മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. നിരവധി ചിത്രങ്ങളില്‍ കമലിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച ലാല്‍ ജോസ് ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി. പിന്നീട് മീശമാധവന്‍, പട്ടാളം, ക്ലാസ്‌മേറ്റ്‌സ്, അയാളും ഞാനും തമ്മില്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ലാല്‍ ജോസ് ഒരുക്കി.
പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയ ആ ചിത്രം മലയാളി ഓഡിയന്‍സ് പുച്ഛിച്ചു തള്ളിയില്ലേ: ആസിഫ്
ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത് 2012ല്‍ റിലീസായ ചിത്രമാണ് ഡയമണ്ട് നെക്ലേസ്. ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ലാല്‍ ജോസ്. ആ ചിത്രത്തിന്റെ റിലീസിന് ശേഷം പൃഥ്വിരാജിനെ ഒരു ദിവസം കണ്ടെന്നും എന്തുകൊണ്ട് തന്നെ വിളിച്ചില്ലെന്ന് പൃഥ്വി തന്നോട് ചോദിച്ചെന്നും ലാല്‍ ജോസ് പറഞ്ഞു. എന്നാല്‍ പൃഥ്വിക്ക് ചെയ്യാന്‍ പറ്റുന്ന വേഷമാണ് അതെന്ന് ആ ചോദ്യം കേട്ടപ്പോഴാണ് എനിക്ക് മനസിലായതെന്ന് ലാല്‍ ജോസ് പറഞ്ഞു.
എന്നാല്‍ ആ കഥയെപ്പറ്റി ചിന്തിക്കുമ്പോള്‍ തന്റെ മനസില്‍ വന്ന മുഖം ഫഹദിന്റേതായിരുന്നുവെന്നും ആ സമയത്ത് ഫഹദ് ചെറിയ വേഷങ്ങള്‍ മാത്രമേ ചെയ്തിട്ടുണ്ടായിരുന്നുള്ളൂവെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. തന്നെപ്പോലൊരു ആക്ടറിന് കൊതി തോന്നുന്ന വേഷമാണ് അരുണ്‍ കുമാര്‍ എന്ന് പൃഥ്വി തന്നോട് പറഞ്ഞെന്നും ലാല്‍ ജോസ് പറഞ്ഞു. സഫാരി ടി.വിയോട് സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.
‘ഡയമണ്ട് നെക്ലേസിന്റെ റിലീസിന് ശേഷം ഞാനും പൃഥ്വിയും ഒരിക്കല്‍ കണ്ടിരുന്നു. അന്ന് രാജു എന്നോട് ‘ഡയമണ്ട് നെക്ലേസ് ചെയ്യുന്ന സമയത്ത് അരുണ്‍ കുമാര്‍ എന്ന കഥാപാത്രത്തിലേക്ക് എന്നെ എന്തുകൊണ്ടാണ് പരിഗണിക്കാത്തത്’ എന്നാണ് ചോദിച്ചത്. അപ്പോഴാണ് ആ ക്യാരക്ടറിലേക്ക് പൃഥ്വിയെപ്പറ്റി ഞാന്‍ ചിന്തിച്ചത്. അവന് ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാണെന്ന് എനിക്ക് മനസിലായി. എന്നാല്‍ ഇക്ബാല്‍ ആ കഥ എന്നോട് പറഞ്ഞപ്പോള്‍ എന്റെ മനസില്‍ വന്ന മുഖം ഫഹദിന്റേതായിരുന്നു.
ആ സമയത്ത് ഫഹദ് ചെറിയ വേഷങ്ങളൊക്കെ ചെയ്ത് നില്‍ക്കുന്ന സമയമായിരുന്നു. അവന്റെ എക്‌സ്പ്രഷന്‍സും കള്ള ചിരിയും ചമ്മലുമൊക്കെയാണ് എന്റെ മനസില്‍ ആ സമയത്ത് വന്നത്. അതുകൊണ്ടാണ് ഫഹദിനെ അതിലേക്ക് വിളിച്ചത്. അവന്‍ ഓകെ പറഞ്ഞതോടുകൂടി വേറെ ഓപ്ഷന്‍ നോക്കിയതുമില്ല. ‘എന്നെപ്പോലൊരു ആക്ടര്‍ ചെയ്യാന്‍ കൊതിക്കുന്ന റോളായിരുന്നു അത്’ എന്ന് രാജു പറഞ്ഞു,’ ലാല്‍ ജോസ് പറയുന്നു.
Content Highlight: Lal Jose about Prithviraj Sukumaran