മലയാളത്തിന് പുറമെ തമിഴിലും തെലങ്കിലും ഹിന്ദിയിലുമൊക്കെ തന്റെ സാന്നിധ്യം അറിയിച്ച താരമാണ് നടി പാര്‍വതി. മലയാള സിനിമയില്‍ പാര്‍വതിക്ക് അവസരം കുറയുമ്പോഴും മറ്റ് ഇന്ഡസ്ട്രികളില് നിന്നും മികച്ച കഥാപാത്രങ്ങള്‍ പാര്‍വതിയെ തേടി എത്തിയിരുന്നു.
വിക്രം, പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്, പശുപതി, ഹരി കൃഷ്ണന്, അര്ജുന് അന്‍ബുദന്‍, പ്രീതി കരണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പാ.രഞ്ജിത്ത് സംവിധാനം ചെയ്ത തങ്കലാനാണ് പാര്‍വതിയുടെ ഏറ്റവും പുതിയ ചിത്രം. വിക്രത്തിനൊപ്പം തങ്കലാന് ചെയ്തപ്പോഴുള്ള ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് പാര്‍വതി.
ഒപ്പം വിക്രത്തെപ്പോലെ തന്നെ ഹിന്ദിയില്‍ തന്നെ സ്വാധീനിച്ച ഒരു നടനെ കുറിച്ചും പാര്‍വതി പ്രസ് മീറ്റില്‍ സംസാരിക്കുന്നുണ്ട്. അന്തരിച്ച അഭിനേതാവ് ഇര്ഫാന് ഖാനും പാര്‍വതി തിരുവോത്തും ഖരീബ് ഖരീബ് സിംഗിള്‍ എന്ന ഹിന്ദി ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചിരുന്നു.
തന്റെ ആദ്യ ഹിന്ദി സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് ഹിന്ദി അത്ര വശമില്ലായിരുന്നെന്നും ഇര്ഫാന് ഖാന്റെ സഹായത്തോടെയാണ് താന്‍ ഹിന്ദി പഠിച്ചതെന്നും പാര്‍വതി പറയുന്നു.
‘വിക്രം സാറിലും ഇര്ഫാന് സാറിലുമുള്ള സാമ്യത ഇവര്‍ രണ്ടു പേരിലുമുള്ള ദാനശീലമാണ് എന്നതാണ്. ഹിന്ദി എനിക്കധികം അറിയില്ലായിരുന്നു, കാരണം ഹിന്ദി എന്റെ പ്രാദേശിക ഭാഷയല്ല. അതില്‍ ഇര്ഫാന് സാര്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. സെറ്റില്‍ മറ്റുള്ളവരെപ്പോലെ തന്നെ ഞാനും ഹിന്ദി സംസാരിക്കകണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു,’ പാര്‍വതി പറയുന്നു.
വിക്രവും ഇര്ഫാന് ഖാനും തമ്മിലുള്ള മറ്റൊരു സാമ്യത രണ്ടു പേരും വളരെ ദാനശീലമുള്ള വ്യക്തികളാണെന്നതാണ്. വിക്രം സാര്‍ റിയല്‍ ലൈഫിലും തങ്കലാനാണ്, പാര്‍വതി കൂട്ടിച്ചേര്‍ത്തു.
‘തങ്കലാനില്‍ ഞാന്‍ വര്‍ക്ക് ചെയ്തപ്പോള്‍ അഭിനേതാക്കളെ മാത്രമല്ലാതെ സെറ്റിലുള്ള എല്ലാവരെയും പരിഗണിക്കുന്ന രീതിയാണ് വിക്രം സാറിന്റേത്. അദ്ദേഹം എപ്പോഴും മിഠായി കൊണ്ട് തരുമായിരുന്നു. ഇപ്പോള്‍ ഞാന്‍ അത് വല്ലാതെ മിസ് ചെയ്യുന്നുണ്ട്. വിക്രം സാര്‍ വന്ന് ഷെയ്ക്ക് ഹാന്‍ഡ് തരും എന്നിട്ട് നമ്മള് നമ്മുടെ കൈയില്‍ നോക്കുമ്പോള്‍ അതില്‍ മിഠായി ഉണ്ടാകും.
അദ്ദേഹം എല്ലാവരുടെയും ദിവസം കൂടുതല്‍ മികച്ചതാക്കും. ഇതെല്ലം അദ്ദേഹം ഒരു ഷോ ഓഫ് ആയിട്ട് ചെയ്യുന്നതല്ല. ആത്മാര്‍ത്ഥമായി തന്നെ ചെയ്യുന്നതാണ്, പാര്‍വതി പറഞ്ഞു. ഒപ്പം തങ്കലാന്റെ ലൊക്കേഷനില്‍ നേരിട്ട ചില വെല്ലുവിളികളെ കുറിച്ചും താരം സംസാരിച്ചു.
ഈ സിനിമയുടെ ഷൂട്ടിങ് നടന്നത് ഇതുവരെ ഞാന്‍ ചെയ്തതില്‍വെച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള ലൊക്കേഷനുകളിലായിരുന്നു. വളരെ ഹാര്‍ഷ് ആയിട്ടുള്ള ലൊക്കേഷനുകള്‍ ആയിരുന്നു അത്. അപ്പോഴെല്ലാം എല്ലാവര്ക്കും താങ്ങായത് വിക്രം സാറാണ്. അങ്ങനെ നോക്കുകയാണെങ്കില്‍ അദ്ദേഹം റിയല്‍ ലൈഫിലും ഞങ്ങളുടെ തങ്കലാനാണ്,’ പാര്‍വതി തിരുവോത്ത് പറയുന്നു.