ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. നാല് പതിറ്റാണ്ടോളമായി സിനിമ മേഖലയിൽ നിറഞ്ഞ് നിൽക്കുന്ന അദ്ദേഹം വിവിധ ഭാഷകളിലും സിനിമയുടെ ഭാഗമായിട്ടുണ്ട്.
മലയാളത്തിൽ മമ്മൂട്ടി, ഭരത് ഗോപി, തിലകൻ തുടങ്ങിയ മികച്ച നടന്മാരോടൊപ്പമെല്ലാം അഭിനയിച്ച അദ്ദേഹം അന്യഭാഷകളിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പവും സ്ക്രീൻ ഷെയർ ചെയ്തിട്ടുണ്ട്. ആ കൂട്ടത്തിൽ അവസാനം ഇറങ്ങിയത് രജിനികാന്തിനൊപ്പമുള്ള ജയിലർ ആയിരുന്നു. സിനിമ വലിയ വിജയമായിരുന്നു.
രജിനികാന്തിനൊപ്പവും അമിതാഭ് ബച്ചനൊപ്പവുമെല്ലാം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് മോഹൻലാൽ. രജിനിയോട് പണ്ട് മുതലേ അടുപ്പമുണ്ടെന്നും തന്നെ കാണുമ്പോൾ അദ്ദേഹത്തിന് വലിയ ആകാംക്ഷയാണെന്നും മോഹൻലാൽ പറയുന്നു.
അമിതാഭ് ബച്ചന് തന്റെ സിനിമകൾ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ താൻ നൽകിയ ഒരു ചിത്രം വാനപ്രസ്ഥം ആയിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അവസാനമായി ഞാൻ അഭിനയിച്ചത് രജിനിസാറിന്റെ കൂടെയാണ്. അദ്ദേഹമൊക്കെ നമ്മളെ ഒരുപാട് ഇഷ്ടപ്പെടുന്നു. അദ്ദേഹത്തെ എത്രയോ വർഷമായി എനിക്കറിയാം. എന്റെ ഫാദർ ഇൻ ലോയുടെ കുറെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടിയുമൊത്തൊരു സിനിമ ചെയ്തിട്ട് മുപ്പത് വർഷമായി, അതിന് കാരണമുണ്ട്: സിബി മലയിൽ
പണ്ട് മദ്രാസിലുള്ളപ്പോൾ എല്ലാ ആഴ്ചയും ഞങ്ങൾ കാണും. അങ്ങനെ ഒരുപാട് പരിചയം ഉള്ള ആളാണ്. എപ്പോൾ കണ്ടാലും ആ സ്നേഹമുണ്ട്. ഞാൻ സുചിയെ കല്യാണം കഴിക്കുമ്പോൾ, സുചിയെ തൊട്ടിലിൽ നിന്ന് എടുത്ത് കൊണ്ടു പോവുകയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അത്രയും സ്നേഹമുള്ള ആളാണ്. ജയിലർ എന്ന സിനിമ കഴിഞ്ഞപ്പോഴും അദ്ദേഹത്തിന് ഒരു ആകാംക്ഷയാണ് നമ്മളെ കാണുമ്പോൾ. സിനിമയെ കുറിച്ച് അറിയണം എന്നൊക്കെയാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
അതുപോലെയാണ് കമൽ ഹാസനായാലും അമിതാഭ് ബച്ചനായാലും. ഞാൻ ബച്ചൻ സാറിനൊപ്പം ആഗ് എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ അദ്ദേഹം എന്നോട്, ലാലിന്റെ കുറെ സിനിമകൾ കാണണമെന്ന് പറഞ്ഞു. എല്ലാ സിനിമയും കാണിക്കാൻ പറ്റില്ലല്ലോ.
ഞാൻ രണ്ട് മൂന്ന് സിനിമകൾ കൊടുത്തു. അദ്ദേഹം സ്ഫടികം കുറെ കാലം മുന്നെ എനിക്കൊപ്പം കണ്ടിട്ടുണ്ട്. ഞാൻ അന്ന് കാണാൻ കൊടുത്തതിൽ പ്രധാനപ്പെട്ട ഒരു സിനിമ വാനപ്രസ്ഥമായിരുന്നു. പിറ്റേന്ന് അദ്ദേഹം എന്റെയടുത്ത് വന്ന് എന്നെ കുറെ നേരം നോക്കി നിന്നു. എന്നിട്ട് അദ്ദേഹം എന്നോട് ചോദിച്ചു, നിങ്ങൾ ഇത് എങ്ങനെ ചെയ്തുവെന്ന്,’മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal Talk About Amithab Bachan