ചില ദിവസങ്ങളില്‍ ആ നടനെ സ്വപ്‌നം കണ്ട് ഞാന്‍ ഞെട്ടാറുണ്ട്: അശോകന്‍

പദ്മരാജന്‍ സംവിധാനം ചെയ്ത പെരുവഴിയമ്പലത്തിലൂടെ സിനിമാജീവിതം ആരംഭിച്ചയാളാണ് അശോകന്‍. കരിയറിന്റെ തുടക്കത്തില്‍ തന്നെ പദ്മരാജന്‍, കെ.ജി. ജോര്‍ജ്, ഭരതന്‍ തുടങ്ങി മികച്ച സംവിധായകരുടെ സിനിമകളില്‍ ഭാഗമാകാന്‍ അശോകന് സാധിച്ചു. 2000ത്തിന് ശേഷം സീരിയസ് വേഷങ്ങളില്‍ നിന്ന് കോമഡിയിലേക്ക് ട്രാക്ക് മാറ്റിയ അശോകനെയാണ് കാണാന്‍ സാധിക്കുന്നത്. ആസിഫ് അലി നായകനായ കിഷ്‌കിന്ധാ കാണ്ഡമാണ് അശോകന്റെ പുതിയ ചിത്രം.

Also Read: ഞാൻ കണക്കില്ലാതെ കണ്ട മലയാളത്തിലെ രണ്ട് സിനിമകളിലെയും നടി ഒരാളാണ്: അന്ന ബെൻ

ചിത്രത്തില്‍ നടന്‍ ജഗദീഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജഗദീഷുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് അശോകന്‍. ആദ്യകാലത്ത് പല സിനിമകളിലും ജഗദീഷുമായി ഒന്നിക്കാന്‍ അവസരമുണ്ടായിട്ടും താന്‍ അയാളുമായി അടുത്തിരുന്നില്ലെന്ന് അശോകന്‍ പറഞ്ഞു. എന്നാല്‍ അപകടം നമ്മളെ എങ്ങനെയാണെങ്കിലും തേടിവരുമെന്ന് പറയുന്നതുപോലെ ജഗദീഷുമായി ഒന്നിക്കേണ്ടി വന്നുവെന്ന് അശോകന്‍ തമാശരൂപത്തില്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ജഗദീഷുമായി സൗഹൃദത്തിലായതിന് ശേഷം എന്ത് തോന്ന്യാസവും കാണിക്കാനുള്ള ധൈര്യം കിട്ടിയെന്നും ജഗദീഷ് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത അതാണെന്നും അശോകന്‍ പറഞ്ഞു. നമുക്ക് എന്തും ചെയ്യാനുള്ള ശക്തി ജഗദീഷ് പകര്‍ന്നുതരുമെന്നും ചില ദിവസങ്ങളില്‍ രാത്രി ജഗദീഷിനെ സ്വപ്‌നം കണ്ട് ഞെട്ടി എഴുന്നേല്‍ക്കാറുണ്ടെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് അശോകന്‍ ഇക്കാര്യം പറഞ്ഞത്.

Also Read: സൂപ്പർ ശരണ്യയുടെ തെലുങ്ക് റീമേക്കായി പ്ലാൻ ചെയ്ത ആ ചിത്രം സൂപ്പർ ഹിറ്റായി: ഗിരീഷ് എ.ഡി

‘ഞാന്‍ സിനിമയില്‍ എത്തിയ സമയത്ത് ജഗദീഷും സിനിമയിലേക്കെത്തിയിട്ടുണ്ടായിരുന്നു. ഞങ്ങള്‍ ആദ്യമായി ഒന്നിച്ചത് ഇന്‍ ഹരിഹര്‍ നഗറിലൂടെയായിരുന്നു. അതിന് മുമ്പ് പല തവണ ജഗദീഷുമായി അടുക്കാന്‍ അവസരമുണ്ടായിട്ടും ആ അപകടത്തില്‍ നിന്ന് മനഃപൂര്‍വം ഒഴിഞ്ഞുമാറുകയായിരുന്നു. ജഗദീഷ് അപകടക്കാരനാണെന്നല്ല ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം. അയാളുമായി കൂട്ടുകൂടിയാല്‍ ഉണ്ടാകുന്ന കാര്യങ്ങളെപ്പറ്റി ആലോചിച്ച് അടുക്കാന്‍ നിന്നില്ല.

പക്ഷേ, അടുത്തുകഴിഞ്ഞപ്പോഴാണ് ജഗദീഷിന്റെ ഇംപാക്ട് വലുതാണെന്ന് മനസിലായത്. ജഗദീഷ് നമ്മളുടെ കൂടെയുണ്ടെങ്കില്‍ നമുക്ക് എന്ത് തോന്ന്യാസവും ചെയ്യാനുള്ള ധൈര്യമുണ്ടാകും. അതിനുള്ള ശക്തി അയാള്‍ നമുക്ക് പകര്‍ന്നുതരും. പറഞ്ഞാല്‍ വിശ്വസിക്കില്ല, ചില ദിവസങ്ങളില്‍ ഞാന്‍ ജഗദീഷിനെ രാത്രി ഉറക്കത്തില്‍ സ്വപ്‌നം കണ്ട് ഞെട്ടി എഴുന്നേല്‍ക്കാറുണ്ട്,’ അശോകന്‍ പറഞ്ഞു.

Content Highlight: Ashokan about Jagadeesh