ഞാനുണ്ടെങ്കില്‍ മാത്രം ആ സിനിമയില്‍ അഭിനയിക്കാമെന്ന് രാജു; അവന്‍ അഡ്വാന്‍സും വാങ്ങിയില്ല: ലാല്‍ ജോസ്

മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട ഒരു ലാല്‍ ജോസ് ചിത്രമാണ് അയാളും ഞാനും തമ്മില്‍. ചിത്രത്തില്‍ നായകനായി എത്തിയത് പൃഥ്വിരാജ് സുകുമാരനായിരുന്നു. 2012ല്‍ പുറത്തിറങ്ങിയ ഈ സിനിമയിലൂടെ പൃഥ്വിരാജിന് ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ലാല്‍ ജോസിന് മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. ആ വര്‍ഷത്തെ ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയതും അയാളും ഞാനും തമ്മിലായിരുന്നു. ഈ സിനിമയെ കുറിച്ച് പറയുകയാണ് ലാല്‍ ജോസ്. റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: ആ പത്രവാർത്തയിൽ നിന്നാണ് ആദം ജോൺ എന്ന സിനിമ ഉണ്ടാവുന്നത്: പൃഥ്വിരാജ്

‘രാജു സോഷ്യല്‍ മീഡിയയില്‍ ഒരുപാട് അറ്റാക്ക് നേരിടുന്ന സമയത്തായിരുന്നു അയാളും ഞാനും തമ്മില്‍ എന്ന സിനിമ ചെയ്യുന്നത്. ഞാന്‍ ആ സമയത്ത് കസിന്‍സ് എന്ന സിനിമക്ക് വേണ്ടി അവന്റെയും ലാലേട്ടന്റെയും പിന്നാലെ നടക്കുന്ന സമയമായിരുന്നു. രാജുവാണ് ഒരു ദിവസം എന്നെ വിളിച്ച് ഈ സിനിമയുടെ കാര്യം പറയുന്നത്. ‘ഞാന്‍ ഇന്ന് ഒരു കഥകേട്ടു. കഥ എനിക്ക് ഇഷ്ടമായി. അവര് അഡ്വാന്‍സുമായിട്ടാണ് വന്നത്. ലാലു ചേട്ടന്‍ ഡയറക്ട് ചെയ്യുകയാണെങ്കില്‍ ഞാന്‍ അഭിനയിക്കാം എന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. ലാലു ചേട്ടന്‍ കഥ കേട്ടിട്ട് ഓക്കെ പറഞ്ഞാല്‍ ഞാന്‍ അഡ്വാന്‍സ് വാങ്ങാം. അല്ലെങ്കില്‍ അഡ്വാന്‍സ് വാങ്ങില്ല’ എന്നായിരുന്നു അവന്‍ പറഞ്ഞത്.

Also Read: ആദ്യം നീ നിന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്ക് എന്നാണ് വാപ്പച്ചി അന്ന് പറഞ്ഞത്: ദുല്‍ഖര്‍ സല്‍മാന്‍

ഏതോ പുതിയ ആളുകള്‍ വന്ന് കഥ പറഞ്ഞതാകും എന്നാണ് ഞാന്‍ അപ്പോള്‍ കരുതിയത്. ഇത്രയും ധൈര്യമായി പറയുന്നത് അതുകൊണ്ടാകുമെന്ന് കരുതി. ശരി, അവരോട് വന്നോളാന്‍ പറയൂവെന്ന് ഞാന്‍ അവനോട് പറഞ്ഞു. ഇപ്പോള്‍ തന്നെ വിടട്ടേയെന്ന് രാജു ചോദിച്ചു. അതിനും ഞാന്‍ ഓക്കെ പറഞ്ഞു. അപ്പോഴാണ് എന്നെ കാണാന്‍ വരുന്നത് കറിയാച്ചന്‍ സാറും ബോബി സഞ്ജയ്മാരും ആണെന്ന് ഞാന്‍ അറിയുന്നത്. അത്രയും പ്രശസ്തരായ എഴുത്തുകാരാണ്. അവരോട് നീ ഇങ്ങനെയാണോ പറഞ്ഞതെന്ന് ഞാന്‍ രാജുവിനോട് ചോദിച്ചു. ‘അതിലൊരു കാര്യമുണ്ട്, കഥ കേട്ടാല്‍ മനസിലാകും’എന്നായിരുന്നു രാജുവിന്റെ മറുപടി,’ ലാല്‍ ജോസ് പറഞ്ഞു.

Content Highlight: Lal Jose Talks About Prithviraj Sukumaran