ധര്‍മജന്റെ സംസാരരീതി പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല: ഒരു സ്ത്രീയോടാണ് സംസാരിക്കുന്നതെന്ന ബോധം അദ്ദേഹത്തിനുണ്ടാകണമായിരുന്നു: പ്രേം കുമാര്‍

തിരുവനന്തപുരം: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയ്‌ക്കെതിരെ വിമര്‍ശനവുമായി കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍. ധര്‍മജന്‍ ബോള്‍ഗാട്ടി ന്യൂസ് 18 ചാനല്‍ അവതാരകയോട് സംസാരിച്ച രീതി പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് പ്രേംകുമാര്‍ പറഞ്ഞു.

ഒരു സ്ത്രീയോടാണ് സംസാരിക്കുന്നതെന്ന ബോധ്യം ധര്‍മജനുണ്ടാകണമായിരുന്നെന്നും അദ്ദേഹത്തിന്റെ ഭാഷയും സ്വരവും ഒന്നും ശരിയായില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു.

സമൂഹത്തെ സ്വാധീനിക്കാനും ശരിയിലേക്ക് നയിക്കാനും കഴിവുള്ളവരാണ് കലാകാരന്മാര്‍. സംസാരംകൊണ്ടും പ്രവര്‍ത്തികൊണ്ടും മാതൃകയാകേണ്ടതാണ്. ചാനല്‍ അവതാരകയോട് ധര്‍മ്മജന്‍ നടത്തിയ പ്രതികരണം വിഷമമുണ്ടാക്കുന്നതാണെന്നും പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേ സുഖമാണോ നിങ്ങളും അനുഭവിക്കുന്നത് എന്ന സുരാജ് വെഞ്ഞാറമൂടിന്റെ ചോദ്യം എന്നെ വേദനിപ്പിച്ചു: അഞ്ജലി അമീര്‍

കൂടാതെ എംഎല്‍എയും നടനുമായ മുകേഷിനെ കോണ്‍ക്ലെവില്‍ നിന്നും മാറ്റിനിര്‍ത്തുന്നതാണ് ഉചിതം എന്നും പ്രേകുമാര്‍ പറഞ്ഞു. കുറ്റാരോപിതരെ പരിപാടിയില്‍ നിന്നും മാറ്റി നിര്‍ത്തണം. ആരോപണങ്ങള്‍ നേരിടുന്നവര്‍ക്കൊപ്പം വേദി പങ്കിടാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അവര്‍ അത് തുറന്നു പറയണം. കോണ്‍ക്ലേവ് ബഹിഷ്‌കരിക്കുകയല്ല സഹകരിക്കുകയാണ് വേണ്ടതെന്നും പ്രേംകുമാര്‍ പറഞ്ഞു.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് നേരത്തെ പുറത്തു വരേണ്ടതായിരുന്നുവെന്നും, മലയാള സിനിമയില്‍ സ്ത്രീ സുഹൃത്തുക്കള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളും പരാതികളും അന്വേഷിക്കാന്‍ ഇങ്ങനെയൊരു സമിതി രൂപീകരിച്ചത് ധീരമായ നടപടിയാണെന്നും കഴിഞ്ഞ ദിവസം പ്രേംകുമാര്‍ പ്രതികരിച്ചിരുന്നു.

ന്യൂസ് 18 കേരളം ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക അപര്‍ണ കുറുപ്പിനോടാണ് ചാനല്‍ ചര്‍ച്ചയ്ക്കിടെ കഴിഞ്ഞ ദിവസം ധര്‍മജന്‍ മോശമായി സംസാരിച്ചത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ യുവനടി ഉന്നയിച്ച ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന്, നടന്‍ സിദ്ദിഖ് അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചതില്‍ പ്രതികരിക്കുന്നതിനിടെയാണ് ധര്‍മജന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചത്.

നില്‍ക്കള്ളിയില്ലാതെ A.M.M.A; ബാബുരാജിന്റെ രാജിക്കായി സമ്മര്‍ദ്ദം; സംഘടനയുടെ പ്രതിച്ഛായ മോശമാകുമെന്ന് താരങ്ങള്‍

നിങ്ങള്‍ നല്ലവളാണൊ എന്ന് ആദ്യം പറയണമെന്നും അതിന് ശേഷം താന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്നുമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞത്. താന്‍ ജനിച്ചത് ഒരച്ഛനും അമ്മക്കുമാണെന്നും നിങ്ങളുടെ ജനനം അങ്ങനെയാണോയെന്നതില്‍ സംശയമുണ്ടെന്നും പറഞ്ഞ ധര്‍മജന്‍ അമ്മ സംഘടനയെ ന്യായീകരിച്ചുകൊണ്ടാണ് ന്യൂസ് 18 ചാനലിനോട് പ്രതികരിച്ചത്.

‘അമ്മ സംഘടന നിരവധി ആളുകള്‍ക്ക് സഹായം നല്‍കിയിട്ടുള്ളതാണെന്നും അതൊന്നും അപര്‍ണയ്ക്ക് അറിയില്ലെന്നും ധര്‍മജന്‍ പറഞ്ഞു. അമ്മ സംഘടനയാണോ സിനിമാ മേഖലയിലെ പ്രശ്നങ്ങളില്‍ ശുദ്ധീകലശം നടത്തേണ്ടതെന്ന് ചോദിച്ച ധര്‍മജന്‍, ഇതില്‍ നടപടിയെടുക്കേണ്ടത് കോടതിയും പൊലീസുമാണെന്നും പറയുകയുണ്ടായി.

ചോദ്യങ്ങള്‍ ആവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകയോട് ‘നിങ്ങള്‍ കോടതിയാണോ’ എന്ന് ധര്‍മജന്‍ ഒന്നിലധികം തവണ ചോദിക്കുകയുണ്ടായി. പ്രതികരണത്തിനിടെ നീ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ധര്‍മജന്‍ അപര്‍ണയോട് പ്രതികരിച്ചത്. മര്യാദയുടെ ഭാഗമായാണ് സിദ്ദിഖ് രാജിവെച്ചത്. ആരോപണ വിധേയനായത് കൊണ്ടാണ് സിദ്ദിഖ് രാജിവെച്ചതെന്നും ധര്‍മജന്‍ പറയുകയുണ്ടായി. സിദ്ദിഖ് ഒരു മാന്യനാണെന്നും ധര്‍മജന്‍ പറഞ്ഞു.

എൺപതുകളിലെ ആ മലയാള ചിത്രം മിന്നൽ മുരളിക്ക് വലിയ പ്രചോദനമായി: ബേസിൽ ജോസഫ്

തന്നോട് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടതില്ലെന്നും താന്‍ തന്റെ പണി നോക്കണമെന്നുമാണ് ധര്‍മജന്‍ അപര്‍ണ കുറുപ്പിന് നല്‍കിയ പ്രതികരണത്തില്‍ പറയുന്നത്. അമ്മ സംഘടനയിലെ മുഴുവന്‍ അംഗങ്ങളും മോശക്കാരല്ലെന്ന് പറഞ്ഞ ധര്‍മജന്‍, നടി ആക്രമിച്ച കേസില്‍ എടുത്ത നിലപാട് വളച്ചൊടിക്കാനും ശ്രമിച്ചിരുന്നു.