ആ സീന്‍ കണ്ട് ആളുകളുടെ കണ്ണുനിറഞ്ഞുവെന്ന് പറഞ്ഞു; കേട്ടപ്പോള്‍ സന്തോഷം തോന്നി: ജഗദീഷ്

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു നടനാണ് ജഗദീഷ്. കോമഡി മാത്രം ചെയ്തിരുന്ന അദ്ദേഹം ഇപ്പോള്‍ സീരിയസ് വേഷങ്ങളും ചെയ്യുന്നുണ്ട്. 2023ല്‍ പുറത്തിറങ്ങിയ ഫാലിമി എന്ന സിനിമയിലും ഈയിടെ പുറത്തിറങ്ങിയ വാഴ എന്ന സിനിമയിലും അച്ഛന്‍ കഥാപാത്രമായാണ് ജഗദീഷെത്തിയത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ആ കഥാപാത്രങ്ങളുടെ വ്യത്യസ്തതകളെ കുറിച്ച് പറയുകയാണ് നടന്‍.

‘പ്രേക്ഷകര്‍ എന്നില്‍ നിന്ന് എന്താണോ പ്രതീക്ഷിക്കുന്നത് അതാണ് ഞാന്‍ സിനിമയില്‍ ചെയ്യേണ്ട്. ഞാന്‍ ഇപ്പോള്‍ ഒരു അച്ഛന്റെ സ്റ്റേജിലാണ് ഉള്ളത്. അതില്‍ നിന്നുകൊണ്ട് എങ്ങനെ എന്റെ സിനിമകളില്‍ വെറൈറ്റി കൊടുക്കാമെന്നാണ് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത്.

Also Read: അന്ന് ദിവസവും വീഴുന്നതായിരുന്നു എന്റെ പണി; ആ മോഹന്‍ലാല്‍ ചിത്രം എനിക്ക് ബുദ്ധിമുട്ടായിരുന്നു: ഭാവന

പിന്നെ വേണമെങ്കില്‍ എന്റെ ഫ്‌ളാഷ്ബാക്ക് സീനില്‍ രണ്ട് സീനിലൊക്കെ റൊമാന്‍സ് കൊടുക്കാവുന്നതാണ്. കാരണം ചിലപ്പോള്‍ അത് ജനം സഹിക്കും. ഡി ഏജിങ്ങോ ഗ്രാഫിക്‌സോ ഇല്ലാതെ തന്നെ കുറച്ചൊക്കെ എനിക്ക് പിടിച്ചുനില്‍ക്കാം (ചിരി).

പിന്നെ കഥാപാത്രത്തിന്റെ വ്യത്യസ്തത എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് ഓരോ സിനിമയിലെയും അച്ഛന്‍മാര്‍ വ്യത്യസ്തരായിരിക്കണമെന്നാണ്. ഉദാഹരണത്തിന്് ഫാലിമിയിലെ അച്ഛനല്ല വാഴയിലെ എന്റെ അച്ഛന്‍ കഥാപാത്രം. അയാളുടെ പെരുമാറ്റങ്ങളും ചലനങ്ങളും ഇമോഷന്‍സുമെല്ലാം വ്യത്യസ്തമാണ്.

Also Read: ‘ അഭിനയത്തില്‍ ലാല്‍ നിന്നെ വിഴുങ്ങിക്കളയുമെന്ന് ഞാന്‍ അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കി’

ആ വ്യത്യാസം എനിക്ക് സിനിമയില്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ പറ്റുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. ആ രണ്ട് പടങ്ങളും നന്നായി വിജയിച്ചിട്ടുണ്ട്. അതില്‍ എനിക്ക് വലിയ സന്തോഷവുമുണ്ട്. ഞാന്‍ ഫാലിമി സിനിമയില്‍ ഒരു സീനില്‍ പ്രേക്ഷകരെ കരയിച്ചിട്ടുണ്ട്.

പിന്നെ വാഴയിലെ ക്ലൈമാക്സിലെ എന്റെ സീന്‍ കണ്ടിട്ട് ഒരുപാടാളുകള്‍ കണ്ണ് നിറഞ്ഞെന്ന് പറഞ്ഞ് എനിക്ക് മെസേജ് അയച്ചിരുന്നു. അതേ കാര്യം റിവ്യൂസിലെല്ലാം പലരും പറഞ്ഞിട്ടുമുണ്ട്. ഞാന്‍ വാഴയിലെ ക്ലൈമാക്സ് സീനില്‍ വളരെ നന്നായിട്ടുണ്ടെന്നാണ് ലീഡിങ് റിവ്യൂവേഴ്സെല്ലാം പറഞ്ഞിരിക്കുന്നത്. അത് കേള്‍ക്കുമ്പോള്‍ ശരിക്കും ഒരുപാട് സന്തോഷം തോന്നിരുന്നു,’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadish Talks About His Characters In New Movies