പൃഥ്വിരാജ്, ബേസില്‍ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തി ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ കളക്ഷനും നേടിയിരുന്നു.
ജയ ജയ ജയ ജയഹേക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, ബൈജു സന്തോഷ് തുടങ്ങി വന്‍ താരനിര അണിനിരന്നിരുന്നു. സുപ്രിയ മേനോനായിരുന്നു ചിത്രം നിർമിച്ചത്.
സിനിമയുടെ ലൊക്കേഷൻ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നിഖില വിമൽ. ചിത്രത്തിൽ ഒരുപാട് ജൂനിയർ ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ അവർക്കെല്ലാമുള്ള ടോയ്ലെറ്റ് സൗകര്യവും ഡ്രസിങ് റൂമും സെറ്റിൽ ഒരുക്കിയിരുന്നുവെന്ന് പറയുകയാണ് നിഖില വിമൽ. അവരോടെല്ലാം അതൊക്കെ ഫോട്ടോ എടുത്ത് വെക്കാനാണ് താൻ പറഞ്ഞതെന്നും ആ സൗകര്യമൊന്നും മറ്റൊരു സെറ്റിലും കിട്ടില്ലെന്നും നിഖില പറഞ്ഞു. ലീഫി സ്റ്റോറീസിനോട് സംസാരിക്കുകയായിരുന്നു നിഖില വിമൽ.
‘ഗുരുവായൂരമ്പല നടയിൽ ആയിരത്തി അഞ്ഞൂറോളം ജൂനിയർ ആർട്ടിസ്റ്റുകളുണ്ട്. എല്ലാവർക്കും വേണ്ടി ടോയ്ലറ്റ് സൗകര്യം അവർ ഒരുക്കിയിരുന്നു. സ്ത്രീകൾക്ക് വേണ്ടി ഇ – ടോയ്ലെറ്റ് ഫെസിലിറ്റിയും അവർ ഒരുക്കിയിരുന്നു.
അതുപോലെ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായ ഡ്രെസ് ചേഞ്ചിങ് റൂം അവർക്ക് അതിനുള്ള സൗകര്യം തുടങ്ങി അങ്ങനെ എല്ലാ കാര്യങ്ങളും കൃത്യമായിട്ട് ചെയ്തിട്ടുള്ള ഒരു സെറ്റായിരുന്നു ഗുരുവായൂരമ്പല നടയിൽ.
അത് കാണുന്ന സമയത്ത് അവരോടൊക്കെ ഞാൻ പറഞ്ഞത്, നിങ്ങൾ ഇതൊക്കെ ഫോട്ടോ എടുത്ത് വെക്കണമെന്നായിരുന്നു. കാരണം ഇതൊന്നും എല്ലാവരും ചെയ്യുന്ന കാര്യമല്ല. ടോയ്ലെറ്റ് സൗകര്യം ഒന്നുമില്ലാത്ത സ്ഥലത്താണ് അവർ കുറെ ടോയ്ലറ്റുകൾ ഉണ്ടാക്കിയത്.
ഒരുപാട് നേരം നിൽക്കുന്നതിന്റെയൊക്കെ ബുദ്ധിമുട്ടുള്ളവർക്ക് ഇരിക്കാനുള്ള സെറ്റപ്പുകളും അവിടെയുണ്ട്. അങ്ങനെ എല്ലാ കാര്യങ്ങളും ചെയ്തിട്ടുള്ള ഒരു സെറ്റാണ് ഗുരുവായൂരമ്പല നടയിൽ എന്ന സിനിമയുടെ സെറ്റ്,’നിഖില പറയുന്നു.
Content Highlight: Nikhila Vimal About Set Of Guruvayurambala Nadayil Movie