ശക്തിമാനെക്കുറിച്ച് ബേസില്‍ അധികം സംസാരിക്കാത്തതിന്റെ കാരണം അതാകും: ജീത്തു ജോസഫ്

ത്രില്ലറുകള്‍ക്ക് പുതിയൊരു ഭാഷ്യം സൃഷ്ടിച്ച സംവിധായകനാണ് ജീത്തു ജോസഫ്. ദൃശ്യം, മെമ്മറീസ്, 12th മാന്‍, ദൃശ്യം 2, കൂമന്‍ എന്നീ സിനമകള്‍ ജീത്തുവിന്റെ മികച്ച സിനിമകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവയാണ്. കോമഡിയും തനിക്ക് വഴങ്ങുമെന്ന് ജീത്തു ജോസഫ് തെളിയിച്ച സിനിമകളാണ് മൈ ബോയും നുണക്കുഴിയും. ബേസില്‍ ജോസഫാണ് നുണക്കുഴിയിലെ നായകന്‍.

സംവിധാനത്തിന് ഇടവേള നല്‍കി അഭിനയത്തില്‍ ശ്രദ്ധ നല്‍കുകയാണ് ബേസില്‍ ഇപ്പോള്‍. മിന്നല്‍ മുരളിക്ക് ശേഷം ബോളിവുഡില്‍ രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ശക്തിമാന്‍ സംവിധാനം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ കേട്ടിരുന്നുവെങ്കിലും ചിത്രത്തെക്കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നിട്ടില്ല. ബേസില്‍ ശക്തിമാന്‍ എന്ന പ്രൊജക്ടിനെക്കുറിച്ച് അധികം സംസാരിക്കാത്തതിന്റെ കാരണം പറയുകയാണ് ജീത്തു ജോസഫ്.

Also Read ആ സിനിമ ചെയ്തത് ഷാജി കൈലാസും, രണ്‍ജി പണിക്കരുമാണെന്ന് ആരും ഇപ്പോള്‍ വിശ്വസിക്കില്ല: വിജയകുമാര്‍

സോണി പിക്‌ചേഴ്‌സാണ് ശക്തിമാന്റെ നിര്‍മാതാക്കളെന്നും അവരുമായി താനും ഒരു പ്രൊജക്ട് ചെയ്യുന്നുണ്ടെന്നും ജീത്തു പറഞ്ഞു. പ്രൊഡക്ഷന്‍ ഹൗസില്‍ നിന്ന് അറിയിപ്പില്ലാതെ സിനിമയെക്കുറിച്ച് സംസാരിക്കാന്‍ അനുവാദമില്ലെന്നും അക്കാരണം കൊണ്ടാണ് ബേസില്‍ ശക്തിമാനെക്കുറിച്ച് സംസാരിക്കാത്തതെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് ഇക്കാര്യം പറഞ്ഞത്.

‘ഈ ഇന്റര്‍വ്യൂവില്‍ എന്നല്ല, എപ്പോള്‍ ശക്തിമാനെക്കുറിച്ച് ചോദിച്ചാലും ബേസില്‍ അധികമൊന്നും സംസാരിക്കില്ല. ഈ സിനിമ ഡ്രോപ്പായോ, അതോ ചെയ്യുന്നുണ്ടോ, രണ്‍വീര്‍ സിങ്ങാണോ നായകന്‍ എന്ന് പലരും അവനോട് ചോദിക്കുന്നുണ്ട്. എന്നാല്‍ എല്ലാ ചോദ്യവും അവന്‍ മാക്‌സിമം ഒഴിവാക്കി വിടുകയാണ് ചെയ്യുന്നത്. അതിന്റെ കാരണം എനിക്കറിയാം.

Also Read എന്തുകൊണ്ട് ഗ്ലാമര്‍ – മോഡേണ്‍ വേഷങ്ങള്‍ ചെയ്യുന്നില്ലെന്നാണ് ചോദ്യം; എനിക്ക് അതിന് മറുപടിയുണ്ട്: നിഖില വിമല്‍

സോണി പിക്‌ചേഴ്‌സാണ് ശക്തിമാന്‍ പ്രൊഡ്യൂസ് ചെയ്യുന്നത്. അതിന്റെ ബാക്കി അപ്‌ഡേറ്റും അവര്‍ തന്നെ വഴിയേ അറിയിക്കും. കരാണം, ഞാനും അവരുമായി ഒരു പ്രൊജക്ട് ചെയ്യുന്നുണ്ട്. അവരുടെ ഭാഗത്ത് നിന്ന് ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് വരുന്നതുവരെ നമുക്ക് ഒന്നും സംസാരിക്കാന്‍ പറ്റില്ല. അങ്ങനെയാണ് അവരുമായുള്ള എഗ്രിമെന്റ്. ശക്തിമാന്റെ കാര്യത്തിലും അങ്ങനെയാണെന്ന് കരുതുന്നു,’ ജീത്തു ജോസഫ് പറഞ്ഞു.

Content Highlight: Jeethu Joseph about why Basil reveals not much about Shakthimaan movie