മലയാള സിനിമയിലും സോഷ്യല്‍ മീഡിയയിലും ഇന്ന് നിറഞ്ഞുനില്‍ക്കുന്ന താരമാണ് നടി നിഖില വിമല്‍. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഗുരുവായൂരമ്പല നടയും വാഴയും കഥ ഇന്നുവരെയും തമിഴ് ചിത്രം വാഴെയും ഉള്‍പ്പെടെ ഒരു പിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കരിയറിന്റെ പീക്കില്‍ നില്‍ക്കുകയാണ് നിഖില. എന്നാല്‍ പലരും കരുതുന്നതുപോലെ സിനിമയിലേക്കുള്ള നിഖിലയുടെ എന്‍ട്രി അത്ര സുഖമുള്ളതായിരുന്നില്ല.
സിനിമയില്‍ അത്ര സുഖകരമല്ലാത്ത ഒരു തുടക്കകാലമായിരുന്നു തന്റേതെന്ന് നിഖില തന്നെ പറയുന്നു. കയ്യില്‍ ഒരു രൂപപോലുമില്ലാതെ കഷ്ടപ്പെട്ടുപോയ സമയത്തെ കുറിച്ചാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിഖില സംസാരിക്കുന്നത്.
‘ കരിയറിന്റെ തുടക്കകാലത്തു ഞാന്‍ ചില തമിഴ് സിനിമകളില്‍ അഭിനയിച്ചിരുന്നു. അന്നൊന്നും സിനിമയെക്കുറിച്ചു കൃത്യമായ ധാരണയില്ലായിരുന്നു.
രജിനി സാര്‍ ആവശ്യപ്പെട്ടാല്‍ കാറിലോ ഫ്‌ളൈറ്റിലോ പോകാമായിരുന്നു; അദ്ദേഹം അതിന് തയ്യാറായില്ല: അഭിരാമി
ഒരിക്കല്‍ ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തിനായി ചെന്നൈയിലേക്കു പോയതാണ് ഞാനും അമ്മയും. എന്നാല്‍ ഇടയ്ക്കു വച്ച് ഷൂട്ടിങ് മുടങ്ങി. സിനിമയുടെ പ്രവര്‍ത്തകര്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് ഞങ്ങളെ ട്രെയിനില്‍ കയറ്റി ഇരുത്തി. ഒടുവില്‍ ടി.ടി.ഇ വന്നപ്പോള്‍ ടിക്കറ്റുമില്ല, റിസര്‍വേഷനുമില്ല.
ഞങ്ങളുടെ കയ്യില്‍ കാശും കുറവാണ്. അമ്മ കരഞ്ഞു കൊണ്ട് ബാഗില്‍ നിന്നു നോട്ടും ചില്ലറയും നുള്ളിപ്പെറുക്കുന്നത് എനിക്കിപ്പോഴും ഓര്‍മയുണ്ട്.
മറ്റൊരു സംഭവം 150 ദിവസത്തോളം നീണ്ട ഒരു ഷൂട്ടിങ്ങാണ്. ഇന്ന് 150 എന്നൊക്കെ പറഞ്ഞാല്‍ ബ്രഹ്‌മാണ്ഡ സിനിമയാണ്. 40 ദിവസത്തോളം ചിത്രീകരിച്ച സീന്‍ ഡബ്ബിങ് തിയറ്ററിലെത്തിയപ്പോള്‍ അപ്രത്യക്ഷമായി. അങ്ങനെ വിഷമവും നിരാശയും തോന്നിയ ഒരുപാട് അനുഭവങ്ങളുണ്ട്.
ഒരു സിനിമ റിലീസായി തൊട്ടു പിന്നാലെ അടുത്ത ഓഫര്‍ വന്നില്ലെന്നു വിഷമിക്കുന്നവരെ കണ്ടിട്ടുണ്ട്. അവിടെയാണ് ഇതൊന്നുമൊരു സ്ട്രഗിള്‍ അല്ല എന്നു ഞാന്‍ പറയുന്നത്. കുറച്ചു കൂടി ക്ഷമ വേണം എന്ന് അടുപ്പമുള്ള പലരോടും പറയാറുണ്ട്,’ നിഖില പറയുന്നു.
സിനിമ തന്റെ സ്വപ്നങ്ങളില്‍പ്പോലും ഉണ്ടായിരുന്നില്ലെന്നും പക്ഷേ, അതെങ്ങനെയോ സംഭവിച്ചെന്നും അഭിമുഖത്തില്‍ നിഖില പറയുന്നു. ഭാഗ്യദേവതയാണ് ആദ്യ സിനിമയെങ്കിലും ‘ലൗ 24 x 7’നു ശേഷമാണ് സിനിമയെ ഗൗരവത്തോടെ സമീപിച്ചു തുടങ്ങിയത്. അതിനുശേഷം നന്നായി കഷ്ടപ്പെട്ടു. സിനിമയില്‍ നിലനില്‍ക്കാന്‍ ഇത്രമാത്രം ശ്രമം എന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് ഒരിക്കലും കരുതിയതല്ല, നിഖില പറഞ്ഞു.
Content Highlight: Actress Nikhila Vimal Share a Bad experiance she faced