വിജയ് സേതുപതിക്ക് പകരം 96ല്‍ ആ നടനെയും ഞാന്‍ മനസില്‍ കണ്ടിരുന്നു: സംവിധായകന്‍ പ്രേം കുമാര്‍

തമിഴില്‍ ഈയടുത്ത് റിലീസായ മികച്ച സിനിമകളിലൊന്നായിരുന്നു 2018ല്‍ റിലീസായ 96. വിജയ് സേതുപതി, തൃഷ എന്നിവരുടെ മികച്ച പെര്‍ഫോമന്‍സ് കാണാന്‍ സാധിച്ച ചിത്രം അണിയിച്ചൊരുക്കിയത് നവാഗതനായ പ്രേം കുമാറായിരുന്നു. റാം, ജാനു എന്നിവരുടെ ഹൃദയഹാരിയായ പ്രണയം പറഞ്ഞ ചിത്രം സിനിമാപ്രേമികള്‍ നെഞ്ചിലേറ്റി. ഗോവിന്ദ് വസന്തയുടെ സംഗീതവും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കി മാറ്റി.

Also Read: ആ ചിത്രം തന്നെയാണ് ഇപ്പോഴും എന്റെ ടേണിങ് പോയിന്റ്: ആസിഫ് അലി

ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് പ്രേം കുമാര്‍ അറിയിച്ചിരുന്നു. ചിത്രത്തില്‍ വിജയ് സേതുപതി അല്ലായിരുന്നെങ്കില്‍ ആരെ നായകനാക്കുമെന്ന് പറയുകയാണ് പ്രേം കുമാര്‍. വിജയ് സേതുപതി ഇല്ലായിരുന്നെങ്കില്‍ റാം എന്ന കഥാപാത്രമായി കാര്‍ത്തിയെ കാസ്റ്റ് ചെയ്യുമെന്ന് പ്രേം കുമാര്‍ പറഞ്ഞു. വിജയ് സേതുപതിയെപ്പോലെ മികച്ച നടനാണ് കാര്‍ത്തിയെന്നും പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് ഇക്കാര്യം വിജയ് സേതുപതി തന്നോട് ചോദിച്ചിരുന്നുവെന്നും താന്‍ ഈ മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹവും കാര്‍ത്തി നല്ലൊരു ചോയ്‌സാണെന്ന് പറഞ്ഞെന്നും പ്രേം കുമാര്‍ പറഞ്ഞു. തമിഴിലെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയില്‍ ഉള്ളവരാണ് കാര്‍ത്തിയും വിജയ് സേതുപതിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ മെയ്യഴകന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനിമ ഉലകത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രേം കുമാര്‍ ഇക്കാര്യം പറഞ്ഞത്.

Also Read: മമ്മൂക്കയില്‍ എപ്പോഴും തമാശ പറയുന്ന ഒരു കുട്ടിയുണ്ട്; അന്ന് മൂക്കുത്തി അമ്മനെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്: ഉര്‍വശി

’96ല്‍ വിജയ് സേതുപതി ഇല്ലായിരുന്നെങ്കില്‍ എന്റെ അടുത്ത ചോയ്‌സ് കാര്‍ത്തിയാണ്. വിജയ് സേതുപതിയെപ്പോലെ മികച്ച നടന്‍ തന്നെയാണ് കാര്‍ത്തി. റാം എന്ന ക്യാരക്ടര്‍ അയാളെ വിശ്വസിച്ച് ഏല്പിക്കാം. അയാളുടേതായ രീതിയില്‍ ഗംഭീരമാക്കുമെന്ന് ഉറപ്പാണ്. പല സിനിമയിലും കാര്‍ത്തി അത് തെളിയിച്ചിട്ടുമുണ്ട്. മെയ്യഴകന്‍ അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.

96ന്റെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് ഇതേ കാര്യം വിജയ് സേതുപതി സാര്‍ എന്നോട് ചോദിച്ചിരുന്നു.’എനിക്ക് ഡേറ്റ് ഇല്ലായിരുന്നെങ്കില്‍, അല്ലെങ്കില്‍ ഞാന്‍ നോ പറഞ്ഞിരുന്നെങ്കില്‍ ഏത് നടനെ കാസ്റ്റ് ചെയ്യും,’ എന്ന്. അപ്പോഴും ഞാന്‍ കാര്‍ത്തിയുടെ പേരാണ് പറഞ്ഞത്. ‘നല്ല ഓപ്ഷന്‍ തന്നെയാണ്. മികച്ച നടനാണ് അവന്‍’ എന്ന് വിജയ് സേതുപതി മറുപടി നല്‍കി. എന്റെ അഭിപ്രായത്തില്‍ തമിഴിലെ മികച്ച നടന്മാരുടെ പട്ടികയില്‍ അവര്‍ രണ്ടുപേരും ഉറപ്പായും ഉണ്ടാകും,’ പ്രേം കുമാര്‍ പറഞ്ഞു.

Content Highlight: Director Prem Kumar about 96 movie and Karthi