സൂപ്പര്‍ഹിറ്റ് ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്‌ലിന്‍, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആലപ്പുഴ ജിംഖാന’. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.
സിനിമയുടേതായി വരുന്ന ഓരോ അപ്‌ഡേഷനും വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ആലപ്പുഴ ജിംഖാനയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍.
വളരെ സിംപിളായിട്ടുള്ള ഒരു കഥയാണ് ആലപ്പുഴ ജിംഖാനയുടേതെന്നും വലിയ സസ്‌പെന്‍സോ ട്വിസ്‌റ്റോ ഒന്നം ഇല്ലെന്നും ഖാലിദ് റഹ്‌മാന്‍ പറയുന്നു.
‘ഭയങ്കര സിംപിള്‍ കഥയാണ് ഇത്. ആലപ്പുഴയില്‍ പ്ലസ് ടുവിന് പഠിക്കുന്ന കുറച്ച് പിള്ളേര്‍. ഇവന്മാര്‍ പ്ലസ് ടു തോറ്റു. ഇവര്‍ ഒരു ഗ്യാങ്ങാണ്. ഒരു ഗ്രൂപ്പാണ്.
ഇവര്‍ക്ക് എല്ലാവര്‍ക്കും ഒരു ഗ്രൂപ്പായി തന്നെ ആലപ്പുഴ എസ്.ഡി കോളേജില്‍ ഒരു അഡ്മിഷന്‍ കിട്ടണം. ഇത് എങ്ങനെ കിട്ടുമെന്ന ചര്‍ച്ചയില്‍ നില്‍ക്കുന്ന സമയത്താണ് ഇവര്‍ക്ക് ഒരു ഐഡിയ കിട്ടുന്നത്.
സ്‌പോര്‍ട്‌സില്‍ ഏതെങ്കിലും ഐറ്റത്തില്‍ സ്‌റ്റേറ്റ് കോമ്പറ്റീഷനില്‍ പങ്കെടുത്താല്‍ ഒരു 60 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി കിട്ടും. പിന്നെ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അപ്ലൈ ചെയ്തുകഴിഞ്ഞാല്‍ അഡ്മിഷന്‍ കിട്ടാനും എളുപ്പമാണ്.
അങ്ങനെ ഇവര്‍ ഒരു സ്‌പോര്‍ട് ഐറ്റം കണ്ടുപിടിക്കാന്‍ നോക്കുകയാണ്. അങ്ങനെ നോക്കുമ്പോള്‍ ബോക്‌സിങ് പഠിക്കാമെന്ന തീരുമാനത്തില്‍ എത്തുന്നു.
അതാവുമ്പോള്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് മതിയല്ലോ. ഫുട്‌ബോള്‍ ആകുമ്പോള്‍ പതിനൊന്ന് പേര് വേണം. എന്നാല്‍ പിന്നെ ബോക്‌സിങ് പഠിക്കാമെന്ന് പറഞ്ഞ് അതിന് പോകുകയാണ്.
അതല്ലാതെ ഇവന്‍മാര്‍ക്ക് സ്‌പോര്‍ട്‌സിനോട് വലിയ താത്പര്യമോ ഒരു ഹാര്‍ഡ് കോര്‍ ആയിട്ടുള്ള ആളുകളോ ഒന്നുമല്ല. ഇവന്മാര്‍ 50 ദിവസത്തെ പരിപാടിയുമായി ചെന്നിട്ട് ജില്ലാ മത്സരത്തില്‍ പങ്കെടുക്കുന്നു.
ജില്ലാതല മത്സരം എന്നൊക്കെ പറയുന്നത് ഭയങ്കര സിംപിളാണ്. അത് കവര്‍ അപ്പ് ചെയ്ത് ഒരു ടീമായിട്ട് ഇവര്‍ സ്റ്റേറ്റ് ലെവലില്‍ എത്തും. അവിടെ വന്നിട്ട് ഇവര്‍ ഇടികൊണ്ട് ഒരു അവസ്ഥയില്‍ എത്തുന്നതാണ് ഈ സിനിമയുടെ കഥ.
ഇത് വളരെ സിംപിളാണ്. ഇത്രയേ ഉള്ളൂ കാണാന്‍. അല്ലാതെ ഇതില്‍ ഭയങ്കര ടിസ്റ്റ് പ്ലോട്ടുകളോ സിനിമാറ്റിക് ആയിട്ടുള്ള കാര്യങ്ങളോ ഒന്നും നമ്മള്‍ ചെയ്തിട്ടില്ല. വളരെ സിംപിള്‍ ആന്‍ഡ് സ്വീറ്റ് ആയി മേക്ക് ചെയ്ത ഒരു സിനിമയാണ്,’ ഖാലിദ് റഹ്‌മാന്‍ പറയുന്നു.
Content Highlight: Khalid Rahman about Alappuzha Gingana