റൊഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ്, കാതല്‍ ദി കോര്‍, ടര്‍ബോ തുടങ്ങി ഒരുപിടി മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച പ്രൊഡക്ഷന്‍ കമ്പനിയാണ് മമ്മൂട്ടികമ്പനി.
മമ്മൂട്ടി കമ്പനി ചെയ്യുന്ന ഓരോ സിനിമകളിലും ആ വ്യത്യസ്തതകള്‍ പ്രേക്ഷകന് കാണാം.
കൊവിഡിന് ശേഷം മമ്മൂട്ടി കരിയറില്‍ വരുത്തിയ അതേ ട്രാന്സിഷന് തന്നെയാണ് സ്വന്തം പ്രൊഡക്ഷന്‍ കമ്പനി തിരഞ്ഞെടുക്കുന്ന സിനിമകളുടെ കാര്യത്തിലും പരീക്ഷിച്ചത്.
എന്തെല്ലാം മാനദണ്ഡങ്ങള്‍ നോക്കിയാണ് ഒരു സിനിമ തെരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മമ്മൂട്ടി.
അങ്ങനെ ഒരു മാനദണ്ഡവും നോക്കാന്‍ പറ്റില്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
സിനിമ എല്ലാ കാലത്തും ഒരു പരീക്ഷണമാണെന്നും നന്നാവുമെന്ന ആഗ്രഹത്തില്‍ മാത്രം ഓരോ സിനിമകളും തെരഞ്ഞെടുക്കുകയാണെന്നും മമ്മൂട്ടി പറയുന്നു.
ഒപ്പം ഒരു നിര്‍മാതാവെന്ന നിലയില്‍ തന്റെ ശമ്പളത്തില്‍ കോംപ്രമൈസ് ചെയ്താണ് സിനിമ എടുക്കുന്നതെന്നും മമ്മൂട്ടി പറയുന്നു.
ലൂസിഫറിനേക്കാള്‍ ഇഷ്ടം ബ്രോ ഡാഡിയോട്, കാരണം മറ്റൊന്നുമല്ല: പൃഥ്വിരാജ്
‘ ഒരു സിനിമ തെരഞ്ഞെടുക്കുന്നതിന് അങ്ങനെ ഒരു പ്രത്യേക മാനദണ്ഡമൊന്നും ഇല്ല. എന്ത് മാനദണ്ഡം വെച്ച് നമ്മള് സിനിമ എടുക്കും. ഈ സിനിമ, ഓ ഇതൊരു ഉഗ്രന്‍ പടമായിരിക്കും എന്ന രീതിയിലല്ല നമ്മള് തിരഞ്ഞെടുക്കുക.
നമുക്ക് ഇഷ്ടപ്പെട്ടു അത് എങ്ങനെയെങ്കിലും ഒന്ന് എടുക്കണം. നന്നാവുമായിരിക്കും എന്ന നിലയിലാണ്. സിനിമ എപ്പോഴും ആഗ്രഹങ്ങള്‍ മാത്രമായിരിക്കും. അതുകൊണ്ട് തന്നെ തീരുമാനങ്ങള്‍ വലിയ പാടാണ്.
വന്നാല്‍ വന്നു എന്ന രീതിയാണ്. കണ്ണൂര്‍ സ്ക്വാഡിന്റെ കാര്യത്തില്‍ തന്നെ നമ്മള് വലിയ ടെന്‍ഷനിലായിരുന്നു. ഇത് ശരിയാകുമോ എന്ന തോന്നല്‍.
കുറച്ച് ആള്ക്കാര് ഇങ്ങനെ ഒരുപാട് യാത്ര ചെയ്ത് പോകുന്ന രീതിയിലാണല്ലോ. അല്ലാതെ പ്രണയം, ലവ്, പാട്ട് , റൊമാന്‍സ് അല്ലെങ്കില്‍ അത്ര ഗംഭീരമായ ഫൈറ്റ് അതൊന്നുമില്ല. ഗുഡ് മോണിങ് പറഞ്ഞ് ആള്‍ക്കാരെ ഇടിക്കുന്ന പരിപാടിയുമില്ല.
അതുകൊണ്ട് തന്നെ ടെന്‍ഷനടിച്ചാണ് ചെയ്തത്. എന്നാല്‍ അത് പതുക്കെ പതുക്കെ കേറി വന്ന സിനിമയാണ്. അതുപോലെ കാതല്‍ പ്രേക്ഷകര്‍ എങ്ങനെ എടുക്കുമെന്നും ഉറപ്പില്ലായിരുന്നു.
നന്നായിരിക്കട്ടെ എന്ന് കരുതി എടുക്കുന്നതാണ്. എല്ലാം പരീക്ഷണങ്ങളാണ്. ഒരു പ്രൊഡ്യൂസര്‍ എന്ന നിലയില്‍ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് റിസ്കി ആകുന്നത് എന്റെ സാലറിയാണ്. അത് വേണ്ടെന്ന് വെച്ചാല്‍ എല്ലാ സിനിമയും എടുക്കാം.
സിനിമയുടെ ചിലവ് എങ്ങനെയെങ്കിലും ഒപ്പിച്ചെടുക്കാം. എനിക്ക് ഒന്നും കിട്ടില്ല. ഞാന്‍ വെറുതെ പണിയെടുക്കണം. എന്നാലും കുഴപ്പമില്ല. നമ്മള് ഓക്കെയാണ്,’ മമ്മൂട്ടി പറയുന്നു.
Content Highlight: Mammootty about Mammootty kampany movies and Risk Factors