പൊന്മാനിലെ ബേസിലിന്റെ വേഷത്തിലേക്ക് ആ നടന്‍മാരെയൊക്കെ ആലോചിച്ചു, എല്ലാവര്‍ക്കും ഒരു കാര്യത്തില്‍ സംശയം: ജി.ആര്‍ ഇന്ദുഗോപന്‍

/

പൊന്മാന്‍ സിനിമയില്‍ ബേസില്‍ ചെയ്ത അജേഷ് പി.പി എന്ന കഥാപാത്രത്തിനായി മലയാള സിനിമയിലെ പല നടന്‍മാരേയും തങ്ങള്‍ സമീപിച്ചിരുന്നെന്നും എന്നാല്‍ പലരും ആ വേഷം ചെയ്യാന്‍ തയ്യാറായില്ലെന്നും കഥാകൃത്ത് ജി.ആര്‍ ഇന്ദുഗോപന്‍.

എല്ലാവര്‍ക്കും സംശയം ഒരു കാര്യത്തിലായിരുന്നെന്നും ഏറ്റവും ഒടുവിലാണ് ബേസിലിലേക്ക് എത്തിയതെന്നും ഇന്ദുഗോപന്‍ പറയുന്നു.

‘മറ്റു പല നടന്‍മാരെയും ഈ വേഷത്തിനായി ആലോചിച്ചിരുന്നു. പലര്‍ക്കും കഥയും ഇഷ്ടപ്പെട്ടു. പക്ഷേ, അവര്‍ക്കെല്ലാം ഉണ്ടായ സംശയം താന്‍ ഈ കഥാപാത്രത്തിലേക്കു വന്നാല്‍ ക്ലൈമാക്‌സില്‍ നായകന്‍ ജയിക്കുമെന്ന പ്രതീതി തുടക്കം മുതല്‍ ചിലപ്പോള്‍ കാണികള്‍ക്കു ലഭിക്കും എന്നതായിരുന്നു.

അങ്ങേയറ്റം സാധാരണക്കാരനായ നായകനാണ് പൊന്‍മാനിലേത്. അങ്ങനെയാണ് ബേസിലിലേക്കു വരുന്നത്. ഈ കഥാപാത്രത്തിന് എല്ലാംകൊണ്ടും യോജിച്ച താരമാണ് ബേസില്‍.

തിലകന്‍ സാറുമായി എന്നെ താരതമ്യം ചെയ്യുന്നത് സങ്കടകരം: അലന്‍സിയര്‍

കഥ കേട്ടപ്പോള്‍ തന്നെ ബേസിലിനും അതു മനസ്സിലായി. ഒരു പക്ഷേ, ഞാന്‍ വായിച്ചതിനെക്കാള്‍ കൂടുതല്‍ തവണ ഈ നോവല്‍ ബേസില്‍ വായിക്കുകയും ഇതിനെ എല്ലാ അര്‍ഥത്തിലും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്,’ ജി.ആര്‍ ഇന്ദുഗോപന്‍ പറയുന്നു.

തന്റെ കഥകള്‍ മുന്‍പും സിനിമയായിട്ടുണ്ടെങ്കിലും കഥയോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന ചിത്രം പൊന്‍മാന്‍ തന്നെയാണെന്നും അദ്ദേഹം പറയുന്നു.

ഉടന്‍ ഉണ്ടാകുമോ എന്ന് അറിയില്ല, എന്തായാലും പണി 2 വരും: ജോജു ജോര്‍ജ്

ചിത്രത്തിന്റെ സംവിധായകന്‍ ജോതിഷിനും പ്രധാന നടന്‍ ബേസിലിനും അതൊരു വാശിയായിരുന്നു. ഒട്ടേറെപ്പേര്‍ വായിച്ച ഒരു കഥ സിനിമയായി വരുമ്പോള്‍ അതിന്റെ മൂല്യങ്ങള്‍ ചോര്‍ന്നു പോകരുതെന്നും വായനക്കാരനെ ഒരിക്കലും നിരാശപ്പെടുത്തരുതെന്നും ഇരുവരും ആഗ്രഹിച്ചിരുന്നു.

നോവല്‍ എഴുതിയ ആള്‍ തന്നെ സിനിമയ്ക്കു സംഭാഷണവും എഴുതണമെന്ന വാശി സംവിധായകനും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ നോവലിന്റെ സാഹിത്യപരമായ മൂല്യങ്ങള്‍ സിനിമയാക്കുമ്പോള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു,’ ജി.ആര്‍ ഇന്ദുഗോപന്‍ പറയുന്നു.

Content Highlight: GR Indugopan about Ponman and Basil