2005ല്‍ പുറത്തിറങ്ങി ആ വര്‍ഷത്തെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു നരന്. രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്. മുള്ളന്‍കൊല്ലി വേലായുധന് എന്നായിരുന്നു നരനിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേര്.
ദേവയാനി, മധു, സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, മാമുക്കോയ എന്നിവരും ഒന്നിച്ച സിനിമയില്‍ ഭാവന ലീല എന്ന കഥാപാത്രമായിട്ടാണ് എത്തിയത്. ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ലീല എന്ന തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് ഭാവന. താന്‍ ഏറ്റവും ബുദ്ധിമുട്ടി ചെയ്ത സീന്‍ ഏതാണെന്ന ചോദ്യത്തിനാണ് നടി നരനെ കുറിച്ച് പറഞ്ഞത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഭാവന.
Also Read: ‘ അഭിനയത്തില്‍ ലാല്‍ നിന്നെ വിഴുങ്ങിക്കളയുമെന്ന് ഞാന്‍ അദ്ദേഹത്തിന് മുന്നറിയിപ്പ് നല്കി’
‘നരന് സിനിമ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അതില്‍ എന്റെ കഥാപാത്രത്തിന് ഇടക്കിടെ താഴെ വീഴണമായിരുന്നു. സീനുകളില്‍ വെറുതെ നടന്നു വരുമ്പോഴും എവിടേക്കെങ്കിലും ചാടാന്‍ നോക്കുമ്പോഴുമെല്ലാം എനിക്ക് താഴെ വീഴേണ്ടി വന്നിരുന്നു.
അത് ശരിക്കും എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം ഓരോ സീനിലും അങ്ങ് വെറുതെ വീഴുകയാണ്. പിന്നെ ഷൂട്ടിങ് കഴിഞ്ഞ് എല്ലാ ദിവസവും കുളിക്കുമ്പോഴാണ് ഇതിന്റെ ആഫ്റ്റര്‍ എഫക്ട് മനസിലാകുക. ശരീരത്തില്‍ എല്ലായിടത്തും ഉരഞ്ഞിട്ട് വെള്ളം തട്ടുമ്പോള്‍ നീറും.
സിനിമയില്‍ ഷാജിയേട്ടനായിരുന്നു ക്യാമറ, സംവിധായകന് ജോഷി സാറായിരുന്നു. സെറ്റില്‍ എല്ലാവരും ഞാന്‍ ഇങ്ങനെ വീഴുന്നതിനെ കുറിച്ച് പറയാറുണ്ട്. ഓരോ സീന്‍ കഴിയുമ്പോഴും കാല് പൊട്ടിയല്ലേയെന്ന് അവര്‍ ചോദിക്കും.
ദിവസവും വീഴുന്നത് തന്നെയായിരുന്നു എന്റെ പണി. ആ കഥാപാത്രം അങ്ങനെയുള്ളതാണ്. ജോഷി സാറ് പലപ്പോഴും പറയാറുള്ളത്. ‘നടന്ന് വരുമ്പോള്‍ അവിടെ ഒന്ന് വീണേക്ക്’ എന്നാണ്. ഇപ്പോള്‍ ആ കഥാപാത്രത്തെയും ആ സിനിമയെയും കുറിച്ച് ആലോചിക്കുമ്പോള്‍ രസമായിരിക്കാം, പക്ഷെ അന്ന് വീണിട്ട് എനിക്ക് ഒരുപാട് ബുദ്ധിമുട്ടായിരുന്നു,’ ഭാവന പറയുന്നു.
Content Highlight: Bhavana Talks About Naran Movie Scene