തന്റെ ജീവിതത്തിലേക്ക് ഒരു പുണ്യാളനായി വന്ന വ്യക്തിയെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ അര്‍ജുന്‍ അശോകന്‍. തനിക്ക് ഒരു ജീവിതം തന്നത് അദ്ദേഹമാണെന്നാണ് അര്‍ജുന്‍ പറയുന്നത്.
മറ്റാരുമല്ല നടനും സംവിധായകനുമായ സൗബിനെ കുറിച്ചായിരുന്നു അര്‍ജുന്‍ സംസാരിച്ചത്.
സിനിമയില്‍ എങ്ങനെയെങ്കിലും ഒരു ചാന്‍സ് നേടിയെടുക്കണമെന്ന ആഗ്രഹത്തോടെ കാലങ്ങളായി അലഞ്ഞ തനിക്ക് പറവ എന്ന സിനിമയില്‍ ഒരു ചാന്‍സ് തന്നത് സൗബിന്‍ ആയിരുന്നെന്ന് അര്‍ജുന്‍ പറയുന്നു.
സൗബിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു പറവ. ഹക്കീം എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍ എത്തിയത്. പറവയിലൂടെ തുടങ്ങിയ അര്‍ജുന്‍ അശോകന്‍ ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായകനടന്മാരില്‍ ഒരാളാണ്.
എന്ന് സ്വന്തം പുണ്യാളന്‍ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കവെയായിരുന്നു തന്റെ ജീവിതത്തിലേക്ക് പുണ്യാളനായി വന്ന വ്യക്തിയെ കുറിച്ച് അര്‍ജുന്‍ സംസാരിച്ചത്.
‘എന്റെ ജീവിതത്തില്‍ പുണ്യാളന്‍ ആയി വന്നത് സൗബിക്കയാണ്. അദ്ദേഹമാണ് എനിക്ക് തുടക്കവും ലൈഫും കൊണ്ടുതന്നത്. ഒരു പ്രകാശം കൊണ്ട് തന്നത് അദ്ദേഹമാണെന്ന് പറയാം.
പറവയില്‍ എനിക്കൊരു ചാന്‍സ് കിട്ടിയ സമയം എന്ന് പറയുന്നത് സിനിമയില്‍ തുടര്‍ച്ചയായി ഞാന്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന സമയമാണ്.
അച്ഛന്‍ സിനിമയില്‍ ആണെങ്കിലും ഒരു ചാന്‍സ് കിട്ടാന്‍ വേണ്ടി ഒരുപാട് നടന്നിട്ടുണ്ട്.
അച്ഛന്റെ അടുത്ത് പലരുടേയും കോണ്‍ടാക്ട്സ് ഉണ്ടെങ്കിലും അച്ഛന് തന്നെ സിനിമ കിട്ടുന്നത് ചുരുക്കമായിരുന്നു.
ചാപ്പാ കുരിശൊക്കെ എനിക്ക് ഇഷ്ടപ്പെട്ട പടമായിരുന്നു. അമലേട്ടനേയും സമീര്‍ക്കയേയുമൊക്കെ ഞാന്‍ കാണാന്‍ പോയിട്ടുണ്ട്.
സിനിമയില്‍ അവസരങ്ങള്‍ തേടി നടന്ന് ഒന്നുമാകാതെ നിന്ന സമയത്ത് ബിസിനസിലേക്ക് തിരിയാന്‍ ഒരുങ്ങവെയാണ് ഒരു പുണ്യാളനെപ്പോലെ സൗബിക്ക വന്ന് പറവയില്‍ ചാന്‍സ് തരുന്നത്.
നമുക്ക് എന്ത് ബാക്ക് അപ്പ് ഉണ്ടെങ്കിലും സിനിമയില്‍ കയറിപ്പറ്റാന്‍ വലിയ ബുദ്ധിമുട്ടാണ്,’ അര്‍ജുന്‍ പറഞ്ഞു.
അച്ഛന് തന്നെ സിനിമയിലേക്ക് വിടാന്‍ വലിയ പേടിയായിരുന്നെന്നും ഒരു സമയത്ത് അച്ഛന് തന്നെ സിനിമയില്ലാതായെന്നും ആ സമയത്ത് വീട്ടില്‍ നല്ല ദാരിദ്ര്യമായിരുന്നെന്നും അര്‍ജുന്‍ പറയുന്നു.
Content Highlight: Arjun Ashokan about Soubin Shahir