മമ്മൂട്ടിയുടെ തലവര മാറ്റിയ സിനിമ, പേരിന് പോലും ഒരു സ്‌ക്രിപ്റ്റില്ല; പക്ഷേ കരിയറിലെ നാഴികക്കല്ലാകുമെന്ന് ഉറപ്പായിരുന്നു

മമ്മൂട്ടിയെ നായകനാക്കി മാക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. അലി നിര്‍മ്മിച്ച് ഷാജി കൈലാസ് സംവിധാനം നിര്‍വ്വഹിച്ച് 1995-ല്‍ തിയേറ്ററിലെത്തിയ ചിത്രമാണ് ദി കിംഗ്. സുരേഷ് ഗോപി ഗസ്റ്റ് റോളില്‍ എത്തിയ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് രണ്‍ജി പണിക്കരായിരുന്നു.

മമ്മൂട്ടിയുടെ കരിയറിലെ പ്രധാനപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു പൊളിറ്റിക്കല്‍ ത്രില്ലറായ ദി കിംഗ്. ജില്ലാ കളക്ടര്‍ ജോസഫ് അലക്‌സ് ഐ.എ.എസ് എന്ന കഥാപാത്രമായി മമ്മൂട്ടി ജീവിച്ച ചിത്രംകൂടിയായിരുന്നു ഇത്.

ദീപാവലി റിലീസായ ചിത്രം 200 ദിവസത്തിലധികം തിയേറ്ററുകളില്‍ ഓടുകയും ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമാവുകയും ചെയ്തു. മലയാളത്തില്‍ വമ്പന്‍ ഹിറ്റായതോടെ ചിത്രം അതേ പേരില്‍ തമിഴിലേക്ക് മൊഴിമാറ്റം ചെയ്യുകയും ചെയ്തിരുന്നു.

ദി കിംഗിനെ കുറിച്ച് സംസാരിക്കുകയാണ് അസോസിയേറ്റ് ഡയറക്ടര്‍ വാസുദേവന്‍ ഗോവിന്ദന്‍കുട്ടി. ആദ്യം മുതല്‍ തന്നെ തങ്ങള്‍ക്ക് ആ സിനിമ മമ്മൂട്ടിയുടെ കരിയറിലെ അടുത്ത ഒരു നാഴികക്കല്ലാകുമെന്ന് തോന്നിയിരുന്നെന്നും അന്ന് രണ്‍ജി പണിക്കരുടെ കയ്യില്‍ ഫുള്‍ സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

തങ്ങള്‍ മദ്രാസില്‍ സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ ഫോണില്‍ വിളിച്ചാണ് രണ്‍ജി പണിക്കര്‍ സ്‌ക്രിപ്റ്റ് പറയുന്നതെന്നും അപ്പോള്‍ താനത് എഴുതിയെടുക്കാറാണെന്നും വാസുദേവന്‍ ഗോവിന്ദന്‍കുട്ടി പറഞ്ഞു.

‘കഥ കേട്ടതുമുതല്‍ തന്നെ ഈ സിനിമ ഒരു സൂപ്പര്‍ഹിറ്റാകുമെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നു. രണ്‍ജിയുടേതാണ് കഥ. എന്നാല്‍ അന്ന് അദ്ദേഹത്തിന്റെ കയ്യില്‍ ഈ സിനിമയുടെ സ്‌ക്രിപ്റ്റ് ഒന്നും ഉണ്ടായിരുന്നില്ല.

ഞങ്ങള്‍ മദ്രാസില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഫോണില്‍ വിളിച്ചാണ് അദ്ദേഹം സ്‌ക്രിപ്റ്റ് പറയുന്നത്. എസ്.ടി.ഡിയില്‍ വിളിച്ച് പറയുമ്പോള്‍ ഞാന്‍ എഴുതിയെടുക്കും. പിന്നെ അത് ഫെയര്‍ കോപ്പി തയ്യാറാക്കിയാണ് ആ പടം ഷൂട്ട് ചെയ്തത്. ആളുടേത് ഡീറ്റെയില്‍ഡായ വണ്‍ലൈനാകും.

സീന്‍ വായിക്കുന്നത് പോലെയാകും ആള്‍ വണ്‍ലൈന്‍ പറയുന്നത്. പിന്നെ അടുത്ത ദിവസം ഏത് സീനാണ് ഷൂട്ട് ചെയ്യുന്നതെന്ന് പറഞ്ഞാല്‍ ആ ഷൂട്ടിന് എന്തൊക്കെ വേണം വേണ്ടെന്ന് ആള്‍ കൃത്യമായി പറയും. അതെല്ലാം റെഡിയാക്കും. ഓരോ ദിവസവും ഇത് വിളിച്ചുപറഞ്ഞു തരുന്നതുകൊണ്ട് ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല. സ്‌ക്രിപ്റ്റ് ഇല്ലല്ലോയെന്ന ഭയവും തോന്നിയിരുന്നില്ല,’ വാസുദേവന്‍ ഗോവിന്ദന്‍കുട്ടി പറഞ്ഞു.