ശാലിനിയും കുഞ്ചാക്കോ ബോബനും പരസ്പരം ‘എടാ’ വിളിക്കുന്നിടത്തൊക്കെ കൂവല്‍, പടം വീണെന്ന് ഉറപ്പിച്ചു: കമല്‍

/

നിറം സിനിമയെ കുറിച്ചും ആദ്യ ദിവസം തന്നെ തിയേറ്ററില്‍ ചിത്രത്തിന് ലഭിച്ച കൂവലിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ കമല്‍.

ശാലിയുടേയും കുഞ്ചാക്കോ ബോബന്റേയും കഥാപാത്രങ്ങള്‍ പരസ്പരം എടാ എന്ന് വിളിക്കുന്നിടത്തൊക്കെ ആള്‍ക്കാര്‍ കൂവിമറിയുകയായിരുന്നെന്ന് കമല്‍ പറയുന്നു.

പടം തിയേറ്ററില്‍ പരാജയപ്പെട്ടു എന്ന് ഉറപ്പിച്ചിടത്തു നിന്നും ചിത്രം നടത്തിയ ഗംഭീര തിരിച്ചുവരവിനെ കുറിച്ചാണ് കമല്‍ സംസാരിക്കുന്നത്.

‘റിലീസിങ് ദിവസം തിയറ്ററില്‍ പോയി എന്റെ സിനിമ കാണാനുള്ള ശേഷി എനിക്കില്ല. നിറം റിലീസ് ചെയ്ത വ്യാഴാഴ്ച കൊടുങ്ങല്ലൂരില്‍ ആയിരുന്നു.

മോണിങ് ഷോയുടെ ഇന്റര്‍വെല്‍ ആയപ്പോള്‍ തന്നെ എനിക്ക് റിപ്പോര്‍ട്ട് കിട്ടി. തിയറ്ററിനുള്ളില്‍ ഭയങ്കര കൂവലാണ്. മാറ്റിനിക്കും ഫസ്റ്റ് ഷോയ്ക്കും ഇതുതന്നെ അവസ്ഥ. പടം വീണു എന്നുതന്നെ കരുതി.

സൂപ്പര്‍സ്റ്റാര്‍ പദവി തന്നെയാണ് ലക്ഷ്യം, അതാഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്: ഉണ്ണി മുകുന്ദന്‍

രാധാകൃഷ്ണനും ജോണി സാഗരികയും വിളിച്ചു. പടം വീണു അടുത്ത ദിവസവും തിയറ്ററില്‍ ആളുണ്ട്. പക്ഷേ, കൂവലിനു മാത്രം കുറവൊന്നുമില്ല.

എവിടെയാണ് കൂവല്‍ എന്നു എഴുതിക്കൊണ്ടു വരൂ, ആ രംഗങ്ങള്‍ ഒഴിവാക്കി പ്രശ്‌നം പരിഹരിക്കാം എന്ന് ഞാന്‍ സഹപ്രവര്‍ത്തകരോടു പറഞ്ഞു.

അപ്പോഴാണ് അറിയുന്നത് കുഞ്ചാക്കോ ബോബനും ശാലിനിയും എടാ’ എന്നു വിളിക്കുന്നിടത്താണ് കൂവല്‍.

സിനിമയില്‍ മുഴുവനും അവര്‍ അങ്ങനെയാണു വിളിക്കുന്നത്. പുതിയ ട്രെന്‍ഡ് എന്നൊക്കെ പറഞ്ഞാണ് ‘എടാ’ വിളി കൊണ്ടുവന്നത്. ഇനി ഒന്നും ചെയ്യാനില്ല. പടം വീണതുതന്നെ.

മൂന്നാം ദിവസം ഞാനും കുടുംബവും തിരുവനന്തപുരത്തു വ്യക്തിപരമായ ഒരാവശ്യത്തിനു പോകുന്നു. വഴിക്കു വച്ച് എന്നെ ലിബര്‍ട്ടി ബഷീര്‍ വിളിച്ചു. പടം സൂപ്പര്‍ ഹിറ്റാണ്. യൂത്ത് സിനിമ ഏറ്റെടുത്തു. കോഴിക്കോട്ട് ടിക്കറ്റ് കിട്ടാതെ ആള്‍ക്കാര്‍ തിരിച്ചുപോകുന്നു.

സ്‌നേഹം, പ്രണയം, ബന്ധങ്ങള്‍ എല്ലാം വ്യക്തിപരം; അതിന് സ്വാതന്ത്ര്യത്തിന്റെ വിശാലത കൂടി വേണം; കുടുംബമെന്ന സിസ്റ്റം തന്നെ പ്രശ്‌നം: ജിയോ ബേബി

വര്‍ഷം ഇത്ര കഴിഞ്ഞെങ്കിലും ആ ഫോണ്‍കോള്‍ ഞാനൊരിക്കലും മറക്കില്ല. പിന്നാലെ രാധാകൃഷ്ണനും ജോണി സാഗരികയും വിളിച്ചു. തിരുവനന്തപുരത്തും പടം ഹിറ്റാണ്. തിയറ്ററില്‍ ഇപ്പോള്‍ കൂവലൊന്നും ഇല്ല.

അന്നു രാത്രി തിരുവനന്തപുരത്ത് കൃപ തിയേറ്ററില്‍ ചെന്ന് ഞാന്‍ സിനിമ കണ്ടു സെക്കന്‍ഡ് ഷോ ഹൗസ്ഫുള്‍. ആള്‍ക്കാരുടെ പ്രതികരണം കണ്ടപ്പോള്‍ മനസ്സു നിറഞ്ഞു. ക്യാംപസിലെ ‘എടാ’ വിളി എല്ലാവരും ഏറ്റെടുത്തു.

ഞാന്‍ സംവിധാനം ചെയ്തതില്‍ ഏറ്റവും മികച്ച സിനിമയാണു ‘നിറം’എന്നെനിക്കു തോന്നിയിട്ടില്ല. എങ്കിലും ആ സിനിമ ഒരുപാട് അനുഭവങ്ങള്‍ തന്നു.

കലാലയ കൗമാരങ്ങളുടെ ആഘോഷമായിരുന്നു ആ സിനിമ. ഓരോ സീനിലും നിറയെ നിറങ്ങള്‍ വാരിവിതറിയായിരുന്നു ചിത്രീകരണം. നിറം എന്നു പേരിടുമ്പോള്‍ ആ ആവേശം തന്നെയായിരുന്നു എന്റെ മനസ്സിലും,’ കമല്‍ പറഞ്ഞു.

Content Highlight: Director Kamal About Niram Movie