കൊച്ചി: താരസംഘടനയായ എ.എം.എം.എയുടെ ആക്ടിങ് ജനറല്‍ സെക്രട്ടറി നടന് ബാബുരാജ് ഒഴിയണമെന്ന ആവശ്യം ശക്തമാകുന്നു.
ലൈംഗിക ആരോപണം നേരിടുന്ന വ്യക്തി അമ്മയുടെ ആക്ടിങ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്ന നിലപാടിലാണ് താരങ്ങള്‍. സമാന ആരോപണത്തില്‍ ജനറല്‍ സെക്രട്ടറി സിദ്ദിഖ് സ്വമേധയ രാജിവച്ചൊഴിഞ്ഞിട്ടും ബാബുരാജ് തുടരുന്നത് സംഘടനയുടെ മുഖം കൂടുതല്‍ മോശമാക്കുമെന്ന് അമ്മ അംഗങ്ങളില്‍ ചിലര്‍ നേതൃത്വത്തെ അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടറിനെ തുടര്‍ന്ന് സിനിമ രംഗത്തെ അതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍പ്പേര്‍ രംഗത്ത് എത്തിയതിന് പിന്നാലെ താര സംഘടനയായ അമ്മയില്‍ കടുത്ത ഭിന്നതയാണ് നിലനില്‍ക്കുന്നത്.
അതേസമയം അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേരുന്നതില്‍ ഇതുവരെ തീരുമാനമായില്ല. ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണം എന്നും ആവശ്യവും ശക്തമാണ്. ആവശ്യം ശക്തമാക്കിയതില്‍ ഏറെയും അമ്മയിലെ വനിതാ അംഗങ്ങളാണ് എന്നാണ് വിവരം.
ലൈംഗിക ആരോപണമുണ്ടായ ഉടന്‍ സിദ്ദിഖ് രാജിവച്ചൊഴിഞ്ഞതോടെയാണ് അമ്മയുടെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് ആക്ടിങ് ജനറല്‍ സെക്രട്ടറിയായത്. ഇതിന് തൊട്ടുപിന്നാലെയാണ് ബാബുരാജിന് നേരെയും ലൈംഗിക ആരോപണം ഉണ്ടായത്.
എൺപതുകളിലെ ആ മലയാള ചിത്രം മിന്നൽ മുരളിക്ക് വലിയ പ്രചോദനമായി: ബേസിൽ ജോസഫ്
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് താന്‍ എത്തുന്നത് തടയിടുകയാണ് ആരോപണത്തിന്റെ ലക്ഷ്യമെന്ന ബാബുരാജിന്റെ പ്രതികരണം അമ്മയെ സമൂഹത്തില്‍ കൂടുതല്‍ മോശമാക്കുമെന്ന് അംഗങ്ങളില്‍ ചിലര്‍ നേതൃത്വത്തെ അറിയിച്ചു. രാജിവച്ചില്ലെങ്കില്‍ ചോദിച്ചു വാങ്ങണമെന്നും ഇല്ലെങ്കില്‍ പരസ്യപ്രതികരണത്തിലേക്ക് നീങ്ങുമെന്ന നിലപാടിലുമാണ് ഇവര്‍.
കഴിഞ്ഞ ദിവസം അമ്മയ്ക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി പറഞ്ഞ് നടന് പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു. അമ്മയുടെ നിലപാട് ദുര്‍ബലമാണ്. പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ അത് ഇല്ലാതാകണം, ഞാന്‍ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്ന് പറയന് കഴിയില്ല. ഒരു പദവിയില്‍ ഇരിക്കുന്നവര്‍ ആരോപണം നേരിടുമ്പോള്‍ പദവി ഒഴിയുക തന്നെ വേണമെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അമ്മ ശക്തമായ നിലപാട് എടുക്കണമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
അതേസമയം ഇന്ന് നടത്താനിരുന്ന ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചിട്ടുണ്ട്. നടനും അമ്മ പ്രസിഡന്റുമായ മോഹന്‍ലാലിന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ നിലവില്‍ ചെന്നൈയിലാണെന്നാണ് വിവരം.
Content Highlight: Baburaj Resignation Issue and A.M.M.A