സില്‍ക്ക് സ്മിതയ്ക്കൊപ്പം ചെയ്ത സ്ഫടികം എന്ന ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സംവിധായകന് ഭദ്രന്.
സ്ഫടികത്തില്‍ സില്‍ക്കിന്റെ കഥാപാത്രത്തെ കുറിച്ച് തനിക്ക് നല്ല ധാരണയുണ്ടായിരുന്നെന്നും അവരുടെ വസ്ത്രധാരണം ഉള്‍പ്പെടെ എങ്ങനെ ആയിരിക്കണമെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നെന്നും ഭദ്രന് പറയുന്നു.
ചെമ്മീനില്‍ ഷീലയൊക്കെ ധരിക്കുന്ന രീതിയിലുള്ള മുണ്ടും ബ്ലൗസും കൈലിയുമാണ് ലൈല ധരിക്കേണ്ടതെന്ന് തീരുമാനിച്ചിരുന്നെന്നും എന്നാല്‍ കോസ്റ്റിയൂമര്‍ കൊണ്ടുവന്ന വസ്ത്രം കണ്ട് താന്‍ ഞെട്ടിപ്പോയെന്നും ഭദ്രന് പറഞ്ഞു.
ഒടുവില്‍ സില്‍ക് സ്മിത തന്നെ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചതെന്നും ഭദ്രന് പറയുന്നുണ്ട്.
‘സ്ഫടികത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന്റെ തലേദിവസം സില്‍ക്ക് സ്മിതയുടെ കോസ്റ്റ്യൂമര്‍ നടിക്ക് ധരിക്കേണ്ട വസ്ത്രവുമായി എന്റെ മുറിയില്‍ വന്നു. ഇത് കണ്ടതും ഞാന്‍ ഞെട്ടിപ്പോയി. കാരണം ലൈലക്ക് ഒട്ടും ചേരാത്ത വസ്ത്രമായിരുന്നു അത്.
ലൈലക്ക് വേണ്ടി താന്‍ മനസ്സില്‍ കണ്ടത് ചെമ്മീനിലെ ഷീലാമ്മ ധരിച്ച പോലുള്ള വസ്ത്രമായിരുന്നു. എന്നാല്‍ കൈലി പോലെ എന്തോ ഒന്നില്‍ വള്ളികള്‍ തൂങ്ങിക്കിടക്കുന്ന പോലത്തെ വസ്ത്രമാണ് കോസ്റ്റ്യൂമര്‍ കൊണ്ടുവന്നത്.
ഞാന്‍ ഉദ്ദേശിച്ചത് ഈ വസ്ത്രമല്ലെന്ന് സ്മിതയോട് പറഞ്ഞപ്പോള്‍ ഡോണ്ട് വറി സര്, ഇറ്റ് വില്ബി റെഡി സൂണ്‍ എന്നാണ് സ്മിത പറഞ്ഞത്. കുറച്ച് സമയങ്ങള്‍ക്കകം കോസ്റ്റ്യൂമര്‍ എന്റെ മുറിയില്‍ വന്ന് സ്മിത റെഡിയായിട്ടുണ്ടെന്ന് പറഞ്ഞു.
ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ സാക്ഷാല്‍ കറുത്തമ്മയെപ്പോലെ കൈലിയും മുണ്ടുമുടുത്ത് സ്മിത നില്ക്കുന്നു,’ ഭദ്രന് പറഞ്ഞു.
ലൈലയെന്ന കഥാപാത്രമായി വളരെ എളുപ്പത്തില്‍ തന്നെ സില്‍ക്ക് സ്മിത മാറിയെന്നും താന്‍ മനസിലുദ്ദേശിച്ച അതേ രീതിയില്‍ തന്നെ ആ കഥാപാത്രത്തെ അവര്‍ മനോഹരമാക്കിയെന്നും ഭദ്രന് പറയുന്നു.
Content Highlight: Director Bhadran about Spadikam Movie and Silk Smitha