മലയാള പ്രേക്ഷകരുടെ ജനപ്രിയ കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ – സത്യന്‍ അന്തിക്കാട്. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം മികച്ച ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചിട്ടുള്ളത്. പ്രേക്ഷകരോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന സിനിമകളാണ് സത്യന്‍ അന്തിക്കാട് എന്നും ഒരുക്കിയിട്ടുള്ളത്. നാടോടിക്കാറ്റ്, പട്ടണപ്രവേശം, ടി.പി. ബാലഗോപാലന്‍ എം.എ, വരവേല്പ്, പിന്‍ഗാമി തുടങ്ങിയ മികച്ച ചിത്രങ്ങള്‍ ഈ കോമ്പോയില്‍ പിറന്നവയാണ്. 10 വര്‍ഷത്തിന് ഇതേ കോമ്പോ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം. സംവിധായകന്‍ സത്യന്‍ അന്തിക്കാട് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഇപ്പോഴിതാ ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ സംവിധായകന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ്. മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായ ഐശ്വര്യ ലക്ഷ്മി ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന് സത്യന്‍ അന്തിക്കാട് അറിയിച്ചു. മായാനദി, വരത്തന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ ഐശ്വര്യ ആദ്യമായാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്.
മലയാളികളുടെ പ്രിയനടിമാരില്‍ ഒരാളായ സംഗീതയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. ചിന്താവിഷ്ടയായ ശ്യാമളക്ക് ശേഷം സംഗീത സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ഭാഗമാവുകയാണ് ഹൃദയപൂര്‍വത്തിലൂടെ. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമാപ്രേമികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നൊസ്റ്റാള്‍ജിക് കോമ്പോ വീണ്ടും ഒന്നിക്കുന്ന ത്രില്ലില്ലാണ് ആരാധകര്‍.
ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ഹൃദയപൂര്‍വം അടുത്ത വര്‍ഷം പകുതിയോടെ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് വര്‍ഷത്തിന് ശേഷം സത്യന്‍ അന്തിക്കാട് സംവിധായക കുപ്പായമണിയുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വം. ഫഹദ് ഫാസില്‍ നായകനായ ഞാന്‍ പ്രകാശനാണ് സത്യന്‍ ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്ത ചിത്രം. എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സത്യനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
Content Highlight: Hridayapoorvam movie update by Sathyan Anthikkad