സ്ത്രീകളോട് മര്യാദയോടെ പെരുമാറണമെന്ന ബോധ്യം ലൊക്കേഷനുകളില്‍ ഇന്നുണ്ടാവുന്നുണ്ട്: മാലാ പാര്‍വതി

/

സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സിനിമയില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടി മാലാ പാര്‍വതി.

സ്ത്രീകളോട് മര്യാദയോടെ പെരുമാറണമെന്ന ബോധ്യം ഓരോ ലൊക്കേഷനിലും ഉണ്ടാകുന്നുണ്ടെന്നും അതിനാല്‍ സിനിമയില്‍ എത്തുന്ന പുതിയ പെണ്‍കുട്ടികള്‍ക്ക് മോശം അനുഭവങ്ങളൊന്നും ഒരു പരിധി വരെ നേരിടേണ്ടി വരുന്നില്ലെന്നും മാലാ പാര്‍വതി പറഞ്ഞു.

‘സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സിനിമയില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവം, ഡബ്ല്യു.സി.സിയുടെ രൂപവത്ക്കരണം, ഹേമ കമ്മിറ്റി അങ്ങനെ പല കാരണങ്ങള്‍ ആ മാറ്റത്തിന് സ്വാധീനിച്ചിട്ടുണ്ട്.

സ്ത്രീകളോട് മര്യാദയോടെ പെരുമാറണമെന്നും ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നുമുള്ള ബോധ്യം ഓരോ ലൊക്കേഷനിലും ഉണ്ടാകുന്നു. അതിനാല്‍ സിനിമയില്‍ എത്തുന്ന പുതിയ പെണ്‍കുട്ടികള്‍ക്ക് മോശം അനുഭവങ്ങളൊന്നും ഒരു പരിധി വരെ നേരിടേണ്ടി വരുന്നില്ല.

ഓരോ സെറ്റിലും പോകുമ്പോള്‍ പുതിയ കുട്ടികളോട് ഞാന്‍ ഇത്തരം വിഷയങ്ങളെ കുറിച്ച് സംസാരിക്കാറുണ്ട്. ഇനിയും ഏറെ മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.

മേക്കപ്പ് ഇടാറില്ലേ മോളേ എന്ന ആ ചോദ്യത്തിന് ഒരു ഉദ്ദേശമുണ്ടായിരുന്നു; വിമര്‍ശനങ്ങളെ കുറിച്ച് ആനി

സിനിമയിലെ സാങ്കേതിക മേഖലയില്‍ സ്ത്രീകള്‍ ഇപ്പോഴും ന്യൂനപക്ഷമാണ്. വേണ്ട അളവില്‍ സ്ത്രീ പ്രാധിനിത്യമില്ല. ഉള്ളവര്‍ക്ക് നിലനില്‍ക്കാനുള്ള സാഹചര്യവും കുറവാണ്. അസോസിയേറ്റായും അസിസ്റ്റന്റായും വരുന്ന പെണ്‍കുട്ടികളെ ഒന്നോ രണ്ടോ സിനിമ കഴിഞ്ഞാല്‍ പിന്നെ കാണുന്നില്ല.

അവര്‍ക്ക് ചാന്‍സ് കിട്ടുന്നില്ല എന്നതാണ് അതിനര്‍ത്ഥം. സംവിധാനം, എഡിറ്റിങ്, ക്യാമറ, സൗണ്ട് എഞ്ചിനിയറിങ്, ആര്‍ട്ട് ഈ മേഖലകളിലെല്ലാം വിരലിലെണ്ണാവുന്ന സ്ത്രീകളാണ് ഇപ്പോഴുമുള്ളത്.

തള്ള വൈബെന്ന് പറഞ്ഞ് പരിഹസിക്കുന്നവര്‍; മറുപടിയുമായി സുരഭി ലക്ഷ്മി

ഹേമ കമ്മിറ്റി വിഷയങ്ങളൊക്കെ വന്നതിന് ശേഷം പെണ്‍കുട്ടികളെ വിളിക്കേണ്ട, അത് മെനക്കേടാണ് എന്നൊരു ചിന്താഗതി പല നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കുമുണ്ട്.

സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. പക്ഷേ പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടാകുന്നില്ല. മുംബൈയിലും മറ്റും പരസ്യ മേഖലയിലൊക്കെ ഭൂരിഭാഗവും പെണ്‍കുട്ടികളാണ് പ്രൊഡക്ഷന്‍ വിഭാഗത്തെ നയിക്കുന്നത്. അത്തരം മാറ്റം കേരളത്തില്‍ ഉണ്ടാകുന്നില്ല,’ മാല പാര്‍വതി പറഞ്ഞു.

Content Highlight: Actress mala Parvathy about Women safety in Cinema