രേഖാചിത്രം എന്ന ചിത്രത്തില്‍ ചെറിയൊരു സീനില്‍ അഭിനയിക്കുകയും എഡിറ്റില്‍ ആ സീന്‍ കട്ടായതറിയാതെ സുഹൃത്തുക്കളെ കൂട്ടി സിനിമയ്‌ക്കെത്തുകയും ചെയ്ത സുലേഖയുടെ കഥ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
അന്ന് നടന്ന സംഭവത്തെ കുറിച്ചും തിയേറ്ററില്‍വെച്ചുണ്ടായ സുലേഖ ചേച്ചിയുടെ കരച്ചിലിനെ കുറിച്ചും അതുകണ്ട് വല്ലാത്തൊരു അവസ്ഥയിലാതിനെ കുറിച്ചും പറയുകയാണ് ജോഫിന്‍.
സിനിമയുടെ വിജയം ആ സമയത്ത് തങ്ങള്‍ക്ക് എന്‍ജോയ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും വല്ലാത്തൊരു അവസ്ഥയില്‍ ആയിപ്പോയെന്നുമാണ് ജോഫിന്‍ പറയുന്നത്.
‘ സിനിമയുടെ ആദ്യ ഷോ കഴിഞ്ഞു. പ്രതികരണം ഒന്നും അറിയുന്നില്ല. ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ എന്റെ കൈയില്‍ ഒരാള്‍ പിടിച്ചു. ഞാന്‍ നോക്കിയപ്പോള്‍ ഈ ചേച്ചി അവിടെ കിടന്ന് പൊട്ടിക്കരയുകയാണ്. ചേച്ചി ഒരു 30 പേരേയും കൊണ്ടാണ് പടം കാണാന്‍ വന്നത്.
ചേച്ചി സിനിമയുടെ ഭാഗമാകുന്നത് വളരെ യാദൃശ്ചികമായിട്ടാണ്. അന്ന് ഷൂട്ട് സമയത്ത് ഇവിടെ അടുത്തൊരു നാടക നടിയുണ്ട്. നന്നായി പെര്‍ഫോം ചെയ്യും. നമുക്ക് ചെയ്താലോ എന്ന് എ.ഡി സുമേഷാണ് പറയുന്നത്.
അങ്ങനെ ചേച്ചിയെ വിളിച്ചു. ഞങ്ങള്‍ അപ്പോള്‍ ഉണ്ടാക്കിയ ഒരു പരിപാടിയാണ് സീന്‍. ഭയങ്കര രസമായി പുള്ളിക്കാരി ചെയ്തു. ചെറിയൊരു ഫണ്‍ പരിപാടിയാണ്. രണ്ട് മൂന്ന് ഷോട്ടുള്ള കുഞ്ഞ് സീന്‍. എല്ലാവരും കയ്യൊക്കെ അടിച്ചു. സന്തോഷത്തോടെ ചേച്ചി പോയി.
പിന്നീട് പുള്ളിക്കാരി വന്ന് ഡബ്ബും ചെയ്തു. ഫൈനല്‍ എഡിറ്റിന്റെ സമയത്ത് ഇന്‍വെസ്റ്റിഗേഷന്‍ എപ്പിസോഡ് നീണ്ടുപോകുന്നു എന്ന് വന്നപ്പോള്‍ ഒന്ന് രണ്ട് സാധനം കട്ട് ചെയ്തു. അതില്‍ ഈ സാധനം പോയി. അന്ന് ഞാന്‍ അത്ര സീരിയസ് ആക്കി എടുത്തില്ല.
അങ്ങനെയാണ് റിലീസിന് ഇവര്‍ 30 പേരേയും കൂട്ടി സിനിമ കാണാന്‍ വന്നത്. നോക്കുമ്പോള്‍ ചേച്ചി സിനിമയില്‍ ഇല്ല. എന്നെ കെട്ടിപ്പിടിച്ച് എന്നോടിത് ചെയ്തല്ലോ സാറേ എന്ന് ചോദിച്ച് ഒരു കരച്ചിലാണ്.
ഒന്നാമത് ഞാന്‍ മാനസികമായി വിഷമിച്ച് നില്‍ക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലല്ലോ. വല്ലാത്ത മാനസികാവസ്ഥയില്‍ എന്താണ് പറയേണ്ടതെന്ന് അറിയാതെ ഞാന്‍ താഴേക്ക് ഇറങ്ങി.
ആ വഴി വന്ന ആസിക്കയോടും ഇവര്‍ അത് പറഞ്ഞു. ആസിഫക്കയുടേയും കൈയീന്ന് പോയി. ഞങ്ങള്‍ രണ്ടുപേരും പുറത്തിറങ്ങിയെങ്കിലും സിനിമയെ കുറിച്ച് ആള്‍ക്കാര്‍ നല്ലത് പറഞ്ഞത് ഞങ്ങള്‍ക്ക് എന്‍ജോയ് ചെയ്യാന്‍ പറ്റിയില്ല.
ഈ സിനിമ പറയുന്നത് സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ കഥയായിരുന്നു. അതുകൊണ്ട് തന്നെ എന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു മിസ്‌റ്റേക്ക് വരാന്‍ പാടില്ലായിരുന്നു.
ഇത്തരത്തില്‍ എഡിറ്റിങ്ങില്‍ കട്ടായിപ്പോയ ഒന്ന് രണ്ട് പേരെ ഞങ്ങള്‍ ആ വിവരം അറിയിച്ചിരുന്നു. ഇവരെ വിട്ടുപോയി. അത് അവരെ അത്രത്തോളം ബാധിച്ചു എന്ന് അറിഞ്ഞപ്പോഴാണ് പ്രസ് മീറ്റിന്റെ സമയത്ത് അവരോട് അങ്ങോട്ട് വരാന്‍ പറയുന്നത്,’ ജോഫിന്‍ പറഞ്ഞു.
Content Highlight: Joffin T Chacko about Sulekhs chechi rekhachechi