സമകാലിക സംഭവങ്ങള്‍ പ്രമേയങ്ങളാക്കി മലയാളത്തില്‍ വലിയ ഹിറ്റുകള്‍ ഉണ്ടാക്കിയ സംവിധായകനാണ് ഡിജോ ജോസ് ആന്റണി. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മലയാളി ഫ്രം ഇന്ത്യയും ആ കാറ്റഗറിയില്പ്പെടുന്നതാണ്. ജന ഗണ മന ഇന്ത്യയില്‍ നടക്കുന്ന രാഷ്ട്രീയ വിഷയങ്ങളായിരുന്നു പ്രമേയമാക്കിയിരുന്നതെങ്കില് മലയാളി ഫ്രം ഇന്ത്യ കേരളത്തെ കണക്ട് ചെയ്തുകൊണ്ടാണ് കഥ പറഞ്ഞത്. എന്നാല്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ചിത്രവുമായിരുന്നു അത്.
പൃഥ്വിരാജ്, നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന് തുടങ്ങി മലയാളത്തിലെ യുവനിരയെ വെച്ച് സിനിമകളെടുക്കുമ്പോഴും എന്തുകൊണ്ട് മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ വലിയ താരങ്ങള്‍ക്കൊപ്പം സിനിമ ചെയ്യുന്നില്ലെന്ന് പറയുകയാണ് ഡിജോ.
ഡിജോയും മോഹന്‍ലാലും തമ്മിലുള്ള പ്രൊജക്ടിനെക്കുറിച്ചുള്ള ചര്‍ച്ചകളും ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
മോഹന്‍ലാലിനോട് രണ്ട് കഥകള്‍ ആദ്യം സംസാരിച്ചെന്നും എന്നാല്‍ രണ്ടും വര്ക്കായില്ലെന്നുമാണ് ഡിജോ പറയുന്നത്. കഥ മുഴുവന്‍ കേട്ട് അതിനെക്കുറിച്ച് ദീര്‍ഘനേരം ചര്‍ച്ച ചെയ്തിട്ടാണ് ലാലേട്ടന് ആ കഥ വേണ്ടെന്ന് വെച്ചതെന്നും ഡിജോ പറഞ്ഞു.
ലാലേട്ടനോട് മൂന്നാമത് പറഞ്ഞ കഥയില്‍ കൂടുതല്‍ ഡിസ്കഷന് നടക്കുന്നുണ്ടെന്നും ബാക്കി അപ്ഡേറ്റ് പിന്നാലെ വരുമെന്നും ഡിജോ കൂട്ടിച്ചേര്‍ത്തു.
‘ലാലേട്ടനോട് കഥ പറഞ്ഞു, പ്രൊജക്ട് ഉണ്ടാകും എന്നുള്ള റൂമറുകളില്‍ പകുതി സത്യമാണ്. ലാലേട്ടനുമായി ആഡ് ഫിലിംസ് ചെയ്തപ്പോള്‍ സംസാരിച്ചു. നല്ല കഥകളുണ്ടെങ്കില്‍ ചെയ്യാമെന്ന് അന്ന് പറഞ്ഞിരുന്നു. ഞാന്‍ അദ്ദേഹത്തോട് രണ്ട് കഥകള്‍ പറഞ്ഞു, രണ്ടും വര്‍ക്കായില്ല. ഷാരിസ് ആ സമയത്ത് ഉണ്ടായിരുന്നില്ല. ആ കഥകള്‍ രണ്ടും അദ്ദേഹത്തിന് വര്‍ക്കായില്ല.
ഒരു കഥ കേട്ട ഉടനെ നോ പറയുന്ന ആളല്ല ലാലേട്ടന്. ആ കഥയെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ആ സിനിമ ചെയ്യണോ വേണ്ടയോ എന്ന് അദ്ദേഹം തീരുമാനിക്കുന്നത്. അത്തരത്തില്‍ ഞാന്‍ പറഞ്ഞ രണ്ട് കഥയും അദ്ദേഹത്തിന് വര്‍ക്കായില്ല. മൂന്നാമത് ഞാനൊരു കഥ പറഞ്ഞു. അതില്‍ ഡിസ്കഷന്സ് നടക്കുന്നുണ്ട്. കൂടുതല്‍ വിവിരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനായിട്ടില്ല. ബാക്കിയുള്ള വിവരങ്ങള്‍ വഴിയെ അറിയിക്കാം,’ ഡിജോ പറഞ്ഞു.
നിവിന്‍ പോളിയാണ് മലയാളി ഫ്രം ഇന്ത്യയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്, അനശ്വര രാജന്, മഞ്ജു പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മാജിക് ഫ്രെയിംസിന്റെ ബാനിറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം നിര്‍മിച്ചത്.