ദാവീദിലെ അബുവെന്ന കഥാപാത്രമാകാന്‍ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ.
അബു എന്ന കഥാപാത്രത്തിന് വേണ്ടി 20 കിലോയോളം കുറച്ചെന്നും കട്ട ഡയറ്റും വര്‍ക്കൗട്ടും ബോക്‌സിങ് പരിശീലനവുമായിരുന്നെന്നും ഒരു സമയമെത്തിയപ്പോള്‍ പറ്റാതായിപ്പോയെന്നും പെപ്പെ പറയുന്നു.
‘പടം തുടങ്ങുന്നതിന്റെ 60-70 ദിവസത്തോളം മുന്‍പ് തന്നെ ബോക്‌സിങ്, ജിം, ഡയറ്റ് ഇത് മൂന്നും തുടങ്ങിയിരുന്നു. അതിനിടയ്ക്ക് ക്രിക്കറ്റിന്റെ പ്രാക്ടീസിനും പോകും. ഫിറ്റാകാന്‍ വേണ്ടിയാണ്.
ആദ്യം ഭയങ്കര പാടായിരുന്നു. ആര്‍.ഡി.എക്‌സിന്റെ സമയത്ത് എന്റെ ഭാരം 96 വരെ എത്തിയിരുന്നു. ദാവീദില്‍ പക്കാ ബോക്‌സിങ്ങിലേക്ക് വരേണ്ടതുകൊണ്ട് 74 ലേക്ക് എത്തി. 22 കിലോയോളം ഞാന്‍ ഭാരം കുറച്ചിരുന്നു.
ആദ്യം ഭയങ്കര പാടായിരുന്നു. എല്ലാ വര്‍ഷവും ഞാന്‍ ഒരു തീരുമാനമെടുക്കും ഞാന്‍ ഇനി എന്റെ വെയ്റ്റ് കുറക്കില്ലെന്നൊക്കെ. പക്ഷേ പാളിപ്പോയി.
പ്രൊഡക്ഷന്‍ ടീം നമ്മളെ ഒരു ഫ്‌ളാറ്റില്‍ കൊണ്ടുപോയി പൂട്ടിയിട്ടു. (ചിരി). അവസാനം നമ്മള്‍ ലക്ഷ്യം നേടി. സുകുപിള്ള എന്നയാളാണ് ട്രെയിനര്‍. രാവിലെ രണ്ട് ബ്രഡും 2 മുട്ടയും. അതിനിടയില്‍ പ്രോട്ടീന്‍ ഡേറ്റ്‌സ് കുറച്ചുണ്ട്. 150 ഗ്രാം ചോറ്. എല്ലാം അളന്നാണ്. ചിക്കന്‍ 100 ഗ്രാം. അതും അളന്ന് തരും. ഇതൊക്കെയായിരുന്നു ഡയറ്റിന്റെ രീതി. ലാസ്‌റ്റൊക്കെ ആയിക്കഴിഞ്ഞപ്പോള്‍ ചോറും കട്ട് ചെയ്തു.
പിന്നെ ബോക്‌സിങ്ങിന്റെ ട്രെയിനിങ് ചില ദിവസം 3 മണിക്കൂര്‍ വരെയുണ്ടാകും. ജിതിന്‍ എന്ന ദുബായിലുള്ള കക്ഷിയാണ് ട്രെയിന്‍ ചെയ്യിച്ചത്. ദുബായിലും നാട്ടിലും ഉണ്ടായിരുന്നു. നമുക്ക് നാടന്‍ തല്ലല്ലേ അറിയൂ. ആദ്യം മുതല്‍ പഠിക്കണം. അല്ലാതെ ഒരു പ്രൊഫഷണല്‍ ടച്ച് ഫീല്‍ ചെയ്യില്ല.
ഡിഫന്‍സ് പരിപാടികളൊക്കെയുണ്ട്. കുറേ പഞ്ചുകളൊക്കെയുണ്ട്. ചില ഇടിയൊക്കെ കിട്ടിയാല്‍ നമ്മള്‍ ബോധം കെടും. പ്രാക്ടീസിനിടെ നമുക്ക് ചിലപ്പോള്‍ കിട്ടുകയും ചെയ്യും. ഇടയ്ക്ക് നമ്മള്‍ ഇടിക്കുമ്പോള്‍ അവര്‍ക്കും കിട്ടും.
നല്ല പാടായിരുന്നു. ഇറങ്ങി ഓടിയാലോ എന്നൊക്കെ വിചാരിക്കും. അത്രയ്ക്ക് പറ്റാതായി. ഫിസിക്കലി ഭയങ്കരമായി ടയേര്‍ഡ് ആകും. വെളുപ്പിന് രാവിലെ തന്നെ എണീറ്റിട്ട് ജിമ്മില്‍ പോകണം.
ട്രെയിനര്‍ കൂടെയുള്ളതുകൊണ്ട് തട്ടിപ്പൊന്നും നടക്കില്ല. നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും. രണ്ട് മണിക്കൂറെങ്കിലും അവിടെ പ്രാക്ടീസ് ചെയ്യണം.. അര മണിക്കൂര്‍ റെസ്റ്റ് കഴിഞ്ഞാല്‍ പിന്നെ ബോക്‌സിങ്. എല്ലാം കഴിയുമ്പോഴേക്ക് നമ്മള്‍ അവശരായിപ്പോകും. കഷ്ടപ്പെട്ടാലും സ്‌ക്രീനില്‍ അതിന്റെയൊക്കെയൊരു ഫലം കിട്ടിയാല്‍ മതിയെന്നാണ് ആഗ്രഹിക്കുന്നത്,’ പെപ്പെ പറഞ്ഞു.
Content Highlight: Antony Varghese Peppe about Daveed Movie