കൂടുതലും അഭിനയിച്ചത് മമ്മൂക്കയോടൊപ്പം; സ്വതസിദ്ധനായ നടനായി തോന്നിയത് മറ്റൊരാളെ: ബിനു പപ്പു

ഹെലന്‍, വണ്‍, ഓപ്പറേഷന്‍ ജാവ, ഭീമന്റെ വഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് ബിനു പപ്പു. മലയാളികളുടെ പ്രിയനടന്‍ കുതിരവട്ടം പപ്പുവിന്റെ മകന്‍ കൂടെയാണ് അദ്ദേഹം. 2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെയാണ് ബിനു തന്റെ കരിയര്‍ ആരംഭിച്ചത്.

താന്‍ മമ്മൂട്ടിയുടെ കൂടെയാണ് കൂടുതലും അഭിനയിച്ചിട്ടുള്ളതെന്നും എന്നാല്‍ സ്വതസിദ്ധമായ നടനായി തോന്നിയത് മോഹന്‍ലാലിനെയാണെന്നും പറയുകയാണ് ബിനു. ഓരോ സീനും ചെയ്യാന്‍ അദ്ദേഹം പെട്ടെന്നാകും സ്വയം മാറുന്നതെന്നും ബിനു പപ്പു പറയുന്നു. ദി നെക്സ്റ്റ് 14 മിനിട്ട്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ കൂടുതലും വര്‍ക്ക് ചെയ്തിട്ടുള്ളത് മമ്മൂക്കയുടെ കൂടെയാണ്. ഇപ്പോള്‍ ലാലേട്ടന്റെ കൂടെ വരാനിരിക്കുന്ന എല്‍ 360ല്‍ കോ-ഡയറക്ടറായി വര്‍ക്ക് ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ എനിക്ക് സ്പൊണ്ടേനിയസായ നടനായി തോന്നിയത് ലാലേട്ടനെയാണ്. അദ്ദേഹം മികച്ച അഭിനയമാണ്. നമുക്ക് ഓരോ സീനുകളും ചിലപ്പോള്‍ സെക്കന്റുകള്‍ മാത്രമാകും ഷൂട്ട് ചെയ്യാന്‍ ഉണ്ടാവുക.

Also Read: ഞാന്‍ എന്റെയും പ്രണവിന്റെയും മേക്കപ്പില്‍ തൃപ്തന്‍; ആ ഗെറ്റപ്പില്‍ വിനീത് ഒരു ഫ്രീഡം തന്നിരുന്നു: അജു വര്‍ഗീസ്

തുടര്‍ച്ചയായി അഞ്ച് മിനിട്ട് ദൈര്‍ഘ്യമുള്ള ഷോട്ടൊന്നും ഷൂട്ട് ചെയ്യാനുണ്ടാകില്ല. സെക്കന്റുകള്‍ മാത്രമുള്ള ആ സീനുകള്‍ക്കായി ലാലേട്ടന്‍ പെട്ടെന്നാകും സ്വയം മാറുന്നത്. സെക്കന്റുകള്‍ കൊണ്ട് ഒരു സീനിന് വേണ്ടി ലാലേട്ടന്‍ ആ സീനിലെ കഥാപാത്രമായി മാറും. അതുകഴിഞ്ഞ് കട്ട് പറയുമ്പോള്‍ പെട്ടെന്ന് തിരിച്ച് പഴയ ലാലേട്ടനാകുകയും ചെയ്യും,’ ബിനു പപ്പു പറഞ്ഞു.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായിരുന്നു വണ്‍. മാത്യു തോമസ്, നിമിഷ സജയന്‍, മുരളി ഗോപി, ഗായത്രി അരുണ്‍, സിദ്ദിഖ്, ജോജു ജോര്‍ജ്, ഇഷാനി കൃഷ്ണ തുടങ്ങിയ നീണ്ട താരനിര ഒന്നിച്ച ഈ സിനിമയില്‍ ബിനു പപ്പുവും അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ കൂടെ ഈ സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവവും ബിനു പങ്കുവെച്ചു.

Also Read: താങ്കള്‍ക്ക് സ്ത്രീവിരുദ്ധനെന്ന ഇമേജ് വന്നിട്ടുണ്ടെങ്കില്‍ അത് താങ്കള്‍ ചോദിച്ചു വാങ്ങിയതാണ്, ആരും ചാര്‍ത്തിത്തന്നതല്ല

‘മമ്മൂക്കയുടെ കൂടെ വണ്‍ എന്ന സിനിമയില്‍ ഞാനും അഭിനയിച്ചിരുന്നു. അതില്‍ മമ്മൂക്കയുടെ കൂടെ വണ്ടിയില്‍ ഇരുന്നുള്ള ഒരു ഷോട്ട് എടുക്കാനുണ്ടായിരുന്നു. അതില്‍ ഞാനായിരുന്നു മമ്മൂക്കയുടെ വണ്ടി ഓടിച്ചിരുന്നത്. ഷോട്ടിനായി വണ്ടിയുടെ മുന്നില്‍ ക്യാമറ വെച്ചിരുന്നു. വണ്ടിയില്‍ ഇരുന്ന് മമ്മൂക്ക പെങ്ങളെ കുറിച്ച് പറയുന്ന സീനായിരുന്നു ഷൂട്ട് ചെയ്തത്.

ആ ഷോട്ടെടുക്കുന്ന സമയത്ത് മമ്മൂക്കയുടെ തൊണ്ടയിടറി പോയിരുന്നു. അത് കണ്ടപ്പോള്‍ അദ്ദേഹം എങ്ങനെയാണ് അങ്ങനെ ചെയ്യുന്നതെന്ന് ഞാന്‍ ചിന്തിച്ചു. ആരാകും അദ്ദേഹത്തോട് അങ്ങനെ ചെയ്യാന്‍ പറഞ്ഞിട്ടുണ്ടാകുകയെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. ഒരുപാട് വര്‍ഷങ്ങളുടെ എക്സ്പീരിയന്‍സുള്ള ആളല്ലേ, ചിലപ്പോള്‍ അതുകൊണ്ടാകാം,’ ബിനു പപ്പു പറഞ്ഞു.

Content Highlight: Binu Pappu Talks About Mohanlal