ജയ്ദീപ് സാഹ്നി എഴുതി രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ചിത്രമാണ് കമ്പനി. 2002ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ മോഹന്‍ലാല്‍, അജയ് ദേവ്ഗണ്‍, വിവേക് ഒബ്‌റോയ്, മനീഷ കൊയ്രാള, അന്താര മാലി, സീമ ബിശ്വാസ് തുടങ്ങിയ വന്‍ താരനിരയായിരുന്നു ഒന്നിച്ചത്. മോഹന്‍ലാലിന്റെ ആദ്യ ഹിന്ദി സിനിമയായിരുന്നു കമ്പനി.
ചിത്രത്തില്‍ ഐ.ജി. വീരപ്പള്ളി ശ്രീനിവാസന്‍ ഐ.പി.എസായിട്ടാണ് മോഹന്‍ലാല്‍ എത്തിയത്. അജയ് ദേവ്ഗണ്‍ മല്ലിക് എന്ന ഡോണായിട്ടാണ് കമ്പനിയില്‍ അഭിനയിച്ചത്. ഈ സിനിമയിലെ മോഹന്‍ലാലിന്റെ ഒരു സീനിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ പ്രശാന്ത് അലക്സാണ്ടര്‍. ദി നെക്സ്റ്റ് 14 മിനുട്ട്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കമ്പനി എന്ന സിനിമയില്‍ നമ്മുടെ ലാലേട്ടന്‍ അഭിനയിച്ചപ്പോള്‍ അവിടെയുള്ള ആക്ടേഴ്സൊക്കെ വണ്ടറടിച്ചു പോയ ഒരു പെര്‍ഫോമന്‍സുണ്ട്. അതില്‍ ഒരു സീനില്‍ അജയ് ദേവ്ഗണ്‍ അദ്ദേഹത്തിന്റെ ഓപ്പോസിറ്റ് വന്നിരിക്കുകയാണ്. ലാലേട്ടന്‍ പൊലീസ് ഓഫീസറാണെങ്കില്‍ അജയ് ദേവ്ഗണ്‍ ഒരു ഡോണ്‍ ആണ്. ഇരുന്നയിടത്ത് നിന്ന് എഴുന്നേല്‍ക്കാതെ ആ മേശപുറത്തേക്ക് ചാരി കിടന്നിട്ടാണ് ലാലേട്ടന്‍ അയാള്‍ക്ക് ഷേക്ക് ഹാന്‍ഡ് കൊടുത്ത് പരിചയപ്പെടുന്നത്.
Also Read: എന്റെ സിനിമയ്ക്ക് വേണ്ടി ചില നടന്മാരെ സമീപച്ചിരുന്നു; ഒരാള്‍ പോലും അനുകൂല മറുപടി തന്നില്ല: ജോജു
അത് കണ്ടിട്ട് അവിടെയുള്ള ആളുകളൊക്കെ ഞെട്ടിപോയിരുന്നു. അങ്ങനെയൊരു ഷേക്ക് ഹാന്‍ഡ് ആരും കണ്ടിരുന്നില്ല. സാധാരണ ഒരു ഡോണ്‍ വരുമ്പോള്‍ എഴുന്നേറ്റ് നിന്ന് ഒന്നുനോക്കിയ ശേഷമാകും ഷേക്ക് ഹാന്‍ഡ് കൊടുക്കുക. പക്ഷെ ലാലേട്ടന്‍ വളരെ നോര്‍മലായിട്ടാണ് അത് ചെയ്തത്.
അതുകണ്ടതും എല്ലാവരും അദ്ദേഹം ഒരു ഗ്രേറ്റ് ആക്ടറാണെന്ന് പറഞ്ഞു. കാരണം അവിടെ അങ്ങനെയൊരു സിസ്റ്റമില്ല. ലാലേട്ടന്‍ ലാലേട്ടന്റെ കഥാപാത്രത്തില്‍ നിന്നുകൊണ്ടാണ് ചെയ്തത്. ഒരു ഡോണിന്റെ മുന്നില്‍ എഴുന്നേറ്റ് നില്‍ക്കേണ്ട കാര്യമില്ലല്ലോ. എന്നാല്‍ അയാള്‍ക്ക് കൊടുക്കേണ്ട റെസ്പെക്റ്റ് കൊടുക്കുകയും വേണം,’ പ്രശാന്ത് അലക്സാണ്ടര്‍ പറയുന്നു.
Content Highlight: Prasanth Alexander Talks About Mohanlal’s Acting