ഗുരുവായൂരമ്പല നടയിലിന്റെ സെറ്റില്‍ വെച്ച് നടന്ന ആ കാര്യം കണ്ടപ്പോള്‍ ഞാന്‍ അമ്മാവന്‍ വൈബായോ എന്ന് തോന്നിപ്പോയി: പൃഥ്വിരാജ്

നടന്‍, ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമാജീവിതം തുടങ്ങിയ പൃഥ്വിരാജ് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ഈ വര്‍ഷം റിലീസായ പൃഥ്വിയുടെ രണ്ട് സിനിമകളും ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു. ആടുജീവിതത്തിലെ അഭിനയത്തിന് കരിയറിലെ മൂന്നാമത്തെ സംസ്ഥാന അവാര്‍ഡും പൃഥ്വി സ്വന്തമാക്കി.

പൃഥ്വിക്ക് ഹ്യൂമര്‍ വേഷങ്ങള്‍ ചേരില്ല എന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു ഗുരുവായൂരമ്പല നടയിലിലെ ആനന്ദന്‍. സീരിയസും കോമഡിയും ഒരുപോലെ വന്ന ആനന്ദന്‍ എന്ന കഥാപാത്രം പൃഥ്വി മികച്ചതാക്കി. താന്‍ ഈയടുത്ത് ഏറ്റവുമധികം എന്‍ജോയ് ചെയ്ത സെറ്റായിരുന്നു ഗുരുവായൂരമ്പല നടയിലേത് എന്ന് പറയുകയാണ് പൃഥ്വിരാജ്.

Also Read: മാര്‍ക്കറ്റും കഴിവുള്ള സംവിധായകരൊക്കെ എന്നെ വെച്ച് സിനിമയെടുക്കാന്‍ മുന്നോട്ടുവരുന്നല്ലോ, ഒരുപാട് സന്തോഷം: പൃഥ്വിരാജ്

പൃഥ്വിക്കും ബേസിലിനും പുറമെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ കഴിവ് തെളിയിച്ച ഒരുപിടി കലാകാരന്മാരും ഗുരുവായൂരമ്പല നടയിലിലുണ്ടായിരുന്നു. അവരുടെ വൈബില്‍ നിന്ന് നോക്കുമ്പോള്‍ താന്‍ ഒരു അമ്മാവനായിരുന്നെന്ന് പൃഥ്വിരാജ് പറഞ്ഞു. പ്രായം ഒരുപാട് ഉണ്ടെങ്കിലും അത് പുറത്തുകാണിക്കാതെ ന്യൂജെന്‍ ആയി നടന്നതുകൊണ്ട് ബേസിലിനെ ആരും അമ്മാവന്‍ കാറ്റഗറിയില്‍ പെടുത്താറില്ലെന്നും തമാശരൂപത്തില്‍ പൃഥ്വി പറഞ്ഞു.

അവരുടെ കോമഡിയും ഡയലോഗ് ഡെലിവറിയുമെല്ലാം തനിക്ക് അറിയാവുന്ന കണ്‍വെന്‍ഷണല്‍ രീതിയില്‍ നിന്ന് വ്യത്യസ്തമായിരുന്നുവെന്ന് പൃഥ്വി കൂട്ടിച്ചേര്‍ത്തു. താന്‍ സെറ്റിലെത്തുന്ന സമയത്ത് അവരെല്ലാം പെട്ടെന്ന് സൈലന്റാകുമെന്നും അതെല്ലാം കാണുമ്പോള്‍ അമ്മാവനായെന്ന് തോന്നിപ്പോകാറുണ്ടെന്ന് പൃഥ്വി പറഞ്ഞു. ഗുരുവായൂരമ്പല നടയിലിന്റെ സക്‌സസ് സെലിബ്രേഷനിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്.

Also Read: ഹെവി ക്ലൈമാക്സ്‌ വേണമെന്ന് വിജയ് പറഞ്ഞപ്പോൾ ആ സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ റീമേക്ക് നടന്നില്ല: ലാൽ ജോസ്

‘ഈയടുത്ത് ഞാന്‍ ഏറ്റവും എന്‍ജോയ് ചെയ്തത് ഗുരുവായൂരമ്പല നടയിലിന്റെ സെറ്റിലാണ്. കാരണം, ഈ ജനറേഷനിലെ ഒരുപിടി മികച്ച ആര്‍ട്ടിസ്റ്റുകള്‍ ഈ സിനിമയിലുണ്ടായിരുന്നു. അവരുടെ വ്യൂപോയിന്റില്‍ കൂടി നോക്കുമ്പോള്‍ ഞാന്‍ അമ്മാവന്‍ വൈബാണ്. ബേസിലിനും പ്രായം ഒരുപാടുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ ന്യൂജെന്‍ ആയി നടക്കുകയാണ്. അതുകൊണ്ട് അവനെ ആരും അമ്മാവന്‍ കാറ്റഗറിയില്‍ പെടുത്താറില്ല.

ഈ പുതിയ പിള്ളേരുടെ കോമഡിയും ഡയലോഗ് ഡെലിവറിയുമെല്ലാം ഞാന്‍ പഠിച്ച കണ്‍വെന്‍ഷണല്‍ രീതികളില്‍ നിന്ന് വളരെ ഡിഫറന്റാണ്. ഇന്‍സ്റ്റഗ്രാം റീലില്‍ കൂടി ഫേമസ് ആയവരാണ് അവര്‍. അതുകൊണ്ട്, ആ ഒരു രീതിയിലാണ് അവരുടെ ആക്ടിങ് സ്‌റ്റൈലും ബാക്കി കാര്യങ്ങളും. സെറ്റില്‍ ഞാന്‍ എത്തുമ്പോള്‍ അവരെല്ലാം പെട്ടെന്ന് സൈലന്റാവും, ഇതൊക്കെ കാണുമ്പോള്‍ അമ്മാവന്‍ വൈബായി എന്ന് എനിക്ക് തന്നെ തോന്നും,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj shares the funny memories during the shoot of Guruvayoor Ambalanadayil