ബസൂക്കയില്‍ അഭിനയിക്കുന്ന സമയത്ത് മറ്റൊരു സിനിമാക്കഥ അദ്ദേഹത്തോട് പറയുന്നത് ശരിയല്ലെന്നു തോന്നി: ഗൗതം വാസുദേവ് മേനോന്‍

/

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് ജനുവരി 23 ന് തിയേറ്ററുകളിലെത്തുകയാണ്.

ചിത്രത്തില്‍ നായകനായി മമ്മൂട്ടി തന്നെ വേണമെന്ന് തീരുമാനിച്ച ഘട്ടത്തെ കുറിച്ചും ബസൂക്കയില്‍ മമ്മൂട്ടിയോടൊപ്പം ഒരു മുഴുനീള വേഷം ചെയ്തതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഗൗതം വാസുദേവ് മേനോന്‍.

മഞ്ജു വാര്യര്‍ വഴിയാണ് തിരക്കഥാകൃത്തുക്കളെ പരിചയപ്പെടുന്നതെന്നും ഒടുവില്‍ കഥ മമ്മൂക്കയില്‍ ചെന്നുനിന്നെന്നും അദ്ദേഹം പറയുന്നു.

‘മഞ്ജു വാര്യരാണ് ഈ സിനിമയുടെ രചയിതാക്കളായ ഡോ. നീരജ് രാജനെയും ഡോ. സൂരജ് രാജനെയും എനിക്ക് പരിചയപ്പെടുത്തുന്നത്. എന്റെ സംവിധാനത്തില്‍ മഞ്ജു അഭിനയിക്കുന്ന ഒരു സിനിമയുടെ ചര്‍ച്ചയുമായി ഞങ്ങള്‍ മുന്നോട്ടുപോയി.

‘ദേവദൂതര്‍ പാടി’ ചാക്കോച്ചന്റെ പാട്ടാണെന്ന് കരുതുന്ന ജനറേഷനുണ്ട്; ഭരതന്‍ സാര്‍ പോലും സിനിമയ്ക്ക് ഈ ലൈഫ് പ്രതീക്ഷിച്ചുകാണില്ല: ആസിഫ്

പക്ഷേ, ആ പ്രോജക്ട് നടന്നില്ല. എങ്കിലും നീരജും സൂരജുമായുള്ള എന്റെ ചര്‍ച്ചകള്‍ മറ്റു പലരീതിയിലും തുടര്‍ന്നു. അങ്ങനെയൊരിക്കല്‍ ഡൊമിനിക്കിന്റെ ത്രെഡ് അവര്‍ പറഞ്ഞു. കഥ ഇഷ്ടമായതോടെ അതിന്‍മേല്‍ ഞങ്ങള്‍ ചര്‍ച്ചയാരംഭിച്ചു.

കഥ മുന്‍നിര്‍ത്തിയുള്ള സംസാരം മുന്നോട്ടുപോകവേ, ഒരുഘട്ടത്തില്‍, ഡൊമിനിക്കായി മമ്മൂക്ക എത്തിയാല്‍ നന്നാകുമെന്ന് തോന്നി. ബസൂക്ക സിനിമയില്‍ ഞാന്‍ മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുന്ന സമയമായിരുന്നു അത്.

പക്ഷേ, ഒന്നിച്ചഭിനയിക്കുന്ന സമയത്ത് മറ്റൊരു സിനിമാക്കഥ പറയുന്നത് ശരിയല്ലെന്നു തോന്നി. ബസൂക്ക പൂര്‍ത്തിയായശേഷം ജോര്‍ജേട്ടനെ വിളിച്ച് കാര്യമറിയിച്ചു.

കഥപറയാനായി മമ്മൂക്കയുടെ സമയം ചോദിച്ചു. മമ്മൂക്കയുടെ കൊച്ചിയിലെ വീട്ടില്‍ച്ചെന്ന് ഞാനും രചയിതാക്കളും ചേര്‍ന്ന് കഥ വിവരിച്ചു. വിഷയം ഇഷ്ടമായെന്നും വഴിയേ അറിയിക്കാമെന്നുമായിരുന്നു ആദ്യമറുപടി.

നവാസേ, ഏത് മീറ്ററിലായിരിക്കും നടക്കുക എന്ന് പൃഥ്വിരാജ് സാര്‍ ചോദിച്ചു, ഞാന്‍ ആദ്യമായിട്ട് കേള്‍ക്കുകയായിരുന്നു അത്: നവാസ് വള്ളിക്കുന്ന്

എന്നാല്‍, അടുത്തദിവസംതന്നെ വിളിച്ച് സിനിമയ്ക്കുവേണ്ട കാര്യങ്ങള്‍ ചെയ്തുതുടങ്ങാന്‍ ആവശ്യപ്പെട്ടു. അത്തരമൊരു മറുപടി ഞങ്ങളാരും മമ്മൂക്കയില്‍നിന്ന് പ്രതീക്ഷിച്ചിരുന്നില്ല.

മമ്മൂക്കയുടെ കമ്പനിതന്നെ സിനിമ നിര്‍മിക്കാന്‍ മുന്നോട്ടുവന്നു. മുപ്പതുദിവസംകൊണ്ട് അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും കണ്ടെത്തി ചിത്രീകരണം തുടങ്ങി.

ജൂലായില്‍ ചിത്രീകരണം തുടങ്ങി സെപ്റ്റംബറില്‍ അവസാനിപ്പിച്ചു. എന്റെ സിനിമാജീവിതത്തില്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ സിനിമയാണ് ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്.

മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ച ബസൂക്കയും പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പമൊരു മുഴുനീളവേഷം ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് ബസൂക്ക നല്‍കുന്ന വലിയ സന്തോഷം.

മമ്മൂക്കയെ ക്യാമറയ്ക്കുമുന്‍പില്‍ നിര്‍ത്തി സംവിധാനംചെയ്യുമ്പോഴും അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോഴും പുതിയ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനാകും,’ ഗൗതം വാസുദേവ് മേനോന്‍ പറയുന്നു.

Content Highlight: Gautham Vasudev Menon About Dominic and the ladies Purse