മോഹന്‍ലാല്‍, ശ്രീനിവാസന്, ശോഭന, നെടുമുടി വേണു, തിലകന്, കെ.പി.എ.സി ലളിത, വിന്ദുജ മേനോന് എന്നിവര്‍ പ്രധാന കഥാപാത്രത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത പവിത്രം.
മോഹന്‍ലാലിന്റെ കരിയറിലെ വ്യത്യസ്തമായ ഒരു കഥാപാത്രം കൂടിയായിരുന്നു പവിത്രത്തിലേത്. വലിയ പ്രായവ്യത്യാസത്തില്‍ ഉള്ള ഒരു ചേട്ടന്റേയും അനുജത്തിയുടേയും കഥയായിരുന്നു ചിത്രം പറഞ്ഞത്. ചിത്രത്തില്‍ മോഹന്‍ലിന്റെ അനുജത്തിയുടെ വേഷം ചെയ്തത് വിന്ദുജ മേനോനായിരുന്നു. വിന്ദുജയുടെ കരിയറില്‍ ലഭിച്ച ഏറ്റവും മികച്ച ഒരു കഥാപാത്രം കൂടിയായിരുന്നു പവിത്രത്തിലെ മീനാക്ഷി. ചിത്രത്തെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് വിന്ദുജ മേനോന്.
തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട വേഷമാണ് പവിത്രത്തിലെ മീനാക്ഷിയെന്ന് താരം പറയുന്നു. മോഹന്‍ലാലിനെ ആ സിനിമയില്‍ വിളിക്കുന്ന പോലെ ചേട്ടച്ചന് എന്ന് തന്നെയാണ് ഇപ്പോഴും വിളിക്കാറുള്ളതെന്നും വിന്ദുജ പറഞ്ഞു.
‘മനുഷ്യരുടെ സ്നേഹം എനിക്ക് ആവോളം അനുഭവിക്കാന്‍ പറ്റിയ ഒരു സിനിമ പവിത്രം തന്നെയാണ്. എത്രയൊക്കെ എന്നെ മാറ്റി നിര്‍ത്തിയാലും എന്തൊക്കെ പറഞ്ഞാലും ചേട്ടച്ചനും മീനാക്ഷിയും പവിത്രവുമെല്ലാം ഏറ്റവും ചേര്‍ന്ന് നില്ക്കുന്ന ഒന്നാണ്.
ഞാന്‍ ഒരിക്കലും അദ്ദേഹത്തെ ലാല്‍ സാര്‍ എന്നോ ലാലേട്ടാ എന്നോ വിളിച്ചിട്ടേയില്ല. ഞാന്‍ എപ്പോഴും വിളിക്കുന്നത് ചേട്ടച്ചാ എന്നാണ്. ഇപ്പോഴും ഞാന്‍ ചേട്ടച്ചായെന്ന് തന്നെയാണ് വിളിക്കുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹമിപ്പോള്‍ പാന്‍ ഇന്ത്യന്‍ ഒന്നുമല്ല, പാന്‍ വേള്‍ഡും കഴിഞ്ഞു പോയ ഒരു നടനാണ്.
പവിത്രത്തെ മറികടന്നിട്ടുള്ളൊരു കഥാപാത്രം എനിക്ക് മലയാളത്തില്‍ ഉണ്ടായിട്ടില്ല. ചില സീരിയലുകളിലെല്ലാം ഒരുപാട് നല്ല വേഷങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. മമ്മൂക്കയുടെ ആദ്യ പ്രൊഡക്ഷനായ ജ്വാലയായി ഒക്കെ അങ്ങനെ ചെയ്തതാണ്. അതൊക്കെ പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും പവിത്രം ഒരു ലെജന്‍ഡറി കഥാപാത്രമായി ഇപ്പോഴും നില നില്‍ക്കുന്നുണ്ട്,’വിന്ദുജ മേനോന് പറയുന്നു
ഏറെ പ്രായവ്യത്യാസമുള്ള ചേട്ടനും അനുജത്തിയും തമ്മിലുള്ള ബന്ധത്തിലെ ഏറ്റക്കുറച്ചിലുകളായിരുന്നു ചിത്രം പറഞ്ഞത്. വിന്ദുജ മേനോനും മോഹന്‍ലാലും മത്സരിച്ചഭിനയിച്ച ചിത്രത്തില്‍ ശോഭനയും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്.
Content Highlight: Actress Vinduja Menon about Mohanlal