ജന്മദിനം ഏറ്റവും ദുഃഖപൂര്‍ണമാക്കിയതിന് നന്ദി; പീഡനം പോലെ വേദനാജനകമാണ് വ്യാജ പീഡനാരോപണം: ജയസൂര്യ

jayasurya

തനിക്ക് നേരെ വന്ന പീഡനാരോപണത്തില്‍ പ്രതികരണവുമായി നടന്‍ ജയസൂര്യ. ആര്‍ക്കുമിത്തരം വ്യാജ ആരോപണങ്ങള്‍ ആര്‍ക്കു നേരെയും, എപ്പോള്‍ വേണമെങ്കിലും ഉന്നയിക്കാമെന്നാണ് നടന്‍ പറയുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയസൂര്യയുടെ പ്രതികരണം.

പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതെന്നും ജയസൂര്യ പറയുന്നു. സത്യം ചെരുപ്പ് ധരിക്കുമ്പോഴേയ്ക്കും, നുണ ലോക സഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കുമെന്നും എങ്കിലും അന്തിമ വിജയം സത്യത്തിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ തന്റെ ജോലികള്‍ കഴിഞ്ഞയുടന്‍ താന്‍ തിരിച്ചെത്തി നിരപരാധിത്വം തെളിയാന്‍ ഉള്ള നിയമപോരാട്ടം തുടരുമെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു. തന്റെ ജന്മദിനം ഏറ്റവും ദുഃഖപൂര്‍ണമാക്കിയതിന് അതില്‍ പങ്കാളിയായവര്‍ക്ക് നന്ദിയും അദ്ദേഹം പറയുന്നുണ്ട്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം എന്ന് പറഞ്ഞു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

Also Read: മാറ്റം വേണമെന്ന് സ്വയം തീരുമാനിക്കണം; ഞാന്‍ നിവിനെ വിമര്‍ശിച്ചിരുന്നു: അജു വര്‍ഗീസ്

നടന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘ഇന്ന് എന്റെ ജന്മദിനം. ആശംസകള്‍ നേര്‍ന്ന് സ്‌നേഹപൂര്‍വം കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. വ്യക്തിപരമായ ചില അത്യാവശ്യങ്ങള്‍ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി ഞാന്‍ കുടുംബസമേതം അമേരിക്കയിലാണ്. ഇതിനിടയിലാണ് തീര്‍ത്തും അപ്രതീക്ഷിതമായി എനിക്കു നേരെ രണ്ട് വ്യാജ പീഡനാരോപണങ്ങള്‍ ഉണ്ടാകുന്നത്.

സ്വാഭാവികമായും മറ്റേതൊരു വ്യക്തിയേയും പോലെ അത് എന്നെയും തകര്‍ത്തു. എന്റെ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തി. എന്നെ ചേര്‍ത്ത് നിറുത്തിയ ഓരോരുത്തര്‍ക്കും അത് വല്ലാത്തൊരു മുറിവായി, വേദനയായി. മരവിപ്പുകള്‍ക്ക് ഒടുവില്‍ ഞാന്‍ നിയമ വിദഗ്ദരുമായി കൂടിയാലോചനകള്‍ നടത്തി. ഇനിയുള്ള കാര്യങ്ങള്‍ അവര്‍ തീരുമാനിച്ചുകൊള്ളും.

Also Read: ബലാത്സംഗ ശ്രമംവരെയുണ്ടായി ; ഞാന്‍ വഴങ്ങുമോ എന്ന് സംവിധായകന്‍ ഹരിഹരന്‍ ചോദിച്ചു; ഗുരുതര ആരോപണവുമായി ചാര്‍മിള

jayasurya's facebook post

ആര്‍ക്കും ഇത്തരം വ്യാജ ആരോപണങ്ങള്‍ ആര്‍ക്കു നേരെയും, എപ്പോള്‍ വേണമെങ്കിലും ഉന്നയിക്കാം. മനസാക്ഷി ഇത്തിരി പോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും എന്ന് ഓര്‍ക്കുന്നത് നന്ന്. സത്യം ചെരുപ്പ് ധരിക്കുമ്പോഴേയ്ക്കും, നുണ ലോക സഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ.

എങ്കിലും അന്തിമ വിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണ്. ഇവിടത്തെ ജോലികള്‍ കഴിഞ്ഞ ഉടന്‍ ഞാന്‍ തിരിച്ചെത്തും. നിരപരാധിത്വം തെളിയാന്‍ ഉള്ള നിയമപോരാട്ടം തുടരും. നമ്മുടെ നീതിന്യായ വ്യവസ്ഥിതിയില്‍ ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു. ഈ ജന്മദിനം ഏറ്റവും ദുഃഖപൂര്‍ണമാക്കിയതിന്, അതില്‍ പങ്കാളിയായവര്‍ക്ക് നന്ദി. ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ…. പാപികളുടെ നേരെ മാത്രം.’

Content Highlight: Jayasurya Talks About Sexual Abuse Allegation