ചാക്കോച്ചനും ഫഹദും ആ കാര്യത്തില്‍ മാത്രം ഒരുപോലെ; അവരില്‍ കണ്ട ഏറ്റവും നല്ല ക്വാളിറ്റി: ജ്യോതിര്‍മയി

ഭീഷ്മ പര്‍വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത് വരാനിരിക്കുന്ന സിനിമയാണ് ബോഗെയ്ന്‍വില്ല. ജ്യോതിര്‍മയി നായികയായി എത്തുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ഷറഫുദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങിയ മികച്ച താരങ്ങളാണ് ഒന്നിക്കുന്നത്.

ജ്യോതിര്‍മയി മുമ്പ് കുഞ്ചാക്കോ ബോബനൊപ്പം രണ്ട് സിനിമകളില്‍ (സീനിയേഴ്‌സ്, കല്യാണരാമന്‍) അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ജോഡിയായി എത്തുന്നത്. അതേസമയം ഫഹദ് ഫാസിലിനൊപ്പം ആദ്യമായാണ് നടി ഒരു സിനിമയില്‍ അഭിനയിക്കുന്നത്.

Also Read: ഞങ്ങളുടെ ജീവിതത്തില്‍ പറയാറുള്ള ഡയലോഗാണ് അമല്‍ ഭീഷ്മപര്‍വത്തില്‍ ഉപയോഗിച്ചത്: ജ്യോതിര്‍മയി

ബോഗെയ്ന്‍വില്ലയില്‍ അഭിനയിക്കുന്നതിന്റെ ഇടയില്‍ താന്‍ കുഞ്ചാക്കോ ബോബനിലും ഫഹദ് ഫാസിലിലും കണ്ട ഒരു നല്ല ക്വാളിറ്റിയെ കുറിച്ച് പറയുകയാണ് ജ്യോതിര്‍മയി. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

ഇരുവരും ഒരുപോലെ ആയിരുന്നെന്നും എതിരെ നില്‍ക്കുന്ന ആളുടെ അഭിനയം ഒന്നുകൂടെ മെച്ചപ്പെടുത്താനായി അവര്‍ നന്നായി സപ്പോര്‍ട്ട് ചെയ്യുമായിരുന്നെന്നുമാണ് ജ്യോതിര്‍മയി പറയുന്നത്. സിനിമയില്‍ അഭിനയിക്കുന്ന ഏതെങ്കിലും ഒരാളോ ഒരു ഫാക്ടറോ മാത്രം നന്നായത് കൊണ്ട് ആ സിനിമക്ക് സ്വീകാര്യത കിട്ടണമെന്നില്ലെന്നും നടി പറഞ്ഞു.

Also Read: ആ സിനിമക്ക് വേണ്ടി അമല്‍ ഒരുപാട് കഷ്ടപ്പെട്ടു; അത്രയും ടെന്‍ഷനില്‍ മുമ്പ് കണ്ടിരുന്നില്ല: ജ്യോതിര്‍മയി

‘സിനിമയില്‍ അഭിനയിക്കുമ്പോള്‍ സെറ്റില്‍ ഫഹദാണെങ്കിലും ചാക്കോച്ചനാണെങ്കിലും ഒരുപോലെ ആയിരുന്നു. ഓപ്പോസിറ്റ് നില്‍ക്കുന്ന ആക്ടറിന്റെ അഭിനയം ഒന്നുകൂടെ മെച്ചപ്പെടുത്താനായി അവര്‍ നന്നായി സപ്പോര്‍ട്ട് ചെയ്യുമായിരുന്നു. അത് ശരിക്കും വളരെ പ്രധാനപ്പെട്ട കാര്യമാണ്.

സിനിമയില്‍ ഒരാള്‍ മാത്രം നന്നായത് കൊണ്ടോ എന്തെങ്കിലും ഒരു ഫാക്ടര്‍ മാത്രം നന്നായത് കൊണ്ടോ ആ സിനിമക്ക് സ്വീകാര്യത കിട്ടണമെന്നില്ല. ഫുള്‍ സിനിമക്കും സ്വീകാര്യത കിട്ടുമ്പോഴാണ് ഒരു സിനിമ വിജയിക്കുന്നത്. ഫഹദിലും ചാക്കോച്ചനിലും കണ്ട നല്ല ക്വാളിറ്റിയായിരുന്നു അത്,’ ജ്യോതിര്‍മയി പറയുന്നു.

Content Highlight: Jyothirmayi Talks About Fahadh Faasil And Kunchacko Boban