മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹത്തെ വെച്ച് ചെയ്ത സിനിമകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ കമല്‍. അഴകിയ രാവണന്‍ എന്ന സിനിമയുടെ ചിത്രീകരണത്തെ സമയത്തെ ഒരു സംഭവമാണ് കമല്‍ ഓര്‍ത്തെടുക്കുന്നത്. വേദനിക്കുന്ന കോടീശ്വരന്‍ എന്ന ഡയലോഗ് ചിത്രീകരിക്കുന്ന സമയം മമ്മൂട്ടി അത് കോമഡിയായി പറഞ്ഞു കളയുമോ എന്നൊരു ഭയം തനിക്കുണ്ടായിരുന്നെന്നും എന്നാല്‍ താന്‍ എന്താണോ മനസില്‍ വിചാരിച്ചത്, അതിന്റെ മമ്മൂട്ടി ചെയ്തുതന്നെന്നും കമല്‍ പറയുന്നു.
‘ഏകദേശം 45 വര്‍ഷത്തെ പരിചയം ഉണ്ട് എനിക്ക് മമ്മൂക്കയായിട്ട്. മമ്മൂക്കയുടെ ആദ്യത്തെ സിനിമ ദേവലോകം. അത് ഇതുവരെ റിലീസ് ആയിട്ടില്ല. ആ സിനിമയുടെ ഷൂട്ടിങ്ങില്‍ വെച്ചാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി നേരിട്ട് കാണുന്നത്. അവിടുന്ന് ഇങ്ങോട്ട് ഇത്രയും വര്‍ഷത്തെ യാത്രയുണ്ട്.
മമ്മൂക്കയുടെ ഒപ്പം സഞ്ചരിച്ചു എന്ന് പറയാവുന്ന ഒരു യാത്രയാണ്. അദ്ദേഹത്തിന്റെ സിനിമയിലും വളര്‍ച്ചയിലുമൊക്കെ പല രീതിയിലും കൂടെയുണ്ടായിട്ടുണ്ട്. സംവിധായകനായ ശേഷം എന്റെ വളരെ പ്രധാനപ്പെട്ട അഞ്ചാറ് പടം മമ്മൂക്കയെ വെച്ച് ചെയ്തിട്ടുണ്ട്. അതില്‍ വലിയ സന്തോഷവുമുണ്ട്.
മമ്മൂട്ടിയുടെ ഡയറക്ടറാകാന്‍ കഴിഞ്ഞു എന്നത് ഒരു വലിയ ഭാഗ്യമായിട്ട് തന്നെയാണ് ഞാന്‍ കാണുന്നത്. ഇന്നും ഏറ്റവും പുതിയ തലമുറയുടെ കൂടെ സിനിമകള്‍ ചെയ്തുകൊണ്ട് അദ്ദേഹം അദ്ദേഹത്തിന്റെ യൗവനം ഇങ്ങനെ നിലനിര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ ആദ്യമായിട്ട് മമ്മൂക്കയുമായി ചെയ്യുന്ന പടം മഴയെത്തുംമുന്‍പെയാണ്. അത് കഴിഞ്ഞിട്ട് അഴകിയ രാവണന്‍.
അഴകിയ രാവണന്റെ കഥ ഞാനും ശ്രീനിവാസവും കൂടി ഡിസ്‌കസ് ചെയ്ത ശേഷം ശ്രീനിവാസന്‍ ഫോണിലൂടെയാണ് മമ്മൂക്കയോട് കഥ പറയുന്നത്. ശങ്കര്‍ ദാസ് എന്ന കഥാപാത്രത്തെ കുറിച്ചൊക്കെ പറഞ്ഞു കഴിഞ്ഞ ശേഷം ശ്രീനിവാസന്‍ പറഞ്ഞത് ഈ സിനിമയില്‍ നിങ്ങള്‍ക്ക് ഒരു ഡയലോഗുണ്ട്. ആ ഡയലോഗാണ് നിങ്ങളുടെ കഥാപാത്രം എന്നാണ്.
വേദനിക്കുന്ന കോടീശ്വരന്‍ എന്ന് പറഞ്ഞപ്പോള്‍ ആദ്യം മമ്മൂക്ക ചിരിച്ചു. കുറച്ച് അഹങ്കാരവും പൊങ്ങച്ചവുമൊക്കെയുള്ള ആളാണ് കഥാപാത്രം എന്ന് പറഞ്ഞപ്പോള്‍ താന്‍ എന്താ എന്നെ കളിയാക്കാന്‍ വേണ്ടി സിനിമയെടുക്കുകയാണോ എന്ന് മമ്മൂക്ക ചോദിച്ചു. വേദനിക്കുന്ന കോടീശ്വരന്‍ എന്ന സീന്‍ ആ സിനിമയില്‍ എല്ലാവരും ഇഷ്ടപ്പെട്ട സീനുകളില്‍ ഒന്നാണ്.
അന്ന് ആ സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് സ്‌ക്രിപ്റ്റ് കൊടുത്ത സമയത്ത്. ഓ ഇതാണല്ലേ ശ്രീനിവാസന്‍ പറഞ്ഞ വേദനിക്കുന്ന കോടീശ്വരന്‍ എന്ന് പറഞ്ഞിട്ടാണ് മമ്മൂക്ക ആ സീന്‍ വായിക്കുന്നത്. ഭാനുപ്രിയയുടെ കഥാപാത്രത്തെ ഇംപ്രസ് ചെയ്യാന്‍ വേണ്ടി പറയുന്ന ഡയലോഗായിരുന്നു അത്.
എനിക്ക് ഒരുപാട് പണം ഉണ്ടെങ്കിലും എന്റെ മനസില്‍ ഒരു വിങ്ങുന്ന മനുഷ്യനുണ്ട്. ഒരു വേദനിക്കുന്ന കോടീശ്വരനാണ് ഞാന്‍ എന്ന് പറയുകയാണ്. ആ സീനില്‍ ഒരു കോമഡിയുണ്ട്. പക്ഷേ അതൊരു കോമഡിയായി പറഞ്ഞുകഴിഞ്ഞാല്‍ ചിലപ്പോള്‍ അത് ചീറ്റിപ്പോകാന്‍ സാധ്യതയുണ്ട്. ഇത് കോമഡിയാണെന്ന് ധരിച്ചിട്ട് മമ്മൂക്ക ആ രീതിയില്‍ പറഞ്ഞുകളയുമോ എന്ന സംശയം എനിക്കുണ്ടായിരുന്നു.
പുള്ളി എങ്ങനെ ചെയ്യുമെന്ന് നോക്കാമെന്നായി ശ്രീനി. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മമ്മൂക്ക വളരെ സീരിയസായി ആ ഡയലോഗ് പറഞ്ഞു. പറയുന്നത് ആത്മസംഘര്‍ഷത്തോടെയാണെങ്കിലും തിയേറ്ററില്‍ അത് വലിയ ചിരിയുണ്ടാക്കി. ഇത്തരം മൈന്യൂട്ട് ആയിട്ടുള്ള കാര്യങ്ങളെ കഥാപാത്രത്തില്‍ സന്നിവേശിപ്പിക്കാനുള്ള മമ്മൂക്കയുടെ കഴിവ് വളരെ പ്രധാനപ്പെട്ടതാണ്,’ കമല്‍ പറയുന്നു.
Content Highlight: Director Kamal About Mammootty