ഉലകനായകന്‍ എന്ന വിളി ഇനി വേണ്ട: അഭ്യര്‍ത്ഥനയുമായി കമല്‍ ഹാസന്‍

ബാലതാരമായി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവന്ന ഇന്ത്യന്‍ സിനിമയിലെ സകലകലാവല്ലഭനാണ് കമല്‍ ഹാസന്‍. 64 വര്‍ഷത്തെ സിനിമാജീവിതത്തില്‍ കമല്‍ കൈവെക്കാത്ത മേഖലകളില്ല. അഭിനയത്തിന് പുറമെ, തിരക്കഥ, ഗാനരചന, ഗായകന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, കൊറിയോഗ്രാഫര്‍, സംവിധാനം തുടങ്ങി സകലമേഖലയിലും കമല്‍ ഹാസന്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.

ഞാന്‍ കഥ പറഞ്ഞാല്‍ മമ്മൂക്കയുടെ ഡേറ്റ് കിട്ടില്ലെന്ന് ഉറപ്പായിരുന്നു, അദ്ദേഹത്തേയും കൂട്ടിയാണ് പോയത്: ബ്ലെസി

അഭിനയത്തിലെ പ്രാവീണ്യം കണ്ട് ആരാധകര്‍ ഉലകനായകന്‍, ആണ്ടവര്‍ എന്നീ വിളിപ്പേരുകളും കമല്‍ ഹാസന് ചാര്‍ത്തിക്കൊടുത്തിരുന്നു. തന്നെ ഇനിമുതല്‍ ഉലകനായകനെന്നോ ആണ്ടവരെന്നോ വിളിക്കരുതെന്ന അപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് കമല്‍ ഹാസന്‍ ഇക്കാര്യം അറിയിച്ചത്.

തന്നോടുള്ള ആദരവും സ്‌നേഹവും കൊണ്ട് ആരാധകരും സഹപ്രവര്‍ത്തകരും ഒരുപാട് പട്ടങ്ങള്‍ തനിക്ക് ചാര്‍ത്തി തന്നിട്ടുണ്ടെന്നും അതെല്ലാം സ്‌നേഹപൂര്‍വം സ്വീകരിച്ചിരുന്നെന്നും കമല്‍ ഹാസന്‍ പറഞ്ഞു. എന്നാല്‍ സിനിമ എന്ന കല ഒരു തനി മനുഷ്യനെക്കാള്‍ വലുതാണെന്നും താന്‍ അതില്‍ എല്ലാ കാലത്തും പുതിയ ഓരോന്ന് പഠിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരുവനാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

കലയെക്കാള്‍ വലുതല്ല കലാകാരനെന്നും ഓരോ തവണയും പറ്റുന്ന തെറ്റുകളില്‍ നിന്ന് സ്വയം പരിണാമം ചെയ്ത് മികച്ചതാക്കാന്‍ ശ്രമിക്കുന്ന മനുഷ്യനാണ് താനെന്നും കമല്‍ ഹാസന്‍ പറഞ്ഞു. എല്ലായ്‌പ്പോഴും താഴ്മയായി നിന്നുകൊണ്ട് തന്റെ അപൂര്‍ണതകളെക്കുറിച്ച നല്ല ബോധ്യമുള്ള ഒരുവനാണ് താനെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

എനിക്ക് ഒരു ആശങ്കയുമുണ്ടായിരുന്നില്ല, മമ്മൂക്കയ്ക്ക് ഇത് മനസിലാകുമെന്ന് ഉറപ്പായിരുന്നു: ജിയോ ബേബി

അതിനാല്‍ തന്നെ സ്‌നേഹിക്കുന്നവരും ബഹുമാനിക്കുന്നവരും ഇനിമുതല്‍ തന്നെ കമല്‍ ഹാസനെന്നോ കെ.എച്ച് എന്നോ മാത്രം അഭിസംബോധന ചെയ്താല്‍ മതിയെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. ഒരുപാട് ആലോചനകള്‍ക്ക് ശേഷമാണ് താന്‍ ഈ തീരുമാനത്തിലെത്തിയതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. ഇതുവരെ തനിക്ക് മേല്‍ ചൊരിഞ്ഞ സ്‌നേഹത്തിനും മര്യാദക്കും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നുവെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ‘നിങ്ങളുടെ ഞാന്‍, കമല്‍ ഹാസന്‍’ എന്ന ക്യാപ്ഷനോടെയാണ് കമല് ഹാസന്‍ പോസ്റ്റ് ചെയ്തത്.

ഇതിന് മുമ്പ് തമിഴ് സൂപ്പര്‍താരം അജിത് കുമാറും ഇത്തരത്തില്‍ പ്രസ്താവന നടത്തിയിരുന്നു. ആരാധകര്‍ തന്നെ സ്‌നേഹപൂര്‍വം വിളിച്ചിരുന്ന ‘തല’ എന്ന പേര് ഇനിമുതല്‍ വിളിക്കരുതെന്നായിരുന്നു അജിത് ആവശ്യപ്പെട്ടത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയെയും തമിഴ്‌നാട്ടില്‍ തല എന്നായിരുന്നു വിളിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരാധകര്‍ നടത്തിയ ഫാന്‍ഫൈറ്റ് കാരണമായിരുന്നു അജിത് അത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.

Content Highlight: Kamal Haasan says don’t call him Ulaganayagan