നിങ്ങള്‍ കാണാനാഗ്രഹിക്കുന്ന, ഞാന്‍ കാണാനാഗ്രഹിക്കുന്ന ലാലേട്ടന്‍; പുതിയ ചിത്രത്തെ കുറിച്ച് തരുണ്‍ മൂര്‍ത്തി

/

മോഹന്‍ലാലും ശോഭനയും ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന തുടരും. ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.

തുടരും എന്ന പേര് കൊണ്ട് താന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നും മോഹന്‍ലാല്‍ എന്ന നടനെ കുറിച്ചുമൊക്കെയാണ് തരുണ്‍ സംസാരിക്കുന്നത്.

തലമുറകളുടെ നായകനായ ഒരു മോഹന്‍ലാലിനെ തുടരും എന്ന ചിത്രത്തില്‍ കാണാനാകുമെന്നാണ് സംവിധായകന്‍ പറയുന്നത്. ചിത്രത്തിന്റെ സ്‌നീക്ക് പീക്ക് വിഡിയോയില്‍ സംസാരിക്കുകയായിരുന്നു തരുണ്‍.

സൂക്ഷ്മദര്‍ശിനിയിലെ കഥാപാത്രത്തിന് ഞാന്‍ റഫറന്‍സാക്കിയത് ആ ചിത്രം: സിദ്ധാര്‍ത്ഥ് ഭരതന്‍

‘മോഹന്‍ലാല്‍ എന്ന നടനെ വച്ച് ഞാന്‍ ചെയ്യുന്ന എന്റെ സിനിമ, അല്ലെങ്കില്‍ ഞങ്ങളുടെ സിനിമ… അതില്‍ എനിക്കേറ്റവും ഇഷ്ടപ്പെടുന്ന രീതിയില്‍ ലാലേട്ടനെ അവതരിപ്പിക്കാന്‍ പറ്റി എന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷം.

എന്റെയൊക്കെ വീടിന് അപ്പുറത്തോ അയല്‍വക്കത്തോ ഒക്കെ കണ്ടിട്ടുള്ള ഒരു ടാക്‌സി ഡ്രൈവര്‍, അയാളുടെ കുടുംബം, അയാളുടെ ചുറ്റുമുള്ള കഥാപാത്രങ്ങള്‍, കൂട്ടുകാര്‍, അയാളുടെ രസകരമായ മുഹൂര്‍ത്തങ്ങള്‍, അയാളുടെ ജീവിതം … അങ്ങനെയാണ് ഇതിനെ ട്രീറ്റ് ചെയ്തിരിക്കുന്നത്.

അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഒരുപാടു ചെറുപ്പക്കാരുണ്ട്. അവര്‍ക്കൊക്കെ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ഉണ്ടോയെന്നു ചോദിച്ചാല്‍ ഉണ്ട്. പക്ഷേ, അത് എങ്ങനെയാണ് ഞങ്ങള്‍ തുന്നിക്കെട്ടിയിരിക്കുന്നത് എന്ന് അറിയാന്‍ റിലീസ് വരെ കാത്തിരിക്കേണ്ടി വരും.’ തരുണ്‍ പറയുന്നു.

‘കുറേ നിമിഷങ്ങളുണ്ട്, സന്ദര്‍ഭങ്ങളുണ്ട്. ആ സന്ദര്‍ഭത്തിലേക്ക് ഇന്നത്തെ ലാലേട്ടന്‍ കടന്നുപോയിക്കഴിഞ്ഞാല്‍ അത് എങ്ങനെയുണ്ടാവും എന്നതാണ് നമ്മള്‍ പറയുന്നത്.

തലമുറകളുടെ നായകനായിട്ടുള്ള ഒരു മോഹന്‍ലാലിനെ കാണാന്‍ അല്ലെങ്കില്‍ മോഹന്‍ലാലിനൊപ്പം ശോഭന ചേരുമ്പോള്‍ കിട്ടുന്ന ഒരു കെമിസ്ട്രി കാണാനാണ് ഞങ്ങള്‍ വിളിക്കുന്നത്.

അതിനപ്പുറത്തേക്ക് നിങ്ങള്‍ ഊഹിച്ചുകൂട്ടുന്നതും മെനഞ്ഞ് കൂട്ടുന്നതുമൊക്കെ ഒരുപക്ഷേ നിങ്ങള്‍ക്ക് തന്നെ ബാധ്യത ആയേക്കാം. ഒരാളുടെ ജീവിതം തുടരും എന്ന് പറഞ്ഞ് നിര്‍ത്തുന്നതുപോലെ ഒരു പേര്. ആ പേരിലെ തുന്നിക്കെട്ട് എന്താണെന്നുള്ളത് സിനിമ തന്നെ പറയട്ടെ’, തരുണ്‍ മൂര്‍ത്തി പറയുന്നു.

മോഹന്‍ലാലിന്റെ കരിയറിലെ 360-ാം ചിത്രമാണ് തുടരും. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്.

ബേസിലിന് വിശ്രമിക്കാം; കൈ കൊടുത്ത് എയറിലായി സുരാജ്; കമന്റുമായി ടൊവിനോയും

ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.ആര്‍. സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

Content Highlight: Director Tharun Moorthy About Mohanlal-Shobhana Movie