ആ സിനിമക്ക് വേണ്ടി അമല്‍ ഒരുപാട് കഷ്ടപ്പെട്ടു; അത്രയും ടെന്‍ഷനില്‍ മുമ്പ് കണ്ടിരുന്നില്ല: ജ്യോതിര്‍മയി

ഗോപന്‍ ചിതംബരന്‍ എഴുതി അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമയായിരുന്നു ഇയ്യോബിന്റെ പുസ്തകം. 2014ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ഫഹദ് ഫാസില്‍, ലാല്‍, ജയസൂര്യ, ഇഷ ശര്‍വാണി, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ജിനു ജോസഫ്, പത്മപ്രിയ തുടങ്ങിയ വലിയ താരനിരയായിരുന്നു ഒന്നിച്ചത്.

ഈ സിനിമയുടെ സമയത്താണ് അമല്‍ നീരദിനെ താന്‍ എറ്റവും കൂടുതല്‍ ടെന്‍ഷനടിച്ച് കണ്ടിട്ടുള്ളതെന്ന് പറയുകയാണ് ജ്യോതിര്‍മയി. സിനിമറ്റോഗ്രഫി ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതല്‍ റിലാക്‌സ്ഡാവുന്ന സമയമെന്ന് അമല്‍ പറയാറുണ്ടെന്നും ജ്യോതിര്‍മയി കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു നടി.

Also Read: ഫഹദിന്റെയും എന്റെയും ആദ്യ സീന്‍; താന്‍ പ്രൊഡ്യൂസറല്ലേ, ഇങ്ങനെ ചിരിച്ചാല്‍ എങ്ങനെയാണെന്ന് അമല്‍ ചോദിച്ചു: ജ്യോതിര്‍മയി

‘സിനിമറ്റോഗ്രഫി ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതല്‍ റിലാക്‌സ്ഡ് ആവുന്ന സമയമെന്നാണ് അമല്‍ പറയാറുള്ളത്. കാരണം ആ സമയത്ത് ബാക്കി ടെന്‍ഷനുകളുടെ ആവശ്യം വരുന്നില്ല. ഇയ്യോബിന്റെ പുസ്തകം എന്ന സിനിമ ചെയ്യുമ്പോഴാണ് അമല്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ടത്.

ആ സിനിമയില്‍ അമല്‍ പ്രൊഡ്യൂസറും സംവിധായകനും ക്യാമറാമാനും ആയിരുന്നു. അത്രയും ടെന്‍ഷനടിച്ച് ഒരിക്കലും അമലിനെ ഞാന്‍ കണ്ടിരുന്നില്ല. അമലിന്റെ അമ്മ ‘മോനേ, എല്ലാം കൂടെ ചെയ്യാന്‍ പറ്റില്ലെങ്കില്‍ എല്ലാം ഏറ്റെടുക്കേണ്ട’ എന്ന് പറഞ്ഞിരുന്നു. അപ്പോഴും അമലിന്റെ ഉള്ളില്‍ ഒരു സംവിധായകന്‍ ശക്തമായി നില്‍ക്കുന്നുണ്ട്.

Also Read: എന്നെക്കാള്‍ കൂടുതല്‍ അറ്റന്‍ഷന്‍ കിട്ടുന്നത് അവന്റെ ഡാന്‍സിന്; എന്നാല്‍ ബോഗെയ്ന്‍വില്ലയിലെ ഡാന്‍സ് അവന് പിടികിട്ടിയിട്ടില്ല: കുഞ്ചാക്കോ ബോബന്‍

സംവിധാനത്തിനോടുള്ള താത്പര്യം കൂടുതല്‍ നില്‍ക്കുന്നത് കൊണ്ടാകാം ചിലപ്പോള്‍ കൂടുതല്‍ സിനിമകള്‍ അമല്‍ സംവിധാനം ചെയ്യുന്നത്. ഒരുപക്ഷെ കുറച്ച് കഴിഞ്ഞാല്‍ ഒരു റിലാക്‌സ്ഡ് മൂഡിലേക്ക് പോകണമെന്ന് തോന്നുമ്പോള്‍ അമല്‍ സിനിമറ്റോഗ്രഫിയിലേക്ക് കോണ്‍സന്‍ഡ്രേറ്റ് ചെയ്‌തേക്കാം,’ ജ്യോതിര്‍മയി പറയുന്നു.

ഭീഷ്മ പര്‍വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബോഗെയ്ന്‍വില്ല. ഒരു ഇടവേളക്ക് ശേഷം ജ്യോതിര്‍മയി നായികയായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ജ്യോതിര്‍മയിക്ക് പുറമെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ഷറഫുദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങിയ മികച്ച താരങ്ങളാണ് ഈ ചിത്രത്തില്‍ ഒന്നിക്കുന്നത്.

Content Highlight: Jyothirmayi Talks About Amal Neerad’s Cinematography