ഞാന്‍ കുറച്ചുകൂടി നന്നായി ചെയ്യാമെന്ന് പറയാന്‍ ആഗ്രഹിച്ചു; വിനീതിന് അതായിരുന്നില്ല വേണ്ടത്: അജു വര്‍ഗീസ്

Aju Varghese And Vineeth Sreenivasan

കൊവിഡിന് ശേഷം തിയേറ്ററില്‍ എത്തി വലിയ വിജയമായി മാറിയ ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2022ല്‍ പുറത്തിറങ്ങിയ ഹൃദയം ആ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു.

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച ഹൃദയത്തില്‍ അശ്വത് ലാല്‍, വിജയരാഘവന്‍, ജോണി ആന്റണി, അജു വര്‍ഗീസ്, അരുണ്‍ കുര്യന്‍, കലേഷ് രാമാനന്ദ് എന്നിവരും അഭിനയിച്ചിരുന്നു. ഇപ്പോള്‍ സിനിമയിലെ തന്റെ ഇന്‍ട്രോ സീനിനെ കുറിച്ചും വിനീതിനെ കുറിച്ചും പറയുകയാണ് അജു വര്‍ഗീസ്. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു.

‘ഹൃദയത്തില്‍ എനിക്ക് വിനീത് വളരെ നല്ല ഇന്‍ട്രോ ആയിരുന്നു തന്നത്. പക്ഷെ വിനീത് സ്‌പോട്ട് എഡിറ്റ് ചെയ്യുന്ന സംവിധായകനല്ല. അദ്ദേഹത്തിന്റെ സെറ്റിലെ മോണിറ്റര്‍ വളരെ ചെറുതായിരുന്നു. കൈയ്യില്‍ കൊണ്ടുനടക്കാവുന്ന മോണിറ്ററാണ് വിനീതിന്റേത്.

Also Read: ഇപ്പോള്‍ ബ്രേക്കെടുത്താല്‍ ബ്രേക്കില്‍ തന്നെ ഇരിക്കേണ്ടി വരുമെന്ന് മമ്മൂക്ക: നിഖില വിമല്‍

വലിയ മോണിറ്ററായാല്‍ സെറ്റിലെ എല്ലാവരും വന്നു നോക്കുമല്ലോയെന്ന് കരുതിയാകണം വിനീത് ചെറിയ മോണിറ്ററും കൊണ്ട് നടക്കുന്നത്. എന്റെ കാര്യം ചോദിച്ചാല്‍ ഞാനാണെങ്കില്‍ വലിയ മോണിറ്ററാണെങ്കില്‍ ഓരോ സീക്വന്‍സും ഷൂട്ട് ചെയ്ത് കഴിഞ്ഞാല്‍ പോയി നോക്കും.

പക്ഷെ വിനീതിന്റെ സിനിമയില്‍ സത്യത്തില്‍ അതിന്റെ ആവശ്യമില്ല. കാരണം വിനീതാണല്ലോ എല്ലാം തീരുമാനിക്കേണ്ടത്. ഹൃദയം സിനിമയിലെ എന്റെ ഇന്‍ട്രോ സീന്‍ ബസില്‍ വെച്ചായിരുന്നു ഷൂട്ട് ചെയ്തത്. ആ സമയത്ത് സോഷ്യല്‍ മീഡിയയില്‍ ഓവറാക്ടിങ് ചെയ്യുന്ന നടന്മാരുടെ ലിസ്റ്റില്‍ ഞാന്‍ നമ്പര്‍ വണ്ണായിരുന്നു.

Also Read: ദൃശ്യം ഷൂട്ടിങ്ങിനിടെ സിദ്ദിഖ് മോശമായി പെരുമാറിയോ; മറുപടിയുമായി ആശ ശരത്ത്

ഞാനത് സത്യത്തില്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയൊക്കെ വായിച്ച് അറിഞ്ഞ കാര്യമായിരുന്നു. ഇത് എനിക്ക് മാറ്റാന്‍ ആഗ്രഹമുണ്ടായിരുന്നു എന്നതാണ് സത്യം. കാലത്തിന് അനുസരിച്ച് നമുക്ക് സ്വയം മാറേണ്ടത് ആവശ്യമാണല്ലോ.

സിനിമയുടെ ഇന്‍ട്രോ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ പ്രണവിന്റെ അടുത്ത് വന്നിരുന്ന് അവനെ ഒന്ന് നോക്കി ചിരിച്ചു. അത് കണ്ടതും വിനീത് പെട്ടെന്ന് കട്ട് പറഞ്ഞു. ‘ഇങ്ങനെയൊന്നും വേണ്ട, നീ സാധാരണ ചെയ്യുന്നത് പോലെ ഇളകി വന്ന് ചെയ്താല്‍ മതി’യെന്ന് അദ്ദേഹം പറഞ്ഞു.

അപ്പോള്‍ എന്റെ മനസില്‍ ഉണ്ടായിരുന്നത് ‘ഗുരൂ, ഞാന്‍ നന്നായി’ എന്നായിരുന്നു. ഞാന്‍ ഇമ്പ്രൂവായി, ഞാന്‍ കുറച്ചു കൂടി നന്നായി ചെയ്തു തരാമെന്ന് പറയണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷെ വിനീത് അതിന് സമ്മതിച്ചില്ല. അദ്ദേഹത്തിന് തന്റെ സിനിമയില്‍ അദ്ദേഹം പ്രതീക്ഷിച്ചത് തന്നെ മതിയായിരുന്നു,’ അജു വര്‍ഗീസ് പറഞ്ഞു.

Content Highlight: Aju Varghese Talks About Vineeth Sreenivasan And Hridayam Movie