ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ നമ്പര്‍ വണ്‍ മ്യൂസിക് ഡയറക്ടേഴ്‌സിന്റെ നിരയിലേക്ക് എത്തിയ വ്യക്തിയാണ് സുഷിന്‍ ശ്യാം.
ചെയ്യുന്ന ഓരോ വര്‍ക്കുകളിലും സുഷിന്‍ കൊണ്ടുവരുന്ന വ്യത്യസ്തത തന്നെയാണ് അദ്ദേഹത്തെ ഇത്രയേറെ ജനകീയനാക്കിയതും.
കുമ്പളങ്ങി നൈറ്റ്‌സിലെ ഗാനങ്ങളാണ് സുഷിന് കരിയറില്‍ ഒരു ബ്രേക്കാവുന്നത്. ഈ വര്‍ഷം തന്നെ റിലീസ് ചെയ്ത ആവേശത്തേയും മഞ്ഞുമ്മല്‍ ബോയ്‌സിനെയുമെല്ലാം മറ്റൊരു തലത്തിലേക്ക് ലിഫ്റ്റ് ചെയ്തത് സുഷിന്റെ സംഗീതമായിരുന്നു.
യുവതലമുറ പ്രേക്ഷകരുടെ ഇഷ്ട സംഗീത സംവിധായനായി സുഷിന്‍ മാറിയതും അദ്ദേഹത്തിന്റെ ആ മാജിക്ക് കൊണ്ടാണ്. എന്നാല്‍ താന്‍ സംഗീതം ചെയ്ത് സൂപ്പര്‍ഹിറ്റായ ഒരു ഗാനം തനിക്ക് അത്ര ഇഷ്ടമല്ലെന്ന് പറയുകയാണ് സുഷിന്‍.
അത്തരം ഗാനങ്ങളുടെ ആരാധകനല്ല താന്‍ എന്നാണ് സുഷിന്‍ പറയുന്നത്. ആവേശത്തിലെ ഇല്ലുമിനാറ്റി എന്ന ഗാനത്തെ കുറിച്ചായിരുന്നു സുഷിന്‍ സംസാരിച്ചത്. എഫ്.ടി.ക്യു വിത്ത് രേഖാമേനോന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുഷിന്‍.
‘ ആവേശത്തിലെ ഇല്ലുമിനാറ്റി ചെയ്തപ്പോള്‍ എനിക്ക് അത് അത്ര ഇഷ്ടമായിരുന്നില്ല. ഒന്നാമത്തേത് ഞാന്‍ അങ്ങനെ ഒരു ഇല്ലുമിനാറ്റി ഫാന്‍ ഒന്നും അല്ല.
എന്നാല്‍ വലിയൊരു വിഭാഗം പ്രേക്ഷകര്‍ ഏറ്റെടുത്ത പാട്ടാണ് അത്. എന്നാല്‍ ഞാന്‍ ആ പാട്ട് കേള്‍ക്കുമോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നായിരിക്കും മറുപടി.
ഞാന്‍ ചെയ്തവയില്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്നത് കുമ്പളങ്ങി നൈറ്റ്‌സിലെ ചിരാതുകള്‍, തായ്മാനം, അതുപോലെ മഞ്ഞുമ്മലിലെ നെബുലകളെ എല്ലാമാണ്.
അത്തരം പാട്ടുകള്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇല്ലുമിനാറ്റിയോട് അത്തരമൊരു പ്രിയമില്ല,’ സുഷിന്‍ പറഞ്ഞു.
Content Highlight: Music Director Sushin Shyam about Illuminatti song