തിയേറ്ററില്‍ അന്നെനിക്ക് കിട്ടിയത് വലിയ ട്രോള്‍, ഷൂട്ട് ചെയ്യുമ്പോള്‍ അതൊരു നോര്‍മല്‍ സീന്‍ മാത്രമായിരുന്നു: മഞ്ജു വാര്യര്‍

സിനിമ എന്നത് നമുക്ക് ഒട്ടും പ്രഡിക്ട് ചെയ്യാന്‍ പറ്റാത്ത ഒന്നാണെന്ന് നടി മഞ്ജു വാര്യര്‍. ഷൂട്ടിങ്ങിന്റെ സമയത്ത് വളരെ നോര്‍മലായി തോന്നിയ സീനിന് പോലും തിയേറ്ററില്‍ നിന്ന് വലിയ ട്രോള്‍ കിട്ടിയിട്ടുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

വേട്ടയ്യന്റെ ഭാഗമായി ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു.

സെറ്റില്‍ എല്ലാവരും അഭിനന്ദിച്ച സീന്‍ തിയേറ്റിലും ആളുകള്‍ കയ്യടിച്ച അനുഭവം ഉണ്ടായിട്ടില്ലേ എന്ന ചോദ്യത്തിനായിരുന്നു മഞ്ജുവിന്റെ മറുപടി.

ഷൂട്ട് ചെയ്യുമ്പോള്‍ നമുക്ക് ഫീല്‍ ചെയ്ത കാര്യം അത് തിയേറ്റില്‍ എങ്ങനെ വര്‍ക്കാകുമെന്ന് നമുക്ക് പ്രവചിക്കാനേ കഴിയില്ല.

എന്റെ കരിയറില്‍ തന്നെ ഷൂട്ട് ചെയ്യുമ്പോള്‍ വളരെ നോര്‍മലായി തോന്നിയ ഒരു സീനിന് തിയേറ്റില്‍ വന്നപ്പോള്‍ വലിയ ട്രോള്‍ കിട്ടിയിട്ടുണ്ട്,’ എന്നായിരുന്നു മഞ്ജു പറഞ്ഞത്.

ഒടിയന്‍ എന്ന ചിത്രത്തില്‍ മാണിക്യന്‍ എന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തോട് മഞ്ജുവിന്റെ കഥാാപാത്രം  കുറച്ച് കഞ്ഞിയെടുക്കട്ടെ എന്നൊരു ഡയലോഗ് ചോദിക്കുന്നുണ്ട്.

വളരെ സീരിയസ് ആയ ആ രംഗത്ത് കൊണ്ടുവന്ന ആ ഡയലോഗ് വലിയ ട്രോളായി മാറുകയാണ് ചെയ്തത്. ഇതിനെ കുറിച്ചായിരുന്നു മഞ്ജുവിന്റെ കമന്റ്.

‘ഷൂട്ട് ചെയ്യുമ്പോള്‍ അത് വളരെ നോര്‍മലായ ഒരു സീനാണ്. വളരെ ഇമോഷണലായി പറയുന്ന ഡയലോഗാണ്. എന്നാല്‍ തിയേറ്ററില്‍ ഇത് കേട്ട് ആളുകള്‍ ചിരിക്കുകയാണ്.

അങ്ങനെയുള്ള അനുഭവവും ഉണ്ടായിട്ടുണ്ട്. ഷൂട്ട് ചെയ്യുമ്പോള്‍ നമുക്ക് തോന്നുന്ന പോലെയല്ലെന്നും തിയേറ്ററില്‍ വരുമ്പോള്‍ അത് മറ്റൊരു മാജിക്കാണെന്നും ഞാന്‍ മനസിലാക്കുന്നത് അന്നാണ്,’ മഞ്ജു പറഞ്ഞു.

അതേസമയം വേട്ടയ്യനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൊലീസ് എന്‍കൗണ്ടറുമായി ബന്ധപ്പെട്ടതാണ് ചിത്രത്തിന്റെ കഥയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ഒപ്പം രജനികാന്തിന്റെയും അമിതാഭ് ബച്ചന്റെയും കിടിലന്‍ പ്രകടനങ്ങളും സിനിമയുടെ ഹൈലറ്റായേക്കും.

എന്‍കൗണ്ടറിനെ എതിര്‍ക്കുന്ന സത്യദേവ് എന്ന ഉദ്യോഗസ്ഥനായാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായി രജിനി വരുമ്പോള്‍ ഇരുവരും തമ്മിലുള്ള പോരാട്ടമാകും സിനിമ.

മഞ്ജു വാര്യര്‍ക്കൊപ്പം ഫഹദ് ഫാസിലും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സിനിമയില്‍ രജനികാന്തിന്റെ ഭാര്യയായാണ് മഞ്ജു വാര്യര്‍ എത്തുന്നത്. താര എന്നാണ് മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ പേര്. പാട്രിക് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഫഹദ് അവതരിപ്പിക്കുന്നത്.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം. കഴിഞ്ഞ മാസം പുറത്തുവന്ന ചിത്രത്തിലെ ‘മനസിലായോ’ എന്ന ഗാനം വലിയ ആരാധകപ്രീതി നേടിയിരുന്നു.

Content Highlight: Actress Manju Warrier about odiyan Movie Troll