എം മോഹനന്റെ സംവിധാനത്തില്‍ വിനീത് ശ്രീനിവാസന് നായകനായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ഒരു ജാതി ജാതകം.
ഹോമോ സെക്ഷ്വാലിറ്റി പോലുള്ള വിഷയങ്ങളെ വളരെ അപക്വമായാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നതെന്ന വിമര്‍ശനം തുടക്കം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു.
ചിത്രം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍, സംഭാഷണങ്ങള്‍, ബോഡി ഷേമിംഗ്, സ്ത്രീവിരുദ്ധത, ക്വിയര്‍ ഫോബിക് മനോഭാവം എന്നിവക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനവുമായി നിരവധി പേര് രംഗത്തെത്തുകയും ചെയ്തിരുന്നു.
അടുത്തിടെ ചിത്രത്തിനെതിരെ ഹൈക്കോടതിയില്‍ ഒരു ഹരജിയും എത്തിയിരുന്നു. ചിത്രത്തില്‍ ക്വീര്‍ – സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്നും അത്തരം അധിക്ഷേപ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി.
ഒരു ജാതി ജാതകത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ തനിക്ക് തോന്നിയ കണ്‍സേണിനെ കുറിച്ച് പറയുകയാണ് ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച നടി നിഖില വിമല്‍.
ലൂസിഫറിനേക്കാളും എനിക്ക് ചലഞ്ചിങ് ബ്രോ ഡാഡി; അതിന്റെ കാരണം ഇതാണ്: പൃഥ്വിരാജ്
ന്യൂനപക്ഷത്തെ പ്രോപ്പര്‍ ആയി അഡ്രസ് ചെയ്യാന്‍ കഴിയില്ലെങ്കില്‍ അത് പറയാതിരിക്കുകയല്ലേ നല്ലത് എന്ന് താന്‍ ചോദിച്ചിരുന്നെന്നും അതിന് അവര്‍ തനിക്ക് ഒരു മറുപടി നല്‍കിയെന്നും നിഖില വിമല്‍ പറയുന്നു.
‘ഒരു ജാതി ജാതകത്തിന്റെ കാര്യം പറയുകയാണെന്നുണ്ടെങ്കില്‍ എനിക്ക് അതിനകത്ത് ഒരു ഗസ്റ്റ് റോള്‍ പോര്‍ഷനായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ ഇതുവരെ ആ സിനിമ കണ്ടിട്ടില്ല.
സിനിമ മൊത്തത്തില്‍ എങ്ങനെയാണ് വന്നിരിക്കുന്നത് എന്നത് സംബന്ധിച്ച് എനിക്ക് വലിയ ധാരണയില്ല. പക്ഷേ കഥ കേള്‍ക്കുമ്പോള്‍ തന്നെ ഒരു മൈനോരിറ്റിയെ പറ്റി പറയുമ്പോള്‍ അത് പ്രോപ്പര്‍ ആയി അഡ്രസ് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ അത് പറയാതിരിക്കുകയല്ലേ വേണ്ടത് എന്ന് ഞാന്‍ ചോദിച്ചിരുന്നു.
അപ്പോള്‍ എനിക്ക് അവരില്‍ നിന്നും ലഭിച്ച മറുപടി, ഇങ്ങനെയുള്ള ആള്‍ക്കാരും സമൂഹത്തിലുണ്ട് എന്നതായിരുന്നു. ജയേഷ് എന്ന് പറയുന്ന ക്യാരക്ടറിനെപ്പോലെ ഒരാള്‍ ഈ സമൂഹത്തിലുണ്ട്. അയാളെ പോലെ ഒരു പതിനായിരക്കണക്കിന് ആള്‍ക്കാരുണ്ട്.
അയാള്‍ ഒരു ഷോവനിസ്റ്റ് ആയ ആളാണ്. റിഗ്രസീവ് തോട്ടുള്ള മനുഷ്യനാണ്. അയാള്‍ക്കൊരു മാറ്റം വരുന്നു എന്നതാണ് സിനിമ അഡ്രസ് ചെയ്യുന്നത്.
അപ്പോള്‍ അയാള്‍ ആദ്യം എന്തായിരുന്നു എന്നത് കാണിക്കാതെ അയാളിലെ മാറ്റത്തെ കാണിക്കാന്‍ കഴിയില്ല എന്നതാണ് എനിക്ക് കമ്യൂണിക്കേറ്റ് ആയത്. സിനിമ കാണാത്തതുകൊണ്ട് തന്നെ ഇത് എങ്ങനെയാണ് ആളുകളിലേക്ക് പോയത് എന്ന് എനിക്ക് അറിയില്ല,’ നിഖില പറയുന്നു.
Content Highlight: Nikhila Vimal about Her Concern on Oru Jaathi Jaathakam