ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തിനെ നായകനാക്കി ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘വേട്ടയ്യന്’. ചിത്രത്തില്‍ രജ്നീകാന്തിന്റെ നായികയായി എത്തുന്നത് നടി മഞ്ജു വാര്യരാണ്.
പൊലീസ് എന്‍കൗണ്ടര്‍ ഇതിവൃത്തമായി ഒരുക്കിയ ചിത്രമാണ് വേട്ടയ്യന് എന്നാണ് അറിയുന്നത്. വേട്ടയ്യന് സെറ്റിനെ കുറിച്ച് സംസാരിക്കുകയാണ് നടി മഞ്ജു വാര്യര്‍.
സാധാരണ ഗതിയില്‍ ഏതൊരു ആര്‍ടിസ്റ്റും ഷൂട്ടിങ് സെറ്റില്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് വാക്കുകള്‍ ഷോട്ട് ഓക്കെ എന്നതും പാക്കപ്പ് എന്നുമാണെന്ന് കേട്ടിട്ടുണ്ട്. താങ്കള്‍ക്കും അങ്ങനെയാണോ എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് മഞ്ജു നല്‍കുന്നത്.
‘ ഷോട്ട് ഓക്കെ എന്നത് തീര്‍ച്ചയായും നമ്മള് കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കാണ്. അത് നമുക്ക് സന്തോഷം തരുന്ന വാക്കാണ്. പാക്കപ്പ് എന്ന വാക്കിനോട് എനിക്ക് അത്ര താത്പര്യമില്ല.
ഷൂട്ട് നടന്നുകൊണ്ടേ ഇരിക്കുന്നതാണ് എനിക്ക് ഇഷ്ടം. ഫുള്‍ നൈറ്റ് ഷൂട്ടാണെങ്കില്‍ അത് എത്ര ഹെക്ടിക് ആണെങ്കിലും എനിക്ക് ഓക്കെയാണ്. എത്രത്തോളം വര്‍ക്ക് ചെയ്യണോ അത്രത്തോളം എനിക്ക് സന്തോഷമാണ്.
പാക്കപ്പ് എന്ന് പറയുമ്പോള്‍ കുഴപ്പമില്ല. കാരണം എല്ലാവര്ക്കും റെസ്റ്റ് വേണമല്ലോ. തീര്‍ച്ചയായും ഷോട്ട് ഓക്കെ എന്നത് നമ്മളെ സന്തോഷിപ്പിക്കുന്ന ഒരു വാക്കാണ്.
എത്ര ഓക്കെ പറഞ്ഞാലും തിരിച്ച് കസേരയില്‍ വന്നിരുന്നാല്‍ അയ്യോ അങ്ങനെ ചെയ്യാമായിരുന്നു, ഇങ്ങനെ ചെയ്യാമായിരുന്നു എന്നൊക്കെ ഞാന്‍ ആലോചിക്കും.
ഞാന്‍ നന്നായി ചെയ്തു, ഗംഭീരമായിരുന്നു എന്ന് എനിക്ക് ഒരിക്കല്‍ പോലും തോന്നിയിട്ടില്ല. എന്റെ സീന്‍ തിയേറ്ററില്‍ കാണുമ്പോള്‍ എനിക്ക് ഭയമാണ്. സ്ക്രീനില്‍ വരുമ്പോള്‍ ആളുകള്‍ക്ക് ഇഷ്ടമാകുമോ എന്ന ആലോചനയാണ് എപ്പോഴും,’ മഞ്ജു പറഞ്ഞു.
Content Highlight: Manju Warrier about Vettaiyan Movie Set