സിനിമകളുടെ തെരഞ്ഞെടുപ്പിനെ കുറിച്ചും കുടുംബം നല്‍കുന്ന പിന്തുണയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി ഐശ്വര്യലക്ഷ്മി.
ഒരു കഥ തിരഞ്ഞെടുക്കുമ്പോള്‍ പുറമെ നിന്നുള്ള ആരുടെയും അംഗീകാരം താന്‍ തേടാറില്ലെന്നും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അച്ഛനും അമ്മയും പോലും അമിതമായി ഇടപെടാറില്ലെന്നും ഐശ്വര്യ പറയുന്നു.
ഒപ്പം താന്‍ അഭിനയിച്ച ഒരു സിനിമ ഒരിക്കലും കാണില്ലെന്ന് തന്റെ അമ്മ പറഞ്ഞതിനെ കുറിച്ചും ഐശ്വര്യ അഭിമുഖത്തില്‍ സംസാരിച്ചു.
അഭിനയിച്ച സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം…: ദിലീഷ് പോത്തന്‍
‘ അച്ഛനും അമ്മയ്ക്കും ഞാന്‍ ഇപ്പോഴും കുട്ടിയാണ്. സാധാരണ മലയാളി രക്ഷിതാക്കളെപ്പോലെ അവര്‍ക്കും ചില കാര്യങ്ങളില്‍ ആശങ്കയുണ്ട്. അല്ലാതെ എന്റെ കാര്യത്തില്‍ അമിത ഇടപെടലുകളില്ല. പ്രത്യേകിച്ച് സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍.
കഥയുടെ തിരഞ്ഞെടുപ്പുകളില്‍ പുറമെ നിന്നുള്ള ആരുടേയും അംഗീകാരം ഞാന്‍ തേടാറുമില്ല. സിനിമയില്‍ ഇപ്പോള്‍ ഏഴ് വര്‍ഷമായില്ലേ, ഞാന്‍ ഉചിതമായ തീരുമാനങ്ങളേ എടുക്കൂവെന്ന് അവര്‍ക്കറിയാം.
ഇടയ്ക്ക് എന്തായി സിനിമ എന്ന് അമ്മ ചോദിക്കും. അപ്പോള്‍ കഥയുടെ വണ്‍ ലൈന്‍ ഒക്കെ പറഞ്ഞുകൊടുക്കും. കഥ കേള്‍ക്കുമ്പോള്‍ രസമുണ്ടോ ഇല്ലയോ എന്നൊക്കെ പറയാറുണ്ട്.
‘അമ്മു’ ഒരുപാട് അവാര്‍ഡുകള്‍ സമ്മാനിച്ച സിനിമയാണ്. കഥ കേട്ടപ്പോള്‍ അമ്മ പറഞ്ഞു, അവാര്‍ഡുകള്‍ക്ക് സാധ്യതയുണ്ട്. പക്ഷേ ഈ സിനിമ ഞാന്‍ കാണില്ല. കാരണം നിന്നെ ആളുകള്‍ ഉപദ്രവിക്കുന്നത് കാണാന്‍ എന്നെ കൊണ്ട് സാധിക്കില്ല എന്ന്.,’ ഐശ്വര്യ പറയുന്നു.
ജീവിതത്തില്‍ സൗഹൃദങ്ങളുടെ സ്വാധീനം എത്രത്തോളമുണ്ടെന്ന് ചോദ്യത്തിന് താങ്ങായി നില്‍ക്കുന്ന ഒരുപാട് നല്ല സുഹൃത്തുക്കള്‍ തനിക്കുണ്ടെന്നായിരുന്നു ഐശ്വര്യയുടെ മറുപടി.
‘പെണ്‍സുഹൃത്തുക്കളാണ് ഏറെയും. അവരാണ് എന്റെ ശക്തിയും. അവരുമായൊക്കെയും വൈകാരികമായ ബന്ധമാണ്. എന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ സംഭവങ്ങളെ കുറിച്ചെല്ലാം അവര്‍ക്കറിയാം. അവരും സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയവരായിരിക്കും. അങ്ങനെയുള്ള കൂട്ടുകാരുമായി മനസിന് ഇഴയടുപ്പം ഏറെയായിരിക്കും.
വീട്ടില്‍ ഞാന്‍ ഒറ്റപ്പെണ്‍കുട്ടിയാണ്. പലപ്പോഴും ഒരു അനിയത്തി വേണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അതുകൊണ്ടാവാം സുഹൃത്തുക്കളെ അനിയത്തിമാരെപ്പോലെ തോന്നുന്നത്. അവരുടെ നേട്ടങ്ങളും സന്തോഷങ്ങളുമെല്ലാം ഞാന്‍ എന്റേതായി തന്നെ ആഘോഷിക്കും,’ ഐശ്വര്യ പറയുന്നു.
Content Highlight: Aiswarya Lekshmi About His Movies Family and Friends