെബ്‌സീരീസായിരുന്നു നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത നാഗേന്ദ്രന്‍സ് ഹണിമൂണ്‍. നാഗേന്ദ്രന്റേയും അഞ്ച് ഭാര്യമാരുടേയും കഥ പറയുന്ന ചിത്രത്തില്‍ ഏവരേയും ചിരിപ്പിച്ച ആസ്വദിപ്പിച്ച ഒരു കഥാപാത്രമായിരുന്നു ഗ്രേസ് ആന്റണി അവതരിപ്പിച്ച ലില്ലിക്കുട്ടി.
എപ്പോള്‍ ചിരിക്കുമെന്നും എപ്പോള്‍ കരയുമെന്നും എപ്പോള്‍ ആക്രമിക്കുമെന്നും പ്രവചിക്കാനാത്ത, ഒരു പ്രത്യേകതരം കഥാപാത്രമായിരുന്നു ചിത്രത്തില്‍ ഗ്രേസിന്റേത്. കല്‍പ്പനയുടേയും ഉര്‍വശിയുടേയുമൊക്കെ പകരക്കാരിയായിട്ടാണ് ഗ്രേസിനെ ഇന്ന് പലരും വിശേഷിപ്പിക്കുന്നത്.
ഗ്രേസിനൊപ്പം തന്നെ കട്ടയ്ക്ക് പിടിച്ചുനില്‍ക്കാന്‍ സീരീസില്‍ സുരാജിനും സാധിച്ചിരുന്നു. സുരാജ് വെഞ്ഞാറമൂടിനൊപ്പം ഒരു വേഷം ചെയ്യുക എന്നത് തന്റെ വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നെന്ന് പറയുകയാണ് ഗ്രേസ്. അത്തരത്തില്‍ ഇനി ലിസ്റ്റിലുള്ള ചില നടന്മാരെ കുറിച്ചും ഗ്രേസ് സംസാരിക്കുന്നുണ്ട്.
സുരാജ് ഏട്ടന്റെ കൂടെ അഭിനയിക്കണമെന്ന വലിയ ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. അതിപ്പോള്‍ സാധിച്ചു. അതുപോലെ വിക്രമിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ നല്ല ആഗ്രഹമുണ്ട്. കൂടെ അഭിനയിക്കാന്‍ ഇഷ്ടമുള്ള ഒരുപാട് ആളുകളുണ്ട്.
വിക്രം ഒരു ഓപ്ഷനാണ്. അതുപോലെ ധനുഷ്, വിജയ് സേതുപതിയൊക്കെ ഓപ്ഷനാണ്. ഓപ്ഷന്‍ എന്ന് പറഞ്ഞാല്‍ എന്റെ ആഗ്രഹമാണ്,’ ഗ്രേസ് ആന്റണി പറയുന്നു.
മമ്മൂട്ടിയുടെ കൂടെ റോഷാക്കില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവവും ഗ്രേസ് ആന്റണി അഭിമുഖത്തില്‍ പറയുന്നുണ്ട്. ‘മമ്മൂക്കയുടെ കൂടെ അഭിനയിച്ചപ്പോള്‍ വല്ലാത്തൊരു എക്‌സ്പീരിയന്‍സ് ആയിരുന്നു. എനിക്ക് അഭിനയിക്കാന്‍ അറിയാം എന്ന് ഇവരെ കൂടെ കാണിക്കണമെന്ന രീതിയിലായിരുന്നു ഞാന്‍.
നന്നായിട്ട് പെര്‍ഫോം ചെയ്തിട്ട് ഇക്കയെ കാണിക്കണം എന്നൊരു തോന്നല്‍ എന്നില്‍ വരും. ചില സീനുകളിലൊക്കെ നന്നാക്കിയപ്പോള്‍ മമ്മൂക്ക അഭിനന്ദിച്ചിട്ടുമുണ്ട്.
‘കൊള്ളാം, എന്താ മാഡം’ എന്നൊക്കെ ചോദിക്കും. അത് ഭയങ്കര പ്രൗഡ് മൊമെന്റാണ്. ‘ഇവരൊക്കെ ഇങ്ങനെ അഭിനയിക്കുമ്പോള്‍ നമ്മളൊക്കെ എന്ത് ചെയ്യാനാ’ എന്നൊക്കെ തമാശയ്ക്ക് ചോദിക്കും. റൊഷാക്ക് നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു,’ ഗ്രേസ് ആന്റണി പറഞ്ഞു.
Content Highlight: Actress Grace Antony about Nagendrans Honeymoon and Suraj Venjaramood